'സംവിധായകനായിരുന്നില്ലെങ്കില്‍ ഇയാളൊരു ലോകം അറിയുന്ന ക്രിമിനലായേനെ'; ദൃശ്യം 2വിന് പിന്നാലെ ജീത്തു ജോസഫിന് അഭിനന്ദന ട്രോളുകള്‍
Entertainment
'സംവിധായകനായിരുന്നില്ലെങ്കില്‍ ഇയാളൊരു ലോകം അറിയുന്ന ക്രിമിനലായേനെ'; ദൃശ്യം 2വിന് പിന്നാലെ ജീത്തു ജോസഫിന് അഭിനന്ദന ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th February 2021, 9:48 am

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദൃശ്യം 2 കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ റിലീസായി. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്നതാണ് രണ്ടാം ഭാഗമെന്നാണ് ആദ്യം വരുന്ന പ്രതികരണങ്ങള്‍.

സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രേക്ഷകര്‍ രംഗത്തെത്തുന്നത്. ‘ഇയാള്‍ സംവിധായകന്‍ അല്ലായിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു വലിയ ക്രിമിനല്‍ ആയേനെ,’ എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ജീത്തു ജോസഫിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്രോളുകളും വീഡിയോകളും വരാന്‍ തുടങ്ങിയിട്ടുണ്ട്. റിലീസിന് മുന്‍പ് ജീത്തു ജോസഫ് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങള്‍ വെച്ചുകൊണ്ടുള്ള വീഡിയോകളാണ് പലരും ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ട്വിസ്റ്റും ടേണുകളും പ്രതീക്ഷിച്ചിരുന്നവര്‍ ദൃശ്യം 2 കാണുമ്പോള്‍ നിരാശരാകുമോയെന്ന പേടിയുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ജീത്തു പറഞ്ഞിരുന്നു. ചിത്രത്തില്‍ ഇത്രയും ട്വിസ്റ്റുകളും സസ്‌പെന്‍സും നിറച്ചുവെച്ചിട്ടും ഒന്നും അറിയാത്ത പോലെ അഭിനയിക്കുകയായിരുന്നല്ലേയെന്നാണ് പലരും ഈ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ചോദിക്കുന്നത്.

ജീത്തു ജോസഫ് എന്നെങ്കിലും ഒരു ക്രൈം ചെയ്താല്‍ കണ്ടുപിടിക്കാന്‍ കേരള പൊലീസ് ശരിക്കും ബുദ്ധിമുട്ടുമെന്നും ഇത്രയും ട്വിസ്റ്റൊക്കെ എങ്ങനെ ചിന്തിക്കാന്‍ കഴിയുന്നുവെന്നുമാണ് ചിലരുടെ കമന്റ്.

ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തില്‍ നന്ദി പറഞ്ഞുകൊണ്ട് ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ജീത്തു ജോസഫ് ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു.

ചില പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും ജീത്തു പറഞ്ഞു. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന പ്രതികരണം തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററില്‍ ഇറക്കിയിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടുമായിരുന്നെന്നും നിലവിലെ സാഹചര്യങ്ങള്‍ മൂലമാണ് തിയേറ്റര്‍ റിലീസ് സാധിക്കാതായതെന്നും ജീത്തു പറഞ്ഞു. കുടുംബങ്ങള്‍ തിയേറ്ററിലേക്ക് വരാന്‍ മടിക്കുന്നുവെന്നാണ് പലരോടും സംസാരിച്ചതില്‍ നിന്നും മനസ്സിലായതെന്നും ഇതാണ് ഒ.ടി.ടി റിലീസ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.

മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Drishyam 2 social media applauds director Jeethu Joseph with troll memes and videos