ബ്രോഡ്‌വേയിലെ നൗഷാദും ഗ്രേറ്റ തന്‍ബര്‍ഗും കവളപ്പാറയില്‍ പെയ്ത മഴയും
Kerala Flood
ബ്രോഡ്‌വേയിലെ നൗഷാദും ഗ്രേറ്റ തന്‍ബര്‍ഗും കവളപ്പാറയില്‍ പെയ്ത മഴയും
എസ്.പി രവി
Friday, 23rd August 2019, 1:34 pm

ഓരോ മലയടര് താഴേക്ക് പതിക്കുമ്പോഴും പര്‍വ്വതശരീരത്തിലുണ്ടാകുന്ന ആഴത്തിലുള്ള മുറിവിനെക്കുറിച്ച് നമുക്ക് അറിയുവാനാകുമെങ്കില്‍, എങ്കില്‍ മാത്രം നമുക്കിനിയും തിരുത്താനാകും.

ഗ്രേറ്റ തന്‍ബര്‍ഗ്ഗ്, ‘Malizia II’ എന്ന കൊച്ചുകാര്‍ബണ്‍ ന്യൂട്രല്‍ ബോട്ടില്‍ അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നു. തന്റെ കാര്‍ബണ്‍ പാദമുദ്ര (Carbon Footprint) കുറയ്ക്കുവാനായി സസ്യാഹാരം മാത്രം ഉപയോഗിക്കുകയും വിമാനത്തിലെ യാത്ര ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. അതിനാലാണ് കടല്‍ സാധാരണ പ്രക്ഷുബ്ധമാകുന്ന ഈ സമയത്ത് ഗ്രേറ്റ ബോട്ടുയാത്ര നടത്തുന്നത്.

ഗ്രേറ്റ തന്‍ബര്‍ഗ്ഗ്

സെപ്റ്റംബര്‍ 23ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ന്യൂയോര്‍ക്കില്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റില്‍ ഗ്രേറ്റ പങ്കെടുക്കും. ഡിസംബര്‍ ആദ്യവാരത്തില്‍ ചിലിയിലെ സാന്റിയാഗോയില്‍ നടക്കുന്ന വാര്‍ഷികകാലാവസ്ഥാസമ്മേളനത്തിലും (COP25) പങ്കെടുക്കും.

കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ന് ലോകത്തിനാകെ പ്രതീക്ഷയാവുകയാണ് 16 വയസ്സുകാരിയായ സ്വീഡിഷ് പെണ്‍കുട്ടി ഗ്രേറ്റ തന്‍ബര്‍ഗ്ഗ് നേതൃത്വം നല്‍കുന്ന ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍’ എന്ന കുട്ടികളുടെ സമരം. കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൈള്ളാത്തതില്‍ പ്രതിഷേധിച്ച് 2018 ആഗസ്റ്റ് 20ന് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ ഗ്രേറ്റ തുടങ്ങിയ ഒറ്റയാള്‍ സമരമാണ് ഇന്ന് 120-ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് കുട്ടികള്‍ ഏറ്റെടുത്തിരിക്കുന്നത്.

2019 സെപ്റ്റംബര്‍ 20ന് മുതിര്‍ന്നവര്‍ കൂടി പങ്കെടുക്കുന്ന Global General Strike ആഹ്വാനം ചെയ്തിട്ടുണ്ട് അവര്‍. തീര്‍ച്ചയായും കേരളം ആ സമരത്തിന്റെ ഭാഗമാകേണ്ടതാണ്.

ഗ്രേറ്റ തന്‍ബര്‍ഗ്ഗ്

തീവ്രകാലാവസ്ഥാ അനുഭവങ്ങളിലൂടെയാണ് കേരളം കാലാവസ്ഥാവ്യതിയാനത്തിന്റെ കടുത്ത വെല്ലുവിളികള്‍ ഇപ്പോള്‍ തിരിച്ചറിയുന്നത്. (കാര്‍ഷിക, ജല, ആരോഗ്യമേഖലകളിലെല്ലാം തിരിച്ചടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അത് കാലാവസ്ഥാവ്യതിയാനത്തിന്റെ കൂടി ഭാഗമാണ് എന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ല). തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അതിശക്തമായ പേമാരിയുണ്ടാവുകയും ഉരുള്‍പ്പൊട്ടലുകളായും വെള്ളപ്പൊക്കമായും ദുരിതങ്ങള്‍ പെയ്തിറങ്ങുകയും ചെയ്തതോടെ കേരളം പകച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കണ്ണീരൊപ്പാനെത്തുന്ന സ്‌നേഹപ്രവാഹം മാത്രമാണ് ഇതിനിടയിലെ ആശ്വാസം. അടിസ്ഥാനപരമായ തിരിച്ചറിവുകളും തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ട് ഈ സാഹചര്യം. ആദ്യമേ സൂചിപ്പിക്കട്ടെ, ഒട്ടും എളുപ്പമല്ല വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുകയെന്നത്. ഒറ്റമൂലികളൊന്നും നമ്മുടെ മുന്നിലില്ല.

നാളെ എങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ ഉരുത്തിരിയുക എന്നുപോലും ഒട്ടൊരു നിശ്ചയത്തോടെ പറയാനാകാത്ത അവസ്ഥ. ഇതിനകം വന്നുചേര്‍ന്നിരിക്കുന്ന പല വിനാശകരമായ മാറ്റങ്ങളും ഒരിക്കലും തിരുത്തപ്പെടാനാകാത്തതാണ് എന്നതും വലിയ പരിമിതിയാണ്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുവേണം നമുക്ക് സാധ്യതകളെക്കുറിച്ച് പരിശോധിക്കാന്‍.

പശ്ചിമഘട്ട മലനിരകള്‍

പരിസ്ഥിതിയുമായും നിലനില്‍പ്പുമായും ബന്ധപ്പെട്ട ശാസ്ത്രീയ മുന്നറിയിപ്പുകളെ തുടര്‍ച്ചയായി അവഗണിക്കുന്നതിന്റെ ചരിത്രമുണ്ട് ലോകത്തിന്. 1962 – ല്‍ പുറത്തിറങ്ങിയ റേച്ചല്‍ കാഴ്‌സന്റെ ‘സൈലന്റ് സ്പ്രിങ്’ മുതലെങ്കിലും നമ്മള്‍ പുതിയ കാലത്തെ മുന്നറിയിപ്പുകളുടെ പട്ടിക തുടങ്ങണം. അക്കൂട്ടത്തില്‍ അവസാനത്തേതല്ല ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും പുതിയതായി കണക്കാക്കാവുന്നത് 2018 ആഗസ്റ്റിലെ വെള്ളപ്പൊക്കത്തിനു ശേഷം ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ തയ്യാറാക്കിയ ദുരന്താനന്തര ആവശ്യകതകളെ സംബന്ധിച്ച് (Post Disaster Needs Assessment-PDNA) തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങള്‍ വിശകലനം ചെയ്യുന്നതിനൊപ്പം നവകേരളം എങ്ങനെയാകണമെന്ന വീക്ഷണം ഈ റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു. ശ്രദ്ധേയമായ നിരവധി നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും PDNAയിലുണ്ട്.

ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ എന്നന്വേഷിക്കാനുള്ള സമയമായിട്ടില്ലായിരിക്കാം. (ഇതിനകം ചെയ്യേണ്ടിയിരുന്ന പലതും ചെയ്തിട്ടില്ല). എന്നാല്‍ കഴിഞ്ഞ വെള്ളപ്പൊക്കക്കെടുതികള്‍ അതിരൂക്ഷമാകുന്നതില്‍ പ്രധാനപങ്ക് വഹിച്ച വിനാശകരമായ ‘വികസന’രീതികള്‍ അതേപടി തുടരുമെന്ന് പ്രവൃത്തികളിലൂടെ സര്‍ക്കാര്‍ ഉറപ്പിക്കുന്നുണ്ട്. ഏതെങ്കിലും വിഷയത്തില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തിനുശേഷം പരിസ്ഥിതിപക്ഷനിലപാടുകളിലേക്ക് മാറിയതായി കാണുന്നുമില്ല.

2018-ലെ കേരളത്തിലെ പ്രളയം

ചെയ്യേണ്ട കാര്യങ്ങളും ചെയ്യാത്ത കാര്യങ്ങളും പറയുന്നതിനു മുന്‍പായി അധികൃതര്‍ ചെയ്ത ഒരു കാര്യം സൂചിപ്പിക്കട്ടെ. വയനാട്ടിലാകെ 2018 ആഗസ്റ്റ് മാസത്തില്‍ പെയ്തതിനേക്കാള്‍ കനത്ത മഴ പെയ്യുകയും അന്നത്തേക്കാള്‍ പ്രളയജലനിരപ്പുയരുകയും ചെയ്തു ഇക്കഴിഞ്ഞ ദിവസങ്ങളില്‍. എന്നാല്‍ ബാണാസുരസാഗര്‍ ഡാമിനു താഴെ മാത്രം ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു മുന്നറിയിപ്പുമില്ലാതെ രാത്രി നേരത്ത് അണക്കെട്ട് തുറന്ന് വന്‍തോതില്‍ ജലമൊഴുക്കിവിട്ടതിനെ തുടര്‍ന്ന് വലിയ ദുരന്തമാണവിടെ ഉണ്ടായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത്തവണ പക്ഷേ നേരത്തെ ആവശ്യമായ മുന്നറിയിപ്പു നല്‍കി. തുടര്‍ന്ന് വെള്ളം കയറാനിടയുള്ള ഇടങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ശേഷം അണക്കെട്ട് നിറയുന്നതിനുമുമ്പു തന്നെ നിയന്ത്രിതമായി വെള്ളം തുറന്നുവിടുകയായിരുന്നു. ബാണാസുരസാഗര്‍ മാത്രമല്ല, അണക്കെട്ടുകള്‍ തുറന്ന എല്ലായിടത്തും ഇത്തവണ മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. വലിയ അണക്കെട്ടുകളിലും അവ നിറയുന്നതിനുമുമ്പു തന്നെ ‘കണ്‍ട്രോള്‍ഡ് റിലീസ്’ നടത്താനുള്ള തീരുമാനവുമുണ്ടായിരുന്നു.

പുറമേക്ക് കഴിഞ്ഞ വര്‍ഷത്തിലെ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നതില്‍ അണക്കെട്ടുകള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവ് തുടര്‍ച്ചയായി നിഷേധിക്കുമ്പോഴാണ് ഈ തിരുത്തല്‍ വരുത്തിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

Post Disaster Needs Assessment-PDNA റിപ്പോര്‍ട്ട്‌

നവകേരളത്തിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ PDNA മുന്നോട്ടുവെക്കുന്നുണ്ട്. സംയോജിത ജലവിഭവപരിപാലനവും പാരിസ്ഥിതിക സവിശേഷതകളും പ്രകൃതിദുരന്തസാധ്യതകളും പരിഗണിച്ചുകൊണ്ടുള്ള ഭൂവിനിയോഗവും ഗൃഹനിര്‍മ്മാണവും ഈ നിര്‍ദ്ദേശങ്ങളുടെ കേന്ദ്രസ്ഥാനത്തുണ്ട്. നദീതടപരിപാലനത്തിനായി പരിസ്ഥിതിസംരക്ഷണത്തിലും പുന:സ്ഥാപനത്തിലും അധിഷ്ഠിതമായി ‘റൂം ഫോര്‍ റിവര്‍’ മാതൃക ശുപാര്‍ശ ചെയ്യുന്നു.

വൃഷ്ടിപ്രദേശങ്ങളിലെ വനസംരക്ഷണം ഉറപ്പുവരുത്തുക, പ്രളയജലനിരപ്പ് കുറയ്ക്കാനായി പുഴകള്‍ക്ക് ഒഴുകുവാനുള്ള ഇടം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളും പറയുന്നു. തീരദേശപരിപാലനത്തിന് സവിശേഷപ്രധാന്യം നല്‍കണം എന്ന് PDNA പറയുന്നു.

പ്രളയതടങ്ങളില്‍ നിന്നും മലഞ്ചെരിവുകളില്‍ നിന്നും അകന്ന് അനുയോജ്യമായ ഇടങ്ങളില്‍ മാത്രമേ ഗൃഹപുനര്‍നിര്‍മ്മാണം നടത്താവൂ എന്നാണ് PDNA പറയുന്നത്. കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കുന്ന ബദല്‍ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണം. പുനര്‍നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പ് ഒരു ‘Integrated Strategic Environmental Impact Assessment’ നടത്തണമെന്ന വളരെ ശ്രദ്ധേയമായ നിര്‍ദ്ദേശം പൂര്‍ണ്ണമായും തള്ളിക്കളയുകയായിരുന്നു നമ്മള്‍. നെല്‍വയലുകളെ ഭൂജലപരിപോഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി സംരക്ഷിക്കണം എന്ന് റിപ്പോര്‍ട്ട് പറയുന്നു.

നമ്മുടെ ഉപഭോഗസംസ്‌കാരവും പാരിസ്ഥിതികപാദമുദ്രയും തമ്മിലുള്ള ബന്ധം സംബന്ധിച്ച ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴത്തെ ഉപഭോഗരീതികളുടെ പാരിസ്ഥിതികപാദമുദ്ര സംസ്ഥാന, ദേശ അതിര്‍ത്തികള്‍ക്ക് പുറത്തേക്ക് കടക്കുന്നുണ്ടെന്നും അത് നിയന്ത്രിക്കാനാവശ്യമായ വിശകലനങ്ങളും നടപടികളും ഉണ്ടാകണമെന്നും PDNA പറയുന്നു. (കേരളം വികസിക്കുന്നതില്‍ സാമ്രാജ്യശക്തികള്‍ക്കുള്ള അസൂയ എന്നെല്ലാമുള്ള തിയറി ഈ നിര്‍ദ്ദേശത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെടാനിടയുണ്ട്. സത്യം ചിലര്‍ക്കെങ്കിലും ദഹിക്കില്ലല്ലോ.)

നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യമല്ലാത്തതും വന്‍തോതില്‍ ഊര്‍ജ്ജോപഭോഗം വര്‍ദ്ധിപ്പിക്കുന്നതുമായ ‘ആധുനിക’ നിര്‍മ്മാണരീതികളെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട്, ബ്രിട്ടീഷ് മാതൃകയില്‍ ഓരോ കെട്ടിടവും നിര്‍മ്മിക്കുമ്പോഴും അതിന്റെ കാര്‍ബണ്‍ പാദമുദ്ര കണക്കാക്കുന്ന രീതി ഉണ്ടാകണമെന്നു പറയുന്നുണ്ട്.

ഹരിതസാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശികതലത്തില്‍ സഹകരണസംഘങ്ങളുടെ മാതൃകയില്‍ ഹരിതസാങ്കേതികവിദ്യാകേന്ദ്രങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. 2030-ഓടെ ഗാര്‍ഹിക, വാണിജ്യമേഖലകളിലെ വൈദ്യുതി ഉപഭോഗം പൂര്‍ണ്ണമായി സൗരോര്‍ജ്ജത്തിലേക്ക് മാറുവാനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

ദുരന്തസാധ്യതാമേഖലകളെ സംബന്ധിച്ച് വിശദമായ ഭൂപടങ്ങളുടെ ആവശ്യകതയെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചും ദുരന്താനന്തര പാരിസ്ഥിതിക പഠനത്തെക്കുറിച്ചുമെല്ലാം പ്രസ്തുത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നുണ്ട്. PDNA യില്‍ നിന്ന് ‘റീബില്‍ഡ് കേരളാ ഡെവലപ്പ്‌മെന്റ് പ്ലാനിലേക്ക് (RKDP )വരുമ്പോള്‍ പാരിസ്ഥിതിക വിഷയങ്ങളില്‍ കാര്യമായ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്.

എങ്കിലും ദുരന്തസാധ്യത കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങളെ സംബന്ധിച്ചും മുന്‍കരുതലുകളെക്കുറിച്ചുമെല്ലാം ഇവിടെയും പറയുന്നുണ്ട്. മലയിടിച്ചിലും ഉരുള്‍പ്പൊട്ടലും വര്‍ദ്ധിപ്പിക്കുന്നതില്‍ റോഡ് നിര്‍മ്മാണത്തിനുള്ള പങ്ക് വ്യക്തമായിത്തന്നെ പറയുന്നുണ്ട്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് സര്‍ക്കാരിന് അഥവാ തൊട്ടുകൂടായ്മയുണ്ടെങ്കിലും പരിസ്ഥിതിപക്ഷ പുരോഗതിക്കായി മറ്റ് നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ് എന്ന് സൂചിപ്പിക്കാനാണ് PDNA യെക്കുറിച്ച് ഇത്രയുമെഴുതിയത്. കൂട്ടത്തില്‍ കേരളത്തില്‍ത്തന്നെ തയ്യാറാക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കേണ്ടതുണ്ട്.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌

2012 ഡോ. വി.എസ് വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സാമൂഹികപ്രവര്‍ത്തകരും വിദഗ്ദ്ധരുമായ 32 പേര്‍ ചേര്‍ന്ന് കേരളത്തിന് ഒരു Green Development Agenda തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെയുള്ളവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇന്നും വളരെ പ്രസക്തമാണീ റിപ്പോര്‍ട്ട്. (അടുത്ത മാസം ഡിസി ബുക്‌സ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.)

പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാനാണ് പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിശാസ്ത്രജ്ഞരും മറ്റു വിദഗ്ദ്ധരുമടങ്ങുന്ന 14 അംഗസമിതിയെ നിയോഗിച്ചത്. ശാസ്ത്രത്തോട് 100 ശതമാനം സത്യസന്ധത പുലര്‍ത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രണ്ടാം വെള്ളപ്പൊക്കത്തിന് ശേഷം ഈ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. നേരത്തെ എതിര്‍പ്പുകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പുതിയ ചില വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുമുണ്ട്. അതീവപരിസ്ഥിതിലോലമെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ഇടങ്ങളില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ഇന്ന് പൊതുസമൂഹം കൃത്യമായി തിരിച്ചറിയുന്നുണ്ട്.

പശ്ചിമഘട്ടമലനിരകളില്‍ അവിടുത്തെ പാരിസ്ഥിതിക സവിശേഷതകള്‍ക്കനുസരിച്ച് ജീവിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഈ റിപ്പോര്‍ട്ട് ഇനിയേറെ കാലം കേരളത്തിന് അവഗണിക്കാനാകില്ല. ഇവിടെ ശ്രദ്ധിക്കേണ്ടത് നമ്മുടെ എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല ഈ റിപ്പോര്‍ട്ട് എന്നതാണ്.

ഇതില്‍ പറയുന്നതും പറയാത്തതുമായ നിരവധി നടപടികള്‍ നമുക്ക് വേണ്ടിവരും. മറ്റൊന്ന്, 8 വര്‍ഷം മുമ്പ് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അന്ന് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നത്ര ഫലപ്രാപ്തി ഇനി നടപ്പാക്കുമ്പോള്‍ ഉണ്ടാകില്ല എന്നതാണ്. കാലാവസ്ഥയിലും ഭൂവിനിയോഗത്തിലും ഈ കാലയളവില്‍ വന്ന മാറ്റങ്ങള്‍ മൂലമാണത്.

ഇനിയും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമ്മള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതെങ്കില്‍ ഫലപ്രാപ്തി പിന്നെയും കുറയും. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിന്റെയും വ്യാപകമായ ഉരുള്‍പ്പൊട്ടലുകളുടെയും പശ്ചാത്തലത്തില്‍ ചില വിഷയങ്ങള്‍ സവിശേഷമായി പരിശോധിക്കാം.

നമ്മുടെ കാലാവസ്ഥ (Weather) മാറുകയാണ്. ഈ മാറ്റങ്ങളെ കാലാവസ്ഥാവ്യതിയാനത്തിന്റെ (Climate Change) ഗണത്തില്‍പ്പെടുത്തണമോ വേണ്ടയോ എന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കാലാവസ്ഥാശാസ്ത്രജ്ഞര്‍ തമ്മില്‍ തീര്‍ക്കട്ടെ. പക്ഷേ നമ്മുടെ മഴയുടെ രീതികള്‍ മാറുകയാണെന്നും അന്തരീക്ഷതാപനില ഉയരുകയാണെന്നും അന്തരീക്ഷ ആര്‍ദ്രത കുറയുകയാണെന്നും അനുഭവങ്ങളിലൂടെ ജനങ്ങള്‍ക്ക് പറയാനാകും.

ഇടവപ്പാതിയില്‍ തുടങ്ങുന്ന കാലവര്‍ഷവും ഇടിവെട്ടിപ്പെയ്യുന്ന തുലാവര്‍ഷവും മീനച്ചൂടിന് ഇടയ്ക്കല്പം ശമനം വരുത്തിയിരുന്ന വേനല്‍ മഴയും പുതിയ സഹസ്രാബ്ദത്തില്‍ പഴയ താളത്തില്‍ കണ്ടിട്ടില്ല. തൊട്ടുമുന്‍പത്തെ ദശകങ്ങളെ അപേക്ഷിച്ച് അനാവൃഷ്ടിയുണ്ടാകുന്ന വര്‍ഷങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

മണ്‍സൂണ്‍ തുടങ്ങുന്നത് പലപ്പോഴും വൈകുന്നു, ജൂണ്‍ മാസത്തില്‍ പലപ്പോഴും മഴ കുറയുന്നു. ചിങ്ങം, കന്നി മാസങ്ങളില്‍ ചില വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നു. തുലാവര്‍ഷം പലപ്പോഴും തീരെ ശുഷ്‌കിച്ചുപോകുന്നു. മഴദിനങ്ങള്‍ കുറയുന്നു, പക്ഷേ പെയ്യുന്ന മഴയുടെ ശക്തി കൂടുന്നു. പഴയ രീതിയിലുള്ള മഴക്കാലം ഇനി നമുക്ക് പ്രതീക്ഷിക്കാനാകുമോ എന്ന് സംശയമാണ്.

കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലായിലുമെല്ലാം അധികമഴ പെയ്തുനിന്ന മണ്ണിലേക്കാണ് ആഗസ്റ്റില്‍ രണ്ടുവട്ടമായി പെരുമഴ പെയ്തിറങ്ങിയത്. ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വലിയ മഴക്കുറവനുഭവപ്പെട്ട ശേഷമാണ് ആഗസ്റ്റ് ആദ്യപകുതിയില്‍ 2018-മായി താരതമ്യപ്പെടുത്താവുന്ന വിധം അതിശക്തമായ മഴ പെയ്തത്. 24 മണിക്കൂറില്‍ മുപ്പതും നാല്പ്പതും സെന്റീമീറ്റര്‍ മഴ സംസ്ഥാനത്ത് അത്ര അസാധാരണമല്ലാതാകുന്നു എന്ന സൂചനയാണ് ഈ രണ്ടു വര്‍ഷങ്ങളിലെ അനുഭവം നല്‍കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിസ്ഥിതി പുന:സ്ഥാപനപ്രവര്‍ത്തനങ്ങളിലൂടെയും ശരിയായ ജലപരിപാലനത്തിലൂടെയും പ്രളയനിയന്ത്രണം ഒരു പരിധി വരെ സാധ്യമാക്കാനാകും. എന്നാല്‍ നിലവില്‍ പുഴകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഒന്നിലധികം ദിവസം തുടര്‍ച്ചയായി 20 സെന്റീമീറ്ററിനു മുകളിലുള്ള മഴ പെയ്താല്‍ വെള്ളപ്പൊക്കം ഒഴിവാക്കുക എളുപ്പമാകില്ല.

ഇവിടെ പ്രളയജലനിരപ്പ് എത്ര ഉയരാമെന്നും അത് ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കാമെന്നും ഉള്ള അറിവാണ് വേണ്ടത്. അതിന് വ്യത്യസ്തമായ മഴയിലും നീരൊഴുക്കിലും ഉണ്ടാകാവുന്ന ജലനിരപ്പ് സംബന്ധിച്ച ഫ്‌ളഡ്‌മോഡല്‍, പ്രളയസാധ്യതാമേഖലകള്‍ രേഖപ്പെടുത്തിയ ഭൂപടം എന്നിവ പ്രധാനമാണ്. 2008- കേന്ദ്രദുരന്തനിവാരണ അതോറിറ്റി പ്രളയം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇത്തരം ഭൂപടങ്ങള്‍ തയ്യാറാക്കുന്നതിനെക്കുറിച്ചും വിവിധ തലങ്ങളില്‍ ഫ്‌ളഡ് മാനേജ്‌മെന്റ് പ്ലാനുകള്‍ (FMP) തയ്യാറാക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വലിയ വെള്ളപ്പൊക്കത്തിനു ശേഷം പോലും കേരളത്തില്‍ ഒരു പുഴയിലും ഇത്തരം ഭൂപടമോ FMPയോ ഇല്ല. അണക്കെട്ടുകള്‍ ഉള്ള പുഴകളില്‍ അവ കൈകാര്യം ചെയ്യുന്നതും പ്രധാനമാണ്. വലിയ മഴ പെയ്യുന്ന സമയങ്ങളില്‍ തത്സമയനിരീക്ഷണവും വിലയിരുത്തലും വളരെ സഹായകരമാണ്.

കഴിഞ്ഞ വര്‍ഷം വളരെ വലിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ചാലക്കുടിപ്പുഴത്തടത്തില്‍ ഇത്തവണ തത്സമയനിരീക്ഷണം ഫലപ്രദമായി നടന്നിരുന്നു. കൊച്ചി സര്‍വ്വകലാശാലയിലെ ഡോ. എസ്.അഭിലാഷിന്റെ നേതൃത്വത്തിലുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ പ്രവര്‍ത്തനം ഇവിടെ എടുത്തു പറയേണ്ടതാണ്. IMD ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ പ്രവചനങ്ങളും സ്വന്തം നിരീക്ഷണങ്ങളും ചേര്‍ത്ത് അവര്‍ നടത്തിയ മഴ സംബന്ധിയായ പ്രവചനങ്ങള്‍ ഏറെ വിശ്വസനീയവും ഫലപ്രദവുമായിരുന്നു.

ഒരു ദിവസത്തില്‍ത്തന്നെ പലവട്ടം വിവരങ്ങള്‍ ലഭ്യമാക്കിയിരുന്ന ഇവര്‍ തങ്ങളുടെ ഭൂമിശാസ്ത്രപരമായ അറിവുകള്‍ ഉപയോഗപ്പെടുത്തി കഴിയാവുന്ന സ്ഥലങ്ങളില്‍ പ്രാദേശികതലത്തില്‍ തന്നെ മഴ പ്രവചിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പഴി കേട്ടതിനാലാകാം, IMD ഇത്തവണ ചിലപ്പോഴെങ്കിലും അധികമഴയാണ് പ്രവചിച്ചിരുന്നത്. അവിടെ CUSATന്റെ വിലയിരുത്തലുകള്‍ ആശ്വാസം പകരുന്നതായിരുന്നു.

വൈദ്യുതിബോര്‍ഡില്‍ നിന്നും ജലസേചനവകുപ്പില്‍ നിന്നും അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ചും നീരൊഴുക്ക് സംബന്ധിച്ചും ഉള്ള വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നതും വിലയിരുത്തല്‍ സുഗമമാക്കി. പ്രാദേശികതലത്തില്‍ മഴ സംബന്ധിച്ചും പുഴയിലെ ജലനിരപ്പിനെ സംബന്ധിച്ചും ചാലക്കുടി പുഴ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടിരുന്നു.

ഇവയുടെ അടിസ്ഥാനത്തില്‍ സമിതി വെള്ളപ്പൊക്ക സാധ്യതകള്‍ വിലയിരുത്തുകയും അത് ത്രിതലപഞ്ചായത്തുകളും പൊതുസമൂഹവുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പരിമിതികള്‍ക്കകത്തുനിന്നു നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സ്വീകാര്യത ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജനങ്ങള്‍ക്ക് പുഴയെയും വെള്ളപ്പൊക്ക സാധ്യതകളെയും സംബന്ധിച്ച് അറിയുവാനുള്ള ഒരു കൂടിയിരിപ്പ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും.

ഡാറ്റയുടെ അഭാവത്തിലും മീനച്ചിലാറില്‍ മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മഴയെയും പുഴയിലെ ജലനിരപ്പിനെയും സംബന്ധിച്ച പ്രാദേശിക നിരീക്ഷണങ്ങളുടെ പങ്കുവെയ്പ് നടന്നിരുന്നു.

സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി പറയുന്നത് കേരളത്തിലെ 39 ദുരന്തസാധ്യതകളില്‍ ഏറ്റവും പ്രധാനം വെള്ളപ്പൊക്കമാണെന്നാണ്. സംസ്ഥാനത്തിന്റെ 14 ശതമാനം പ്രദേശങ്ങളില്‍ വെള്ളപ്പൊക്കസാധ്യതയുണ്ടെന്നാണ് അവര്‍ കണക്കാക്കിയിരുന്നത്. 2018-ലെയും 2019-ലെയും വെള്ളപ്പൊക്കം കഴിഞ്ഞതോടെ 14 ശതമാനം എന്നത് വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നുറപ്പ്. പക്ഷേ, 2018-ലെ വെള്ളപ്പൊക്കത്തിനുശേഷവും ഒരു പുഴയിലും പ്രളയസാധ്യതാമേഖലകളടങ്ങുന്ന വിശദമായ ഭൂപടം തയ്യാറാക്കുകയോ ഫ്‌ളഡ് മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുകയോ ചെയ്തതായി അറിവില്ല.

ഇനിയെങ്കിലും ഇതിനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രളയനിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ താല്പര്യം തന്നെ ചോദ്യം ചെയ്യപ്പെടും. കരിങ്കല്‍ ക്വാറികളുടെ കാര്യത്തില്‍ പക്ഷേ സര്‍ക്കാരിന്റെ താല്പര്യം ഏതുപക്ഷത്താണെന്ന് ഉറപ്പാക്കുന്നതാണ് ഇന്ന് (21-08-2019), അതിശക്തമായ മഴയില്‍ മലയിടിച്ചില്‍ വ്യാപകമായപ്പോള്‍ നിര്‍ത്തിവെച്ച ക്വാറികള്‍ തുറക്കുവാന്‍ ഉത്തരവിറങ്ങിയത്.

വ്യാപകമായി മലയിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്നതില്‍ ക്വാറികള്‍ക്കുള്ള പങ്ക് ഒരു പക്ഷേ സംസ്ഥാനസര്‍ക്കാരിനും മൈനിങ് ആന്റ് ജിയോളജി വകുപ്പിനും ക്വാറി മുതലാളിമാര്‍ക്കും മാത്രമേ അറിയായ്കയുള്ളൂ. പശ്ചിമഘട്ടത്തില്‍ പലയിടത്തും രണ്ടുദിവസം അതിശക്തമായി മഴ പെയ്താല്‍ മലയിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടാകാം എന്ന അവസ്ഥ സൃഷ്ടിച്ചത് അവിടുത്തെ ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റങ്ങളാണ്.

മഴവെള്ളം എങ്ങനെ ഇപ്പോള്‍ മുഴുവനായും മലവെള്ളമാകുന്നു എന്ന് ഡോ. സതീഷ് ചന്ദ്രന്‍ ഭംഗിയായി വിശദീകരിച്ചിട്ടുണ്ട്. ഈ മലവെള്ളത്തോടൊപ്പം ഇടനാട്ടിലെ പെയ്ത്തുവെള്ളവും മുഴുവനായും പുഴയിലെത്തുന്നതോടെയാണ് പ്രളയജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. നേരത്തെ ഈ പെയ്ത്തുവെള്ളത്തില്‍ നല്ലാരു ഭാഗം നെല്‍പ്പാടങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും സംഭരിക്കപ്പെടുകയായിരുന്നു.

ഇവിടെ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഒരു കണക്ക് പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ 1978-നു ശേഷമുള്ള മൂന്നുപതിറ്റാണ്ടില്‍ ആറരലക്ഷം ഹെക്ടര്‍ നെല്‍വയലുകളാണല്ലോ നഷ്ടമായത്. ഈ നെല്‍വയലുകള്‍ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തെ എങ്ങനെ സ്വാധീനിക്കുമായിരുന്നു എന്നുനോക്കാം.

2018 ആഗസ്റ്റ് 15, 16, 17 തിയ്യതികളില്‍ സംസ്ഥാനത്തെ നദികളിലൂടെ 12,057 ദശലക്ഷം ഘനമീറ്റര്‍ ജലം ഒഴുകിയെന്നാണ് കേന്ദ്രജലകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. (Study Report- Kerala Floods of August 2018, CWC, September 2018). നമ്മുടെ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, അവ ശരാശരി അരമീറ്റര്‍ പെയ്ത്തുവെള്ളം സംഭരിച്ചിരുന്നെങ്കില്‍ 3250 ദശലക്ഷം ഘനമീറ്റര്‍ സംഭരിക്കാനാകുമായിരുന്നു. ഇത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വളരെ വലിയ അളവില്‍ കുറയ്ക്കുമായിരുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ ഇടുക്കിക്ക് പിന്നില്‍ ശരാശരിയേക്കാള്‍ അധികമഴ ലഭിച്ച രണ്ടാമത്തെ ജില്ല പാലക്കാടായിരുന്നു. 74 ശതമാനം അധികമഴയാണവിടെ കിട്ടിയത്. എന്നാല്‍ മലമ്പുഴ അണക്കെട്ടു തുറന്നുവിട്ടതുമായി ബന്ധപ്പെട്ട് അതിനു തൊട്ടുതാഴെയുണ്ടായ വെള്ളപ്പൊക്കം മാറ്റിവെച്ചാല്‍ ജില്ലയില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായില്ല എന്നത് ഇതിനൊപ്പം കൂട്ടിവായിക്കണം.

ഈ വര്‍ഷം ആഗസ്റ്റ് 8ന് ആലത്തൂരില്‍ 40 സെന്റീമീറ്ററിനടുത്ത് മഴ പെയ്തിട്ടും ഗായത്രിപ്പുഴയില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായില്ലെന്നതിലും അവിടെ അവശേഷിക്കുന്ന നെല്‍വയലുകളുടെ പങ്ക് വലുതാണ്.

ഏതു ഭൂമിയിലും എന്തു പ്രവൃത്തിയും ചെയ്യാമെന്ന തികച്ചും അശാസ്ത്രീയവും അപകടകരവുമായ പ്രവണതയില്‍ നിന്ന് നമ്മള്‍ മാറിയേ തീരൂ. പാരിസ്ഥിതിക, ഭൗമശാസ്ത്ര സവിശേഷതകളും ഭൂഘടനയും സാമൂഹികവശങ്ങളും കണക്കിലെടുത്ത് വേണം ഓരോ ഇടത്തിലും ചെയ്യാവുന്ന പ്രവൃത്തികള്‍ നിശ്ചയിക്കാന്‍. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഭൂവിനിയോഗനയം നമുക്ക് അനിവാര്യമാണ്. ദുരന്തസാധ്യതകളും ഇവിടെ പ്രധാന പരിഗണനാവിഷയമാകണം.

വന്‍ദുരന്തങ്ങള്‍ ഏതുസമയത്തും സംഭവിക്കാവുന്ന മേഖലയാണ് തീരദേശം. കടല്‍ ജലനിരപ്പുയരുന്നതുള്‍പ്പെടെ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും സംസ്ഥാനത്ത് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് തീരദേശത്തും പശ്ചിമഘട്ടത്തിലുമാണ്. ഏറ്റവും ജനസാന്ദ്രത കൂടിയ തീരദേശമേഖല ഇന്ന് നേരിടുന്നതും നാളെ നേരിടാനുള്ളതുമായ പ്രശ്‌നങ്ങളെ സംബന്ധിച്ച് അവിടുത്തെ ജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ സമഗ്രപഠനം നടത്തണം.

അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാരപ്രവൃത്തികളും ഉണ്ടാകണം. നമ്മുടെ ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന്റെ പ്രധാനഘടകമാകണം ഇത്. കൂട്ടത്തില്‍ പറയട്ടെ 2013- ല്‍ തയ്യാറാക്കി അലമാരയില്‍ വച്ച് പൂട്ടിയിരിക്കുന്ന Kerala State Climate Action Plan ഇവിടെ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ഒട്ടും പര്യാപ്തമല്ല. പൊതുസമൂഹവുമായും വിദഗ്ദ്ധരുമായും വിശദമായ ചര്‍ച്ചകളിലൂടെ അത് പൊളിച്ചെഴുതണം.

കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ കേരളത്തിന് ഏറ്റവും കരണീയമായിട്ടുള്ളത് പശ്ചിമഘട്ടമലനിരകളിലെ പരിസ്ഥിതി പുന:സ്ഥാപനമാണ് എന്ന് ഇവിടെ അടിവരയിട്ട് പറയേണ്ടതുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പക്ഷം ഇത് ഈ മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ തൊഴിലും ഉപജീവനവും ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാകും.

പശ്ചിമഘട്ട മലനിരകള്‍

കേരളത്തിന്റെ നിലനില്പ്പിന്റെ അടിസ്ഥാനഘടകമായ ഈ മലനിരകളെക്കുറിച്ച് പ്രൈമറിതലം മുതല്‍ തന്നെ കുട്ടികളെ പഠിപ്പിക്കണം എന്ന മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ വിജു.ബിയുടെ നിര്‍ദ്ദേശം ശ്രദ്ധേയമാണ്.

നാല്പ്പത്തഞ്ചും അറുപതും മീറ്റര്‍ വീതിയില്‍ത്തന്നെ ഹൈവേ വികസിപ്പിക്കണം എന്ന പിടിവാശിയില്‍ നിന്ന് അധികൃതര്‍ പിന്‍മാറിയാല്‍ നമുക്ക് നിരവധി മലകളെ രക്ഷിക്കാം. സ്വകാര്യസംരംഭകനു മാത്രം ലാഭം നല്‍കുന്ന വിഴിഞ്ഞം പദ്ധതി പുന:പരിശോധിക്കുമോ? പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കെട്ടിപ്പൊക്കുന്ന കൊട്ടാരങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാകുമോ? ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ഇവയ്ക്കുള്ള ഉത്തരങ്ങളാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കുക.

കേരളം അതീവഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം. 637 ചതുരശ്ര കിലേമീറ്ററാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. പൂര്‍ണ്ണസംഭരണശേഷിയില്‍ (152 അടി) ഇവിടുത്തെ ലൈവ് സ്റ്റോറേജ് 300 ദശലക്ഷം ഘനമീറ്ററിനടുത്താണ് മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രണ്ടുദിവസം തുടര്‍ച്ചയായി 30 സെന്റീമീറ്റര്‍ മഴ ലഭിച്ചാല്‍ ഉണ്ടാകാവുന്ന നീരൊഴുക്ക് (80% Run off) 305 ദശലക്ഷം ഘനമീറ്ററാണ് അപകടസാധ്യതയെക്കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോ.

ബ്രോഡ്‌വേയിലെ നൗഷാദ് ഒരു പ്രതീകമാണ്. നിലമ്പൂരിലേക്കും വയനാട്ടിലേക്കും ആളായും അര്‍ത്ഥമായും സഹായങ്ങള്‍ ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ് ആ നന്‍മകള്‍ തീര്‍ച്ചയായും നല്ല ഭാവി അര്‍ഹിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ആവര്‍ത്തിക്കുന്ന ഈ ദുരന്തങ്ങള്‍ നമ്മെ തിരുത്തലുകള്‍ക്ക് പ്രേരിപ്പിക്കും എന്ന് ആഗ്രഹിക്കാം.

മണ്ണിനെയും ജലത്തെയും പ്രകൃതിയെയും കാലാവസ്ഥയെയും അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നിലനില്‍പ്പിന്റെ പുതിയ പാത നമ്മള്‍ കണ്ടെത്തുമെന്ന് പ്രത്യാശിക്കാം.

WATCH THIS VIDEO:

എസ്.പി രവി
ചാലക്കുടി പുഴ സംരക്ഷണസമിതി സെക്രട്ടറി