Administrator
Administrator
സര്‍ക്കസ്സ് തമ്പില്‍ നാടകം തുടങ്ങുകയായി
Administrator
Saturday 17th December 2011 9:00am

grand-circus

കോഴിക്കോട്: സംഗീതത്തിനും നാടകത്തിനും വളക്കൂറുള്ള കോഴിക്കോടിന്റെ മണ്ണില്‍ സര്‍ക്കസ്സും നാടകവും ഒരുമിക്കും. സര്‍ക്കസിന്റെ പരമ്പരാഗത കലാ-കായിക രംഗവുമായി നാടകത്തെ കൂട്ടിയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുത്തന്‍ നാടകരൂപം ഡിസംബര്‍ 17,18,19 തിയ്യതികളില്‍ സര്‍ക്കസ് കൂടാരത്തിനുള്ളില്‍ അരങ്ങേറും. ക്ലൗണ്‍സ് ആന്റ് ക്ലൗഡ്‌സ് എന്ന പേരില്‍ രൂപകല്‍പ്പന ചെയ്ത നാടകത്തിന്റെ പ്രദര്‍ശനം കോഴിക്കോട് ബീച്ചില്‍ നടന്നുവരുന്ന ഗ്രാന്റ് സര്‍ക്കസ് വേദിയില്‍ പ്രദര്‍ശിപ്പിക്കും.

ദല്‍ഹി ആസ്ഥാനമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ 26 വിദ്യാര്‍ത്ഥികളും ഗ്രാന്റ് സര്‍ക്കസിലെ 19 സര്‍ക്കസ്സ്് കലാകാരന്‍മാരുമാണ് സര്‍ക്കസ്സ് തമ്പില്‍ തിയേറ്റര്‍ പെര്‍ഫോര്‍മന്‍സിന് തയ്യാറെടുക്കുന്നത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയവിഭാഗം അസിസ്റ്റന്റ് പ്രഫസറും പ്രശസ്ത നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ അഭിലാഷ് പിള്ളയാണ് തിയേറ്ററിനെയും സര്‍ക്കസ്സിനെയും ബന്ധിപ്പിച്ച് തിയേറ്റര്‍ പെര്‍ഫോമന്‍സ് എന്ന ആശയം മുന്നോട്ടു വച്ചത്. അദ്ദേഹം തന്നെയാണ് ഈ പെര്‍ഫോമന്‍സിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും.

തങ്ങളുടെ പഠനത്തിന്റെ ഭാഗമായി ചെയ്യുന്ന ഈ പ്രോജക്റ്റ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡിസൈനിങ്, സംവിധാന വിദ്യാര്‍ത്ഥികള്‍ക്കും അഭിനയവിദ്യാര്‍ത്ഥികള്‍ക്കും പുതിയ അനുഭവപാഠമായിരിക്കും. അതുപോലെ തന്നെയാണ് സര്‍ക്കസ് കലാകാരന്‍മാര്‍ക്കും. തങ്ങളുടെ പരിശീലനം സിദ്ധിച്ച കലയെ അഭിനയത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് അവര്‍. സ്‌പേസ് ഡിസൈനിങ്ങും സഹസംവിധാനവും നിര്‍വ്വഹിക്കുന്നത് എന്‍.എസ്.ഡിയിലെ തന്നെ രാജേഷ് സിങാണ്.

grand-circus

മൂന്ന് ദിവസവും വൈകിട്ട് ഏഴിന് മാത്രമാണ് ക്ലൗണ്‍സ് ആന്റ് ക്ലൗഡ്‌സ് അരങ്ങേറുക. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ കോമാളികളും നാടക കലാകാരന്മാരും ഒന്നിക്കുന്നുണ്ട്. ജോക്കറിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് നാടകം തയ്യാറാക്കിയതെന്നും പഞ്ചതന്ത്രംകഥ, ചൈനീസ് നാടോടികഥ, കാളിദാസന്റെ മേഘദൂത് എന്നിവയെല്ലാം ഇതില്‍ കോര്‍ത്തിണക്കിയിട്ടുണ്ടെന്നും നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലെ അഭിലാഷ്പിള്ള പറഞ്ഞു.  പഞ്ചതന്ത്രം കഥകള്‍, ചൈനീസ് നാടോടിക്കഥ എന്നിവയും കാളിദാസന്റെ മേഘദൂതത്തിലെ കാവ്യങ്ങളും കൂട്ടിയിണക്കിയാണ് തിയേറ്റര്‍ പെര്‍ഫോമന്‍സിന് അഭിലാഷ് പിള്ള രംഗഭാഷ്യം ഒരുക്കിയിരിക്കുന്നത്. സര്‍ക്കസ് തമ്പിന്റെ വിശാലതയിലേക്ക് തിയേറ്റര്‍ പെര്‍ഫോമന്‍സിനെ കൊണ്ടുവരികയാണ്, ഒപ്പം ഇരുകലകളുടേയും ക്രിയാതമകമായ വിനിമയവും ഇതിലൂടെ സാധ്യമാക്കുകയാണ് അദ്ദേഹം.

മറ്റുള്ളവരെ ചിരിപ്പിച്ചുകൊണ്ടു കടന്നുപോകുമ്പോഴാണ് ഒരു ജോക്കറിന്റെ ജീവിതം പൂര്‍ണതയില്‍ എത്തുന്നത്. എന്നാല്‍ അവിടെ മരിച്ചു വീഴുന്നതോ അയാള്‍ എന്ന് വ്യക്തിയാണ്. ഓരോ പെര്‍ഫോമന്‍സിലും അയാള്‍ വീണ്ടും വീണ്ടും മരിക്കുന്നത് നാം അറിയുന്നില്ല. എന്നാലും ഷോ മുന്നോട്ട് പോകണമെങ്കില്‍ ജോക്കര്‍ കാണികളെ രസിപ്പിക്കണം, ചിരിപ്പിക്കണം. ക്ലൗണ്‍സ് ആന്റ് ക്ലൗഡ്‌സ് മുന്നോട്ട് പോകുന്നതും ഒരു ജോക്കറിന്റെ ജീവിതത്തില്‍ നിന്നു തന്നെയാണ്. കൂടാതെ ചൈനീസ് നാടോടിക്കഥയിലെ ഷ്വാഷ്വാ എന്ന പെണ്‍കുട്ടിയാണ് യത്ഥാര്‍ഥത്തില്‍ തിയേറ്ററിന്റെ ജനനി എന്ന വസ്തുതയിലേക്കും ഈ പെര്‍ഫോമന്‍സ് നമ്മെ കൊണ്ടുപോകുന്നു. തന്റെ ഇണയെ കണ്ടെത്തുന്ന ഷ്വാഷ്വ, തനിക്കുണ്ടാവുന്ന കുഞ്ഞിനെ തന്റെ തന്നെ ശരീരത്തിന്റെ ഭാഗമെന്നു വിശ്വസിക്കുന്ന ഷ്വാ-ഷ്വാ, അവസാനം തന്നില്‍ നിന്നും തന്റെ കുഞ്ഞിനെ പിതാവ് പറിച്ചെടുത്ത് കൊണ്ടുപോകുന്നതിനും അവള്‍ സാക്ഷിയാകേണ്ടി വരികയാണ്. അവിടെ നിന്നാണ് ഷ്വാഷ്വാ ഒരു കാഴ്ചക്കാരിയും അഭിനേതാവുമായി മാറുന്നത്.

സര്‍ക്കസിന്റെ സ്‌കില്‍ നടന്‍മാരിലേക്കും നടനം എന്ന കല സര്‍ക്കസ് കലാകാരന്‍മാരിലേക്കും സന്നിവേശിപ്പിക്കപ്പെടുകയാണ് ക്ലൗണ്‍സ് ആന്റ് ക്ലൗഡ്‌സിലൂടെ. രംഗാവതരണത്തിന് അനുയോജ്യമായ സംഗീതം, ശബ്ദം, പ്രകാശം, സംവിധാനം എന്നിവകൊണ്ടും ഒരു യാഥാസ്ഥിതിക തമ്പിനെ അതൊരു സര്‍ക്കസ് തമ്പല്ലെന്ന് ബോധ്യത്തിലേക്കുയര്‍ത്താനുള്ള ശ്രമവുമാണിത്. ഡിസംബര്‍ 17, 18, 19 എന്നീ ദിവസങ്ങളില്‍ രാത്രി 7നായിരിക്കും ക്ലൗണ്‍സ് ആന്റ് ക്ലൗഡ്‌സിന്റെ അവതരണം. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രന്‍ വയ്യാറ്റമ്മലിന്റെ സംഗീതത്തിന് കോറിയോഗ്രഫി ഒരുക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാക്കളായ സമുദ്രാ ഗ്രൂപ്പാണ്. ശബ്ദം നിയന്ത്രിക്കുന്നത് എ ആര്‍ റഹ്മാന്‍ ഷോകളിലും ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവര്‍ക്കും വേണ്ടി ശബ്ദം നിയന്ത്രിച്ച ടെന്നിസനാണ്. 2007ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ശ്രീകാന്ത് പ്രകാശസജ്ജീകരണത്തിലും, ഇലക്ട്ര, പഴശ്ശിരാജ, കമലഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം എന്നി ചിത്രങ്ങള്‍ക്ക് ചമയം ഒരുക്കിയ റോഷന്‍ എന്‍ ജി ചമയത്തിലും പ്രോപ്പര്‍ട്ടി ഡിസൈനിങ്ങിലും, ഫാഷന്‍ ഡിസൈനര്‍ അരുണ്‍കുമാര്‍ വസ്ത്രാലങ്കാരത്തിലും സഹായിക്കുന്നുണ്ട്. പെര്‍ഫോര്‍മന്‍സിലെ വീഡിയോ ഇഫക്റ്റ്‌സ് നല്‍കുന്നത് ഷോര്‍ട്ട് ഫിലിം സംവിധായകനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ അജുനാണ്.

കൂടാതെ ഗ്രാന്റ് സര്‍്ക്കസ്സ് ഉടമ ശ്രീ എം ചന്ദ്രന്റേയും അദ്ദേഹത്തിന്റെ മക്കളായ ഷെറിത്തിന്റേയും ഷെനിലിന്റെയും പൂര്‍ണമായ സഹായ സഹകരണങ്ങളും ഈ പ്രോജക്റ്റിനുണ്ട്. ശ്രീമതി സാവിത്രി ചന്ദ്രനാണ് പെണ്‍കുട്ടികളായ സര്‍ക്കസ് കലാകാരന്‍മാരുടെ പരിശീലന-സുരക്ഷാ ചുമതല വഹിക്കുന്നത്.

Malayalam news

Kerala news in English

Advertisement