വോട്ട് ചെയ്യാനെത്തുന്നവരെ ജയിലില്‍ അടയ്ക്കുന്ന നിയമനിര്‍മ്മാണത്തെക്കുറിച്ച് എന്നുമുതലാണ് രാജ്യം കേട്ടിട്ടുള്ളത്
D' Election 2019
വോട്ട് ചെയ്യാനെത്തുന്നവരെ ജയിലില്‍ അടയ്ക്കുന്ന നിയമനിര്‍മ്മാണത്തെക്കുറിച്ച് എന്നുമുതലാണ് രാജ്യം കേട്ടിട്ടുള്ളത്
ഡോ. ഫിലോസ് കോശി
Tuesday, 23rd April 2019, 5:04 pm

സ്വന്തം വോട്ട് കൃത്യമായി തന്നെയാണ് രേഖപ്പെടുത്തുന്നത് എന്ന് നിശ്ചയിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് എന്ന് വ്യക്തമാക്കിയാണ്, വോട്ട് പേപ്പര്‍ പ്രദര്‍ശിപ്പിക്കുന്ന വിവിപാറ്റ് സംവിധാനം നടപ്പിലാക്കാന്‍ 2013-ല്‍ സുപ്രീം കോടതി ഉത്തരവിടുന്നത്. എന്നാല്‍ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാരുടെ നിയമശാസകമായ കൃത്യതാനിര്‍ണയാവകാശത്തെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

ജനാധിപത്യത്തിലെ അതീവ പ്രധാനമായ വോട്ട് കൃത്യതാനിര്‍ണയാവകാശത്തെ (right to verify the vote ) തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ അധികാരകേന്ദ്രങ്ങളും ആസൂത്രിതമായി ദുര്‍ബലമാക്കുകയും തകര്‍ക്കുകയും ചെയ്യുന്നതു തെളിയിക്കുവാനായി ഒളിക്യാമറ ദൃശ്യങ്ങളും സാങ്കേതിക പ്രദര്‍ശനങ്ങളും ആവശ്യമില്ല. മറിച്ച്, ഇ.വി.എം-വിവിപാറ്റ് അധിഷ്ഠിതമാക്കി തെരഞ്ഞെടുപ്പ് നടത്തുന്നതിനായി രൂപീകരിച്ച നടപടിക്രമങ്ങളുടെയും നിയമാവലികളുടെയും രേഖകള്‍ തന്നെയാണ് അതിന്റെ സാക്ഷ്യപത്രം. തെരഞ്ഞുടുപ്പു നിര്‍വഹണ ചട്ടത്തിലെ (2013 ഭേദഗതി ) (the Conduct of Election (Amendment) Rules, 2013) പല വകുപ്പുകളും കുറ്റകൃത്യത്തിന്റെ സുവ്യക്തമായ തെളിവുനല്‍കുന്നവയാണ്.

അതിലേറേ പ്രധാനപ്പെട്ടതാണ്, സെക്ഷന്‍ 49MA. വോട്ടിങ് പ്രക്രിയയുടെ പ്രാഥമിക പടിയായി, വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍, നമ്മുടെ വോട്ട് സുതാര്യമാക്കുന്നതിനും ശരിയായാണ് രേഖപ്പെടുത്തപ്പെട്ടതു എന്ന് തീര്‍ച്ചയാകുന്നതിനുമായി വിവിപാറ്റ് യന്ത്രത്തില്‍ ഒരു പേപ്പര്‍ സ്ലിപ്, ഏഴ് നിമിഷത്തേക്ക് പ്രത്യക്ഷമാകും. ഈ പേപ്പര്‍ സ്ലിപ്പില്‍ നമ്മള്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെതല്ലാത്ത ചിഹ്നവും ക്രമസംഖ്യയും ആണ് ഉള്ളതെങ്കില്‍ വരണാധികാരിയോട് പരാതിപ്പെടാനുള്ള അവകാശവും സുപ്രീംകോടതി വിധിച്ച വോട്ട് കൃത്യതാ നിര്‍ണയവകാശത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇത്തരം പരാതികളെ നഗ്‌നമായ ഭീഷണിപ്രയോഗത്തിലൂടെ പിന്‍വലിപ്പിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അധികാരപ്പെടുത്തുന്ന നടപടി പുസ്തകത്തിലെ വകുപ്പാണ് 49MA.

വോട്ടര്‍മാര്‍ വിവിപാറ്റിനെ പറ്റി പരാതി ഉന്നയിക്കുന്ന പക്ഷം, വരണാധികാരി പരാതി തെറ്റാണെന്ന് തെളിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചു മുന്നറിയിപ്പു നല്‍കും. അധികാരസ്ഥാനങ്ങളുടെ ഈ മുന്നറിയിപ്പ് മറികടന്ന് വോട്ടര്‍മാര്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന പക്ഷം, തെറ്റായചിഹ്നവും ക്രമസംഖ്യയുമാണ് വിവിപാറ്റ് സ്ലിപ് പ്രദര്‍ശിപ്പിച്ചത് എന്ന് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടും.

സത്യവാങ്മൂലം നല്‍കിയ ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളുടെയും സ്ഥാനാര്‍ഥി പ്രതിനിധികളുടെയും മുന്നില്‍വച്ച് പ്രദര്‍ശന-പരീക്ഷണ വോട്ട് ( ടെസ്റ്റ്‌വോട്ട്) ചെയ്യുവാനായി ആവശ്യപ്പെടും. ഈ പ്രദര്‍ശന- പരീക്ഷണ വോട്ടിനായി പരാതിക്കാരന്‍ തനിക്കിഷ്ടമുള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് നേരെയായി വീണ്ടും വോട്ടിങ് യന്ത്രത്തിലെ ബട്ടണുകള്‍ അമര്‍ത്തും. ഈ പ്രദര്‍ശന വോട്ടെടുപ്പില്‍ പേപ്പര്‍ സ്ലിപ് ശരിയായ ഫലം അച്ചടി പ്രദര്‍ശിപ്പിച്ചാല്‍, വിവിപാറ്റിനെ പറ്റിയുള്ള വോട്ടറുടെ പരാതി വാജ്യമാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തും.

സത്യവാങ്മൂലത്തില്‍ കള്ളം പറയുകയും തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചു, ആറുമാസം വരെ തടവും ആയിരം രൂപ പിഴയും ചുമത്താവുന്ന IPC 177 പ്രകാരം, കേസെടുക്കാന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി പരിശോധനരീതി സത്യസന്ധരായ വോട്ടര്‍മാരെയും ജയിലിലടക്കാന്‍ ഉതകുന്നതാണ്. ചിഹ്നവും ക്രമനമ്പറും വോട്ട് പേപ്പറില്‍ തെറ്റായി അച്ചടിച്ചുവരുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്.

1 . യന്ത്രത്തിന്റെ പ്രവര്‍ത്തന തകരാറുകള്‍
2 . വോട്ടിങ് ഫലം അട്ടിമറിക്കുന്നതിനായി യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടത്.

ഇതിലെ ഒന്നാമത്തെ കാരണം എടുത്തു പരിശോധിച്ചാല്‍ തന്നെ പരാതിക്കാരനെ തുറങ്കില്‍ അടക്കാനുള്ള കൗശലം മാത്രമാണു വകുപ്പ് 49 MA എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു യന്ത്രം തകരാറിലായി എന്നതിന്റെ അര്‍ത്ഥം അതു നിരന്തരമായി തെറ്റായ ഫലം കാഴ്ചവെയ്ക്കുന്നുവെന്നോ അല്ലെങ്കില്‍ തെറ്റായ പ്രവര്‍ത്തനം നടത്തുന്നുവെന്നോ അല്ല. മറിച്ചു, സ്ഥിരമായി ശരിയായ ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നു മാത്രമാണ്. കേടായ യന്ത്രങ്ങള്‍ ചില സമയങ്ങളില്‍ ശരിയായ ഫലം പ്രദശിപ്പിച്ചുവെന്നിരിക്കാം. പ്രവര്‍ത്തന തകരാറിന്റെ സൂചന സ്ഥിരമായി പ്രവര്‍ത്തനം മുടങ്ങുകയോ, സ്ഥിരമായി തെറ്റായ ഫലം പ്രദശിപ്പിക്കുകയോയല്ല, മറിച്ചു സ്ഥിരമായി ശരിയായ ഫലം പ്രദശിപ്പിക്കുന്നതില്‍ പരാജയപെട്ടു എന്നുള്ളതാണ്.

ചിലപ്പോള്‍ മാത്രം പ്രവര്‍ത്തിക്കുകയും ചിലപ്പോള്‍ മാത്രം തെറ്റായ ഫലം നല്‍കുകയും ചെയ്യുക എന്നുള്ളത് പ്രവര്‍ത്തനക്ഷമതയുടെ അല്ല പ്രവര്‍ത്തനപരാജയത്തിന്റെ ലക്ഷണമാണ്. അതുകൊണ്ടു തന്നെ ഒരു യന്ത്രത്തിന്റെ പ്രവര്‍ത്തനത്തകരാറുകള്‍ പരിശോധിക്കേണ്ടതു അതു വീണ്ടും പ്രവര്‍ത്തിപ്പിച്ചു നോക്കിയല്ല ,മറിച്ചു യന്ത്രനിര്‍മാണവും അതിന്റെ ഘടനയും ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ്. വോട്ടിംഗ് യന്ത്രങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ഫോറന്‍സിക് വിദ്ഗധരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിച്ച് കൊണ്ടാണ് നിശ്ചയിക്കേണ്ടത്. വോട്ട് ചെയ്യുന്ന സമയത്തു തെറ്റായ ഫലം കാണിച്ച വിവിപാറ്റ് സംവിധാനം പരിശോധന വോട്ടിംഗ് സമയത്തു ശരിയായ ഫലം കാണിച്ചുവെന്നിരിക്കാം. ഇതു യന്ത്രത്തകരാറുകളുടെ പൊതുവായ സ്വഭാവം മാത്രമാണ്.

എന്നാല്‍ ഈ സാമാന്യതതത്വത്തിനു വിരുദ്ധമായ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണകൂടങ്ങളും അതിന്റെ നിയമാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. അംസബന്ധമായ പരിശോധനാരീതികളിലൂടെ, സത്യസന്ധമായി തെറ്റ് ചൂണ്ടിക്കാണിച്ച വോട്ടര്‍മാരെ ജയിലില്‍ അടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിയ്ക്കുമെന്നുള്ളതാണ് ഞെട്ടുള്ളവാക്കുന്ന കാര്യം. വിവിപാറ്റ് സംവിധാനം സുപ്രീം കോടതി നടപ്പിലാക്കന്‍ ഉത്തരവിടുമ്പോള്‍ ഏറ്റവും പ്രാധാന്യത്തോടെ എടുത്തു പറഞ്ഞ ഒരു തത്വം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുക എന്നുള്ളതാണ്. വിവിപാറ്റ് നടപ്പില്‍ വരുത്തിയത് തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപെടാതിരിക്കാനാണ്. എന്നാല്‍ അതേ സംവിധാനത്തെ നടപ്പില്‍ വരുത്തുന്ന നടപടിക്രമങ്ങളുടെ വകുപ്പുകളും പരിശോധനരീതികളും കൃത്യതാ നിര്‍ണയം ( right to verify)എന്ന അവകാശത്തെ സത്യസന്ധമായി ഉപയോഗിക്കുന്നവരെ മറയില്ലാതെ ഭീഷണിപ്പെടുത്തുകയാണ്.

വിവിപാറ്റ് പേപ്പര്‍ സ്ലിപ് തെറ്റായി ഫലം കാണിക്കുന്നതിന്റെ രണ്ടാമത്തെ കാരണം വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കാം എന്നുള്ളതാണ്. ഹാക്ക് ചെയ്യപ്പെട്ട യന്ത്രം തെറ്റായ ഫലം കാണിക്കുന്നത് ഹാക്കര്‍ മുന്‍കൂട്ടി നിശ്ചയിച്ച സംഖ്യക്രമത്തില്‍ മാത്രം ആണ്. അതായതു 99-ാമത്തെ വോട്ടര്‍ വോട്ട് ചെയ്യുമ്പോള്‍ തെറ്റായ ഫലം കാണിച്ചാല്‍, അത് ആവര്‍ത്തിക്കപ്പെടുന്നത് ഹാക്കര്‍ നിശ്ചയിച്ച മറ്റൊരു സമയത്തു മാത്രമായിരിക്കും, അതു 200 ആകാം 150 ആകാം 300 ആകാം. പക്ഷെ ഉറപ്പായും തൊട്ടു അടുത്ത തവണ, (അതായതു 100 ആം തവണ,)
അതു ആവര്‍ത്തിക്കപ്പെടില്ല. അതായതു പരിശോധന വോട്ടെടുപ്പിന്റെ സമയത്തു വിവിപാറ്റ് സുനിശ്ചിതമായി തന്നെ ശരിയായ ഫലം കാണിക്കുകയും, പരാതിക്കാരന്‍ ജയിലില്‍ അടയ്ക്കപ്പെടും ചെയ്യും.

വോട്ട് ചെയ്യാനെത്തിയ ജനങ്ങളെ ജയിലില്‍ അടയ്ക്കുന്ന നിയമനിര്‍മ്മാണത്തെ പറ്റി എന്നാണ് ഈ രാജ്യം കേട്ടിട്ടുള്ളത്. എകാധിപത്യ രാജ്യങ്ങളെ പറ്റി മാത്രം പറഞ്ഞു കേട്ട കഥകളിലെ സത്യം നമ്മുടെ പോളിങ് ബൂത്തിലെക്കു നടന്നടുത്തത് നാം പോലും അറിഞ്ഞില്ല എന്നുള്ളത് നമ്മെ ഒരേപോല നിരാശരാക്കേണ്ടതും ഞെട്ടലോടെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കേണ്ടതുമാണ്. അസംബന്ധമായ പരിശോധനരീതികളുടെ അകമ്പടി, അസംബന്ധമായ വാദമുഖങ്ങള്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും ആവര്‍ത്തിക്കാനുള്ളത്, ഒന്ന് മാത്രം. യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ ഹാക്കിങ് വഴി വിവിപാറ്റില്‍ തെറ്റായ വോട്ട് രേഖപ്പെടുത്തില്ല. ലളിതമായൊരു ചോദ്യം ബാക്കിയുള്ളത് പിന്നെയെന്തിനാണ് വിവിപാറ്റ് സംവിധാനം നടപ്പിലാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. അധികാര സ്ഥാപനങ്ങളല്ല, മറിച്ചു ജനങ്ങള്‍ തന്നെയാണ് അവരവരുടെ വോട്ടുകള്‍ ശരിയായി രേഖപ്പെടുത്തപ്പെട്ടോ എന്ന് നിശ്ചയിക്കേണ്ടത്.

അതിനാണ് പ്രത്യക്ഷ്യത്തില്‍ തന്നെ പരിശോധിച്ചു തിട്ടപ്പെടുത്താനുള്ള പേപ്പര്‍ സ്ലിപ് നടപ്പിലാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ജനങ്ങളുടെ കൃത്യത പരിശോധന അവകാശം, യന്ത്രകൃതിമത്വധീനവാദങ്ങളെക്കാള്‍ (EVMs are unhackable ) പൂര്‍വ്വാവര്‍ത്തിയാണ്. യന്ത്രകൃതിമത്വധീനവാദം ജനങ്ങളുടെ വോട്ട് കൃത്യതാനിര്‍ണയ പ്രക്രിയയിലോ (vote verification process ) അതിന്റെ പരിശോധന പ്രക്രിയയിലോ അനുമാനിക്കേണ്ടതായ ധാരണയോ വസ്തുതയോ അല്ല, മറിച്ചു വോട്ട് കൃത്യതാനിര്‍ണയ അവകാശവിനിയോഗത്തിലൂടെ തെളിയിക്കപ്പെടാതായ ഒരു ഊഹം അല്ലെങ്കില്‍ അനുമാനം മാത്രം ആണ്.

അധികാരസ്ഥാപനങ്ങളുടെ സിദ്ധാന്തങ്ങളേയോ മേനിപറച്ചിലുകളായോ അന്ധമായി വിശ്വസിച്ചികൊണ്ടു നടപ്പിലാക്കേണ്ട ഒന്നല്ല, വോട്ട് കൃത്യതാനിര്‍ണയ പ്രക്രിയ. വോട്ട് കൃത്യതനിര്‍ണയ പ്രക്രിയയിലൂടെ നിശ്ചയിക്കേണ്ടതായ അനുമാനത്തെ തന്നെ, നിര്‍ണയ പ്രക്രിയയില്‍ സംഭവിക്കാവുന്ന പരാതികളെ പറ്റിയുള്ള പരിശോധന പ്രക്രിയയുടെ അടിസ്ഥാനങ്ങളിലൊന്നായി അവതരിപിച്ച വിപരീത യുക്തിയുടെ ലക്ഷ്യം ഒന്ന് മാത്രമാണ്; വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട പരാതികളെ തടയിടുക.

സ്വതന്ത്ര ഇന്ത്യയിലെ വോട്ടിംഗ് പ്രക്രിയകള്‍ പ്രാദേശികമായി അക്രമവും ഭീതിയും ഉപയോഗിച്ചു പലതവണ തടയിടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായിയാണ് ,അക്രമാധികാരങ്ങുളുടെ പ്രത്യക്ഷ രൂപങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ നിയമാവലികളില്‍ രേഖപ്പെടുത്തപ്പെട്ട പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ഏറെ നിശബ്ദമായി രാജ്യമൊട്ടാകെ അട്ടിമറിയ്ക്ക് കളം ഒരുങ്ങുന്നത്.

വോട്ടിംഗ് യന്ത്രങ്ങളുടെ മേലുള്ള കര്‍ശനമായ നിയന്ത്രണമായിരുന്നു വിവിപാറ്റ് പേപ്പര്‍ സ്ലിപ്. ഇത് അട്ടിമറിക്കാനായി, രൂപീകരിക്കപ്പെട്ട മറ്റനവധി നിയമവകുപ്പുകളും ചട്ടങ്ങളും ഉണ്ട് , പ്രത്യേകിച്ചു വിവിപാറ്റ് എണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് തന്നെ. നിയമാവലികളും ചട്ടക്രമങ്ങളും തന്നെ കുറ്റകൃത്യത്തിന്റെ വ്യക്തമായ തെളിവുകള്‍ ആകുന്ന അസാധാരണമായ അവസ്ഥ വിശേഷമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്.

ഡോ. ഫിലോസ് കോശി
ഐ.ഐ.ടി കാണ്‍പൂരിലെ മുന്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയാണ് ലേഖകന്‍