എസ്.ജെ. സൂര്യയും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു; ഡ്രൈവിംഗ് ലൈസന്‍സ് തമിഴിലേക്ക്
Entertainment news
എസ്.ജെ. സൂര്യയും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു; ഡ്രൈവിംഗ് ലൈസന്‍സ് തമിഴിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th January 2022, 2:07 pm

സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാനടി’ലെ കോമ്പോ എസ്.ജെ സൂര്യയും ചിലമ്പരശനും വീണ്ടും ഒന്നിക്കുന്നു. മലയാളം ഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ തമിഴ് റീമേക്കിലായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമമായ ‘വലൈ പേച്ച്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാലു, സ്‌കെച്ച്, സംഗത്തമിഴന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് ചന്ദര്‍ ആയിരിക്കും സംവിധായകന്‍. മലയാളത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ചിമ്പുവും എസ്.ജെ. സൂര്യയും റീമേക്കില്‍ അവതരിപ്പിക്കുക.

റീമേക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചിമ്പു ആരാധകര്‍ വലിയ ആവേശത്തിലാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

2019ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തില്‍ എത്തിയ ഡ്രൈംവിഗ് ലൈസന്‍സ് എന്ന ചിത്രം.

സച്ചി എഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച കാര്യം നടന്‍ പൃഥ്വിരാജ് തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. രാജ് മേത്തയാണ് സെല്‍ഫിയുടെ സംവിധാനം.

ചിത്രത്തിന്റെ ഹിന്ദിയിലെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാറുകളോട് കടുത്ത ഭ്രമമുള്ള സൂപ്പര്‍ താരത്തിന്റെയും, സൂപ്പര്‍ താരത്തിന്റെ കടുത്ത ആരാധകനായ ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെയും കഥയാണ് ചിത്രം പറഞ്ഞത്.

പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മിച്ചത്. ദീപ്തി സതി, മിയ, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടായിരുന്നു.


Content Highlight: driving-licence-tamil-remake-str-sj-suryah-valai-pechu