'സിനിമയിലെ കുറ്റവാളികൾ പിടിക്കപ്പെട്ടു, എന്നാൽ യഥാർത്ഥ ജീവിതത്തിലോ?'; ഷാരൂഖ് ഖാന് കത്തുമായി കഫീൽ ഖാൻ
national news
'സിനിമയിലെ കുറ്റവാളികൾ പിടിക്കപ്പെട്ടു, എന്നാൽ യഥാർത്ഥ ജീവിതത്തിലോ?'; ഷാരൂഖ് ഖാന് കത്തുമായി കഫീൽ ഖാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th October 2023, 2:47 pm

ന്യൂദൽഹി: സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കുവാൻ സിനിമയെ ഉപയോഗപ്പെടുത്തുന്നതിൽ ഷാരൂഖ് ഖാന് അഭിനന്ദനവുമായി ഡോ. കഫീൽ ഖാന്റെ കത്ത്.

ഇമെയിൽ വിലാസം അറിയാത്തതുകൊണ്ട് താൻ പോസ്റ്റൽ വഴി അയച്ച കത്ത് ഇതുവരെ ഷാരൂഖ് ഖാന്റെ പക്കൽ ലഭിക്കാത്തതിനാൽ സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം കത്ത് പോസ്റ്റ്‌ ചെയ്യുകയായിരുന്നു.

അറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാന്റെ ജവാനിൽ സാനിയ മൽഹോത്രയുടെ ഡോ. ഈറം ഖാൻ എന്ന കഥാപാത്രം കഫീൽ ഖാന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ സർക്കാർ ആശുപത്രിയിൽ എൻസിഫലൈറ്റിസ് ബാധിച്ച കുട്ടികൾ ഓക്സിജൻ ലഭിക്കാതെ കൂട്ടത്തോടെ മരണപ്പെട്ടിരുന്നു. ഓക്സിജൻ കമ്പനിക്ക് കുടിശിക നല്കാത്തതിനെ തുടർന്നായിരുന്നു ഓക്സിജൻ വിതരണം നിർത്തിവെച്ചത്. സംഭവത്തിൽ അനാസ്ഥ ചൂണ്ടിക്കാട്ടി കഫീൽ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

സ്വന്തം പണം ചെലവഴിച്ച് ഓക്സിജൻ വാങ്ങി കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കഫീൽ ഖാനെ അറസ്റ്റ് ചെയ്ത പ്രതികാര നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എട്ടുമാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് അദ്ദേഹം മോചിതനായത്.

ജവാൻ സിനിമയിലും ഈറം ഖാൻ എന്ന ഡോക്ടർ ഓക്സിജന്റെ അഭാവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുന്നതും സ്വന്തം നിലക്ക് സിലിണ്ടറുകൾ വാങ്ങുന്നതും കാണാം. കുട്ടികൾ മരണപ്പെട്ടപ്പോൾ അറസ്റ്റിലായ ഈറം ഖാൻ ജയിൽ വാർഡനായ ഷാരൂഖ് ഖാന്റെ സഹായത്തോടെ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരികയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ യഥാർത്ഥ ജീവിതത്തിൽ കുറ്റവാളികൾ സുഖമായി ജീവിക്കുകയാണെന്നും താൻ ജോലിക്കായി കഷ്ടപ്പെടുകയാണെന്നും കഫീൽ ഖാൻ കത്തിൽ പറയുന്നു. സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട 63 രക്ഷിതാക്കൾ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ജവാൻ ഫിക്ഷൻ സിനിമയാണെങ്കിലും ഗോരഖ്പുർ ദുരന്തത്തിലേക്ക് വിരൽ ചൂണ്ടുകയും ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയിലേക്കും നഷ്ടമായ നിഷ്കളങ്ക ജീവനുകളിലേക്കും ശ്രദ്ധ തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ അറ്റ്ലിയെയും സിനിമയുടെ അണിയറ പ്രവർത്തകരെയും നേരിട്ട് കണ്ട് നന്ദി അറിയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.

Content highlight: Dr. Kafeel Khan’s letter to Sharukh Khan appreciating for Jawan