അന്താരാഷ്ട്ര പേറ്റന്റിങ്ങ് ലോബികള്‍ ഇന്ത്യയില്‍ പിടിമുറുക്കുമ്പോള്‍
Health
അന്താരാഷ്ട്ര പേറ്റന്റിങ്ങ് ലോബികള്‍ ഇന്ത്യയില്‍ പിടിമുറുക്കുമ്പോള്‍
കെ.എം ഗോപകുമാര്‍
Wednesday, 23rd January 2019, 1:37 pm

രാജ്യത്തെ പേറ്റന്റ് ചട്ടം (ഭേദഗതി) 2018 മായി ബന്ധപ്പെട്ട കരട് ഇക്കഴിഞ്ഞ ഡിസംബര്‍ പത്താം തിയ്യതി കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തു വിടുകയുണ്ടായി. രാജ്യത്തെ നിലവിലെ പേറ്റന്റ് അപേക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ കാതലായ മാറ്റമാണ് പ്രസ്തുത ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.

പേറ്റന്റ് അപേക്ഷയുടെ നടപടി ക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്ന രണ്ടു സുപ്രധാന ഭേദഗതികള്‍ തികച്ചും ആശങ്ക ഉളവാക്കുന്നതും,നിര്‍ദ്ദിഷ്ട ഭേദഗതി പേറ്റന്റ് അപേക്ഷയുടെ തുടര്‍പ്രക്രിയകളെ ത്വരിതപ്പെടുത്തുന്നതിനോടൊപ്പം രാജ്യത്തെ പേറ്റന്റ് അനുവദിക്കല്‍ പ്രക്രിയയില്‍ ബൃഹത്തായ മാറ്റമുണ്ടാക്കുന്നതുമാണ്. ഈ മാറ്റം ഭാവിയില്‍ ഒരു പക്ഷെ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് വിലക്കുറവില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭിക്കുന്നത് അപ്രാപ്യമാക്കുവാന്‍ സാധ്യതയുണ്ട്.

വാണിജ്യ-ഉല്‍പ്പാദന മേഖലകളിലെ ഗവേഷണ-വികസന പ്രക്രിയ ദ്രുതഗതിയിലാക്കും എന്നുള്ളതാണു ഭൗതിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആദ്യം ഉയര്‍ന്നു വരുന്ന വാദം. എന്നാല്‍ പ്രയോഗത്തില്‍ ഉപഭോക്താവിനു തിരഞ്ഞെടുപ്പിനുള്ള അവസരം കുറക്കുകയും ഒപ്പം തന്നെ ആധുനിക മുതലാളിത്തത്തിന്റെ പ്രധാന അവകാശവാദമായ വാണിജ്യമേഖലയിലെ തുല്യ അവസരത്തെയും അതോടൊപ്പം ഗുണപരമായ മത്സരത്തെയും പേറ്റന്റ് പ്രതികൂലമായി ബാധിക്കുന്നു.

 

ഇതോടൊപ്പം അന്താരാഷ്ട്ര വ്യാവസായിക ഭീമന്മാര്‍ പലപ്പോഴും ഒരേ സാങ്കേതിക വിദ്യയിലൊ,തന്മാത്രാ ഘടനയിലൊ (molecular structure) നേരിയ രീതിയിലുള്ള വ്യത്യാസം വരുത്തി ഒന്നില്‍ക്കൂടുതല്‍ പേറ്റന്റുകള്‍ നേടാറുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ സാങ്കേതികമായി പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയെ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ വ്യാവസായിക ഉല്‍പ്പാദന മേഖലകളെ ആധുനിക സാങ്കേതിക വിദ്യകള്‍ നേടുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

സാങ്കേതിക വിദ്യയെ ആശ്രയിച്ച് നില്‍ക്കുന്ന ഇന്ത്യയില്‍, ദുര്‍വ്യയാത്മകമായ കണ്ടെത്തലുകള്‍ക്ക് ഇന്ത്യന്‍ പാറ്റന്റ് ആക്ട് പാറ്റന്റ് നല്‍കാതിരിക്കുകയും അത്തരം പാറ്റന്റിങ്ങുകളില്‍ നിന്ന് സോഫ്റ്റ് വെയര്‍, സസ്യങ്ങള്‍, തന്മാത്രകള്‍ എന്നിവയെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ പാറ്റന്റ് റൂളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രസ്തുത ഭേദഗതി ഇന്ത്യന്‍ പാറ്റന്റ് നിയമത്തിന്റെ ഗൗരവത്തെ ചോര്‍ത്തിക്കളയുന്നതാണ്.

അമേരിക്ക, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ പേറ്റന്റ് നിയമങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ വകുപ്പുകള്‍ കൂടുതല്‍ കണിശമാര്‍ന്നതും ഒരു പരിധി വരെ ഉല്പാദന മേഖലയിലെ കമ്പനികളുടെ കുത്തകവല്‍ക്കരണത്തെ ചെറുക്കുകയും ചെയ്യുന്നുണ്ട്.

 

ഇന്ത്യന്‍ പേറ്റന്റ് നിയമ പ്രകാരം വിദേശ കമ്പനികള്‍ക്കടക്കം അവരുടെ ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് അവകാശം നേടുന്നതിനു വേണ്ടി രാജ്യത്തെ പേറ്റന്റ് ഓഫീസിനെ സമീപിക്കാവുന്നതാണ്, എന്നാല്‍ ഇന്ത്യന്‍ പേറ്റന്റ് നിയമപ്രകാരമായിരിക്കും പേറ്റന്റ് ഓഫീസ് പ്രസ്തുത അപേക്ഷകള്‍ പരിഗണിക്കുന്നതും ആയതിനാല്‍ തന്നെ അപേക്ഷകന് സ്വന്തം രാജ്യത്ത് ഉത്പന്നത്തിനുമേല്‍ പേറ്റന്റ് ഉണ്ടെങ്കില്‍പ്പോലും ഇന്ത്യയില്‍ പേറ്റന്റ് ലഭിക്കണമെന്നില്ല.

രേഖകളിലുള്ള ഈ ഉയര്‍ന്ന നിലവാരം പലപ്പോഴും പ്രായോഗിക തലത്തില്‍ എത്രമാത്രം നിര്‍വ്വഹിക്കപ്പെടുന്നുണ്ട് എന്നത് സംശയമാണ്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ വകുപ്പുകള്‍ വലിയ തോതില്‍ ലംഘിക്കപ്പെടുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്, ലോകത്ത് ജീവന്‍ രക്ഷാമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്‌സസിബ്‌സ (Accessibsa) എന്ന ഗവേഷണ സ്ഥാപനം തങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ മരുന്നുല്പാദന രംഗത്തെ പേറ്റന്റിംഗ് നടപടികളില്‍ 72 ശതമാനത്തോളം തെറ്റായ രീതിയിലുള്ളതാണെന്നാണ്. രാജ്യത്ത് ഉണ്ടാകുന്ന ഇത്തരം നടപടികള്‍ ഉപഭൂഘണ്ഡത്തിനപ്പുറത്തേക്ക് മൂന്നാം ലോക രാജ്യങ്ങളിലടക്കം ശക്തമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്, കാരണം അന്താരാഷ്ട്ര ആരോഗ്യ സംഘടനയ്ക്ക് അടക്കം വിലകുറഞ്ഞ ഗുണനിലവാരമുള്ള മരുന്നുകള്‍ക്ക് ആശ്രയിക്കുന്നത് ഇന്ത്യന്‍ മരുന്നു വിപണിയെയാണ്.

പുത്തന്‍ ഭേദഗതി ഉയര്‍ത്തുന്ന ആശങ്കള്‍

വാണിജ്യ മന്ത്രാലയം ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ള ഭേദഗതി പ്രകാരം ഏതെങ്കിലും ഒരു കമ്പനിയൊ വ്യക്തിയൊ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ പേറ്റന്റ് ഓഫീസുമായി ഉഭയകക്ഷികരാറില്‍ എര്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു വിദേശ പേറ്റന്റ് ഓഫീസില്‍ നിന്നും പേറ്റന്റ് നേടിയിട്ടുണ്ടെങ്കില്‍ ഇന്ത്യയില്‍ പേറ്റന്റ് ഗ്രാന്റിങ്ങുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിനു വേണ്ടി ഫാസ്റ്റ് ട്രാക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

 

പ്രസ്തുത ഭേദഗതി പറയുന്നത് ഇപ്രകാരമാണ് “the applicant is eligible under an arrangement for processing an international application pursuant to an agreement between the Indian Patent Office with another participating patent office”.

സമീപകാലത്തായിരുന്നു ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് ജപ്പാന്‍ പേറ്റന്റ് ഓഫീസുമായി(JPO) അത്തരത്തിലൊരു കരാറില്‍ ഏര്‍പ്പെട്ടത്. 2018 ഒക്ടോബറില്‍ 28-29 തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ജപ്പാന്‍ സന്ദര്‍ശ്ശനത്തിനിടയില്‍ പ്രാരംഭ പ്രവര്‍ത്തനമെന്നവണ്ണം Patent Prosecution Highway (PPH) ആരംഭിക്കുവാന്‍ ജപ്പാന്‍ സര്‍ക്കാരുമായി ധാരണയാവുകയും ചെയ്തു. PPH ന്റെ ഭാഗമായി ജപ്പാനില്‍ പേറ്റന്റ് ലഭിച്ചിട്ടുള്ള വസ്തുക്കള്‍ക്ക് ഇന്ത്യയില്‍ ഫാസ്റ്റ് ട്രാക്കിങ്ങ് പേറ്റന്റ് നടപടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത സംവിധാനം വസ്തുക്കളുടെ പേറ്റന്റിങ്ങിനു യാതൊരു ഉറപ്പും നല്‍കുന്നില്ല മറിച്ച് പേറ്റന്റ് ഗ്രാന്റിങ്ങ് നടപടികളെ ത്വരിതപ്പെടുത്തുക മാത്രമാണു ചെയ്യുക.

എന്നിരുന്നാലും യഥാര്‍ഥ പ്രശ്‌നം നിലകൊള്ളുന്നത് പേറ്റന്റ് നിര്‍ണ്ണയ സംവിധാനത്തില്‍ തന്നെയാണ്.

PPH മൂലം ഇന്ത്യന്‍ പേറ്റന്റിങ്ങ് ഉദ്യോഗസ്ഥന്മാര്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുക ജപ്പാന്‍ പേറ്റന്റ് ഓഫീസ് നല്‍കുന്ന പേറ്റന്റ് റിപ്പോര്‍ട്ടില്‍ ആയിരിക്കുകയും തല്‍ക്രമം ഇന്ത്യന്‍ പേറ്റന്റ് നിയമം അനുശാസിക്കുന്ന കര്‍ശ്ശനമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വരികയും ചെയ്യും.

ഇത്തരമൊരു നടപടി ഇന്ത്യ-ജപ്പാന്‍ പേറ്റന്റ് നടപടികളെ യോജിപ്പിച്ചു നിര്‍ത്തുവാന്‍ സഹായിക്കുമെങ്കിലും ഇരു രാജ്യങ്ങളും പിന്തുടരുന്ന പേറ്റന്റിങ്ങ് നടപടികള്‍ അന്യോന്യം വ്യത്യസ്തമാണ്. പക്ഷെ ഈ കൂട്ടുകെട്ട് വിജയകരമാകുകയാണെങ്കില്‍ ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ അന്താരാഷ്ട്ര വ്യവസായിക ഭീമന്മാര്‍ നേടുന്ന പേറ്റന്റിങ്ങ് ഇന്ത്യന്‍ സാഹചര്യത്തിലുള്ള കൃത്യമാര്‍ന്നതും മേല്‍ സൂചിപ്പിച്ചതുപോലുള്ള കണിശമായ നടപടിക്രമങ്ങളെ ദുര്‍ബല പ്പെടുത്തുകയും ചെയ്യുമെന്നത് തര്‍ക്കരഹിതമായ കാര്യമാണ്.

 

അതോടൊപ്പം ഇന്ത്യന്‍ പേറ്റന്റ് നിയമം നിരോധിച്ചിട്ടുള്ള സോഫ്റ്റ് വെയര്‍, നിലവില്‍ അറിയപ്പെടുന്ന തന്മാത്ര ഘടനകള്‍ തുടങ്ങിയവയില്‍ പേറ്റന്റ് നല്‍കുന്നവയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നതായിരിക്കും. ചുരുക്കി പറയുകയാണെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നിയമം മൂലം നിഷ്‌കര്‍ഷിക്കുന്ന പേറ്റന്റിങ്ങ് നടപടികള്‍ അപ്പാടെ തിരസ്‌കരിക്കുന്നതാകും ഭരണ സംവിധാനങ്ങളുടെ പുത്തന്‍ സമീപനം.

പേറ്റന്റിങ്ങ് മാനദണ്ഡങ്ങള്‍ ലോകത്താകമാനം ഏകീകരിക്കുക വഴി വ്യത്യസ്ത പേറ്റന്റിങ്ങ് നടപടികള്‍ ഒഴിവാക്കുക എന്ന് തന്നെയാണ് വികസിത രാജ്യങ്ങളുടെ ലക്ഷ്യം. നിയമപരമായ വഴികളിലൂടെ ഇത്തരം നീക്കുപോക്കുകള്‍ ബുദ്ധിമുട്ടേറിയതായിരിക്കും എന്ന് മനസ്സിലാക്കിയതുകൊണ്ടു തന്നെയാണു അവര്‍ പിപിഎച്ച് പോലുള്ള പിന്നാമ്പുറ സംവിധാനങ്ങളിലൂടെ തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ നേടിയെടുക്കുന്നത്.

ജപ്പാന്റെ Ministry of Economy Trade and Industry (METI) വെബ്‌സൈറ്റ് പറയുന്നത് : “the Japan Patent Office (JPO) continues supporting Japanese companies to promptly acquire patents overseas, by expanding the PPH network, as well as standardizing and simplifying the procedures at IP offices worldwide.” എന്നാണ്.

ഏകോപനപ്രവര്‍ത്തനങ്ങളുടെ ഭീഷണി മനസ്സിലാക്കിയതു കൊണ്ടായിരുന്നു WIPO അടക്കമുള്ള സംവിധാനങ്ങളെ ഇന്ത്യ അന്താരാഷ്ട്ര വേദികളിലെല്ലാം എതിര്‍ത്തു പോന്നിരുന്നത്. WIPO യുടെ പത്തൊന്‍പതാം Standing Committee on Patent (SCP) (2014) ല്‍ ഇന്ത്യ അറിയിച്ചത് ഇപ്രകാരമായിരുന്നു “In: India “work sharing would create a dividing line, i.e., the offices of some countries would forever remain on the receiving side of the dividing line thus depending upon the product delivered by the other countries […], enhancement of the competence of the offices would thus be a more preferred option”.

 

ഈ വിഷയത്തെക്കുറിച്ച് അറിവുള്ള കേന്ദ്ര സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലേഖകനെ അറിയിച്ചത് പ്രസ്തുത തീരുമാനം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും ആയതിനാല്‍ തന്നെ കൂടുതല്‍ ആശങ്കപ്പെടേണ്ട എന്നുമാണ്. ഇന്ത്യന്‍ പേറ്റന്റ് നിയമം സോഫ്റ്റ് വെയര്‍ ഉല്പന്നങ്ങള്‍ക്ക് നിലവില്‍ പേറ്റന്റ് നല്‍കുന്നില്ല, ഇങ്ങനെയെങ്കില്‍ സോഫ്റ്റ്‌വെയറുകളടക്കം പേറ്റന്റ് നല്‍കപ്പെടുന്നതാണ്.

നിര്‍വ്വഹണപരമായ ഇത്തരം സഹവര്‍തിത്വം സോഫ്റ്റ് വെയറുകള്‍ക്ക് ആണെങ്കില്‍ പോലും ഭാവിയില്‍ മരുന്നുല്പാദനം അടക്കമുള്ള മേഖലകളിലേക്ക് എളുപ്പം വ്യാപിപ്പിക്കാവുന്നതും അത് ഇന്ത്യന്‍ ജനറിക്ക് മരുന്നുകളെ ആശ്രയിച്ച് കഴിയുന്ന ലോകത്താകമാനമുള്ള ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതുമാണ്.

ഇതെല്ലാം ഓര്‍മ്മവെച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി, ഇപ്പോള്‍ മുന്നോട്ടു വെച്ചിട്ടുള്ള PPH സംവിധാനവും മറ്റു ഭേദഗതിയും പുനപരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്

കടപ്പാട് : The Wire
പരിഭാഷ – കെ.ആര്‍. ഷിയാസ്

കെ.എം ഗോപകുമാര്‍
(K.M. Gopakumar is a researcher associated with the Third World Network (TWN). TWN is an independent, not-for-profit organisation that carries out policy research and advocacy on issues around trade and development, with a focus on third world countries.)