Administrator
Administrator
സ്ത്രീ എന്തുകൊണ്ട് പിന്നില്‍?
Administrator
Tuesday 20th September 2011 2:47pm

എസ്സേയിസ്: ഡോ: പി.എ ലളിത

മുതിര്‍ന്ന ആണ്‍കുട്ടികളെ കാണുമ്പോള്‍ നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് തോന്നും എന്താണ് അവര്‍ക്ക് കൂടുതലൊരു ചുറുചുറുക്ക്? ഒരു വേഗത കൂടുതല്‍?
പുരുഷന്‍മാരാണെങ്കിലോ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നു. നമുക്ക് തീരുമാനങ്ങളെടുക്കാന്‍ കൂട്ടിക്കിഴിച്ച് കുറഞ്ഞത് രണ്ടുദിവസങ്ങളെങ്കിലും താമസമുണ്ടാവും. മാത്രമല്ല മറ്റുപലരുടെയും സഹായം വേണം താണും.

ചെറിയ പ്രായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും റാങ്ക് വാങ്ങുകയും ഒക്കെചെയ്യുന്ന പെണ്‍കുട്ടികളാണ് കൗമാരവും യൗവനവുമെത്തുമ്പോള്‍ പൊതുവെ മൗനികളും ഒതുങ്ങിക്കൂടുന്നവരും ആയിത്തീരുന്നത്. അടക്കവും ഒതുക്കവുമുള്ള നല്ലകുട്ടി എന്നു സമൂഹം പറയും. പക്ഷെ വില്ലന്‍ മറ്റൊരാളാണ്! തൈറോയിഡ് എന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള കഴുത്തിന്റെ മുന്നില്‍കാണുന്ന ഗ്രന്ഥി.

പണ്ടൊക്കെ തൊണ്ടയില്‍ മുഴയുള്ളവരെയാണ് തൈറോയിഡ് രോഗികള്‍ എന്നുവിളിച്ചിരുന്നത്. അത് കൂടുതല്‍ മലയോരപ്രദേശങ്ങളിലാണ് കണ്ട് വന്നിരുന്നതും. പക്ഷെ ഇപ്പോള്‍ അങ്ങിനെയല്ല കാര്യങ്ങള്‍. സ്ത്രീയുടെ ജീവിതത്തിലെ സകല പിന്നോക്കാവസ്ഥയ്ക്കും കാരണം വിളര്‍ച്ചയും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവും ആണ് എന്ന് കണ്ടെത്തിയിരുന്നു വിദഗ്ധന്‍മാര്‍.

മെല്ലെനടക്കുക, നാലാളെ കണ്ടാല്‍ നാണിച്ചുതെന്നുമാറുക, കുടുംബപ്രശ്‌നങ്ങളെപ്പറ്റി അഭിപ്രായം ചോദിച്ചാല്‍ ‘എനിക്കെന്തഭിപ്രായം എല്ലാം ചേട്ടന്റെ ഇഷ്ടം’ . ഇങ്ങനെ തികച്ചും ഒതുങ്ങിക്കഴിയുക, സമൂഹത്തിലെ നല്ല സ്ത്രീകളുടെ ലക്ഷങ്ങളാണ് ഇവയെല്ലാം. കാരണവന്മാര്‍ പറയും ‘ എത്ര നല്ല അടക്കവും ഒതുക്കവും, നല്ല വിനയം! ആണ്‍കുട്ടികളുടെ അമ്മമാര്‍ മനസ്സില്‍ കുറിച്ചിടും. ‘ എന്റെ മകന്റെ ഭാര്യയായി വരേണ്ടവള്‍ ഇവള്‍തന്നെ! പക്ഷെ കാര്യം ഹൈപ്പോതൈറോയിഡിസം ആണെന്ന് 90% ഉറപ്പിക്കാം.

കൗമാരം

മെലിഞ്ഞുണങ്ങി ഐശ്വര്യാറായിയെപ്പോലെ നടന്നിരുന്ന പെണ്‍കുട്ടി പെട്ടെന്നൊരുനാള്‍ വണ്ണംവെച്ചു കുട്ടിത്താറാവിനെ പോലെയാവുന്നു. ആര്‍ത്തവും ക്രമരഹിതവും അമിതവുമാവുന്നു. വില്ലന്‍മാര്‍ രണ്ട്. ഒന്ന് പി.സി.ഒ.ഡി എന്ന അണ്ഠാശയസംബന്ധ കുഴപ്പക്കാരന്‍. രണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ്. കുട്ടിപ്രശ്‌നക്കാരിയും, വഴക്കാളിയും ആയിത്തീരുന്നു. ചിലപ്പോള്‍ മൗനിയും. പഠിപ്പില്‍ പിറകോട്ട്‌പോവുന്നു. പകലും രാത്രിയും ഉറക്കത്തോടുറക്കംതന്നെ. പകല്‍ സൊറ പറഞ്ഞിരിക്കുന്നതിനിടയില്‍ പോലും ഉറങ്ങിപ്പോകുന്നു. ആകാശത്ത് മഴക്കാര്‍ കാണുമ്പോള്‍ തന്നെ മൂടിപ്പുതയ്ക്കുന്നു. തണുപ്പ് താങ്ങാനേ വയ്യ. പഠിത്തത്തില്‍ വളരെ പിറകോട്ട്. അവസാനം സ്‌ക്കൂളധികൃതര്‍ക്കും മതിയാവുന്നു. സ്‌ക്കൂളില്‍ നിന്നും പുറത്താവുന്നു. കാരണം വിളര്‍ച്ചയും ഹൈപ്പോതൈറോയ്ഡിസവും.

യൗവനം

വിവാഹം കഴിച്ചയക്കുന്നു. കുട്ടികളുണ്ടാവുന്നില്ല. ചില അമ്മായിയമ്മമാര്‍ കണ്ണീരോടെയും ചിലര്‍ കണ്ണില്‍ തീപാറിച്ചും പോര് തുടങ്ങുന്നു. ചില സ്ത്രീകള്‍ക്ക് തുടര്‍ച്ചയായി ഗര്‍ഭം അലസുന്നു. ചില കുഞ്ഞുങ്ങള്‍ മന്ദബുദ്ധികളായി വളരുന്നു. തറവാട്ടില്‍ സ്ത്രീ അനഭിമതയായിത്തീരാന്‍ കാരണങ്ങള്‍ വേറെ വേണോ? ഭര്‍ത്താവിന്റെ കണ്ണിലെ കരടാവുന്നു അവര്‍. നാട്ടുകാരുടെ കണ്ണില്‍ സര്‍പ്പദോഷമുള്ളവളും. സ്ത്രീ വിഷാദരോഗത്തിനടിമപ്പെടുന്നു. തുടര്‍ന്ന് മാനസികരോഗിയായി ചിത്രീകരിക്കപ്പെടുന്നു.

സ്ത്രീ യഥാര്‍ത്ഥത്തില്‍ ജീവിതം തുടങ്ങുന്നത് നാല്പതാം വയസ്സിലാണ്. അതുവരെ പ്രസവം മുലയൂട്ടല്‍, കുഞ്ഞുങ്ങളെ ശ്രുശ്രൂഷിക്കല്‍, പഠിപ്പിക്കല്‍, ഭര്‍തൃപരിചരണം, ഉദ്യോഗസ്ഥയാണെങ്കില്‍ മേലുദ്യോഗസ്ഥരുടെ കണ്ണുരട്ടല്‍, രാപ്പകല്‍ ജോലി ചെയ്യുമ്പോഴുണ്ടാവുന്ന തളര്‍ച്ച. കുഞ്ഞുങ്ങളുടെ മൂത്രം മണക്കുന്ന ഉടലിന്റെ പേരില്‍ ഭര്‍ത്താവിന്റെ അസംതൃപ്തി ഇവയൊക്കെ ഉന്നതസ്ഥാനത്തെത്തുകയും കുട്ടികളുടെ വിവാഹം വിദ്യാഭ്യാസം ഇവയൊക്കെ കഴിയുകയും ചെയ്യുന്ന വീട്ടമ്മ സ്വന്തമായി ജീവിതം ഉണ്ടെന്ന് ചിന്തിച്ചുതുടങ്ങുന്നതു തന്നെ നാല്പതാം വയസ്സിലാണ്.

പലരും ക്ലാവു പുരണ്ടുകിടക്കുന്ന പഴയ കലാവാസനകള്‍ പുറത്തെടുത്ത് മിനുക്കിയെടുക്കുന്നു. ചിത്രരചന, പാട്ട്, എഴുത്ത്, ഇവയില്ലെല്ലാം കൈവെച്ചുതുടങ്ങുന്നു. പക്ഷെ പണ്ട് അതിമനോഹരമായി സൂക്ഷിച്ചിരുന്ന ശരീരവടിവ് നഷ്ടപ്പെടുന്നവോ? പഴയതുപോലെ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും തടുര്‍ന്ന് മുന്നോട്ട് കൊണ്ടുപോവാമുമുള്ള കഴിവ് കിട്ടുന്നില്ലേ? ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്തിരുന്ന താന്‍ കുട്ടികള്‍ക്കു മുമ്പില്‍ മന്ദബുദ്ധിയെപ്പോലെ ആയിപ്പോവുന്നുവോ? എനിക്കെന്താണ് ഇത്രയധികം ക്ഷീണം. പഴയതുപോലെ ജോലിഭാരം തീരെയില്ലല്ലോ. കുയില്‍വാണിയായിരുന്ന തന്റെ സ്വരത്തിന് എന്താണൊരു കരകരപ്പ്. പോരാത്തതിന് അമിത രക്തസ്രാവവും. വീണ്ടും വില്ലന്‍ തൈറോയ്ഡ് തന്നെ!

വാര്‍ദ്ധക്യം


അമിതക്ഷീണം, അമിതവണ്ണം, കൈകാല്‍ വേദന, തൈറോയ്ഡ് വൃദ്ധകളെയും വെറുതെവിടുന്നില്ല.

തൈറോയ്ഡിന്റെ അമിത പ്രവര്‍ത്തനം

കണ്ണുകള്‍ പുറത്തേക്കു തള്ളിവരിക, ശരീരം ക്ഷീണിച്ചുപോകുക, കൈ വിറയ്ക്കുക, ആര്‍ത്തവം ക്രമരഹിതവും, ശുഷ്‌കവുമായിത്തീരുക, ഹൃദയം ആവശ്യത്തിനും അനാവശ്യത്തിനും പടപട ഇടിക്കുക, പെട്ടെന്ന് കോപം വരിക,, ഏതു ചെറിയ കാര്യത്തിനും വ്യാകുലപ്പെടുക ഇവയൊക്കെ തൈറോയ്ഡിന്റെ അമിത പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാവുന്നതാണ്. മനോരോഗ വിദഗ്ധരുടെ ഇഷ്ടഗ്രന്ഥിയായി മാറിയിരിക്കുന്നു. ഇപ്പോള്‍ തൈറോയ്ഡ് രക്തിപരിശോധനയിലൂടെ ഈ രണ്ടുപ്രശ്‌നങ്ങളും കണ്ടെത്താനും ചികിത്സിച്ചുഭേദപ്പെടുത്താനും ആവും.

ഇനിപറയാന്‍ പോകുന്നത് യഥാര്‍ത്ഥ പ്രശ്‌നക്കാരന്‍. നേര്‍ക്കുനേര്‍ കാണുന്ന പോരാളിയെ യുദ്ധം ചെയ്ത് തോല്‍പ്പിക്കാനെളുപ്പമാണ്. പക്ഷെ ശത്രു ഒളിപ്പോരാളിയാണെങ്കിലോ? സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയിസം ആണ് ഈ ഒളിപ്പോരാളി. രക്തപരിശോധനയില്‍ കുഴപ്പമൊന്നും കാണണമെന്നില്ല. ടി.എസ്.എച്ച്. എന്ന ഹോര്‍മോണ്‍ ചിലപ്പോള്‍ നോര്‍മലിന്റെ അങ്ങേയറ്റത്ത് എത്തിയെന്നുവരാം. ടി3, ട4 എന്ന ഹോര്‍മോണുകള്‍ നോര്‍മലായെന്നും വരാം. പക്ഷെ നേരത്തെ പറഞ്ഞതുപോലെ പെണ്‍കുട്ടി, അന്നനട, സല്‍സ്വഭാവി, ഭര്‍ത്താവിനോടു ഇടയ്ക്കിടെ കശപിശ കൂടുമെങ്കിലും അവന്‍വരയ്ക്കുന്ന ലക്ഷ്മണരേഖയ്ക്കപ്പുറം നോക്കാന്‍പോലും ധൈര്യംകാട്ടാത്തവര്‍. പൊതുവെ പറഞ്ഞാല്‍ സമൂഹത്തിലെ അടക്കവും ഒതുക്കവുമുള്ള സ്ത്രീം.

തുടക്കത്തില്‍ ഇതൊരു രോഗലക്ഷണമാണെങ്കിലും പിന്നീട് വീട്ടുകാരും നാട്ടുകാരും അംഗീകരിച്ച ജീവിത ശൈലിയായി മാറുന്നു. ഇന്നെടുക്കേണ്ട തീരുമാനം നാളേക്കു നീട്ടുക, പരാജയങ്ങളെ നേരിടേണ്ടിവരുമ്പോള്‍ തളര്‍ന്നുപോവുക, ബൗദ്ധികമായി ഉയരാന്‍ ശ്രമം നടത്താതിരിക്കുക, സമകാലീനപ്രശ്‌നങ്ങളില്‍ അജ്ഞരായി തുടരുക, വായനയില്‍ പിന്നോക്കം നല്‍ക്കുക, പൊതുവിജ്ഞാനം ആവശ്യമില്ല എന്ന മനോഭാവം പുലര്‍ത്തുക. ചുരുക്കത്തില്‍ പഴയ പ്രേംനസീറിന്റെ ഭാഷയില്‍ ഒരു മണ്ടിപ്പെണ്ണായി ജീവിക്കുക

പ്രതിവിധി

1. അയൊഡൈസ്ഡ് ഉപ്പ് ശീലമാക്കുക,. തൈറോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാന്‍ അയഡിന്‍ ആവശ്യമാണ്.

2 സ്‌റ്റോബറി, കടുക്ക, മുട്ട, ചീസ്, കോഡ്, മത്സ്യം മത്സ്യ എണ്ണ സീ വീഡ്‌സ് പാലുല്‍പ്പന്നങ്ങള്‍, കടല്‍മത്സ്യങ്ങള്‍ ഇവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.

കാബേജ്, സ്പ്രൗട്ട്, ബ്രാഡിക്ക്, ഗ്രൂപ്പിലുള്ള പച്ചക്കറികള്‍ തൈറോയ്ഡിനെ നിര്‍വീര്യമാക്കുന്നതിനാല്‍ അവ ഒഴിവാക്കുക.

ആദ്യം പറഞ്ഞ ലക്ഷണം കണ്ടാല്‍ ഒരു ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തുക.

വിളര്‍ച്ച

എല്ലാ മൂന്നുമാസംകൂടുമ്പോഴും രക്തപരിശോധന നടത്തി വിളര്‍ച്ച ഇല്ല എന്നുറപ്പുവരുത്തുക. കൊക്കപ്പുഴുവിനുള്ള മരുന്നുകഴിക്കുക.

2 അമിത രക്തസ്രാവമുണ്ടെങ്കില്‍ കാരണം കണ്ടെത്തി ചികിത്സിക്കുക

ഇലക്കറികള്‍ ശീലമാക്കുക, ദിവസവും ഒരു നെല്ലിക്ക കഴിക്കുക.

4 രക്തക്കുറവുണ്ടെങ്കില്‍ അയണ്‍ഗുളികകള്‍ കഴിക്കുക

കടപ്പാട്: സംഘടിത മാസിക

Advertisement