എഡിറ്റര്‍
എഡിറ്റര്‍
വാക്‌സിന്‍ വിരുദ്ധര്‍ക്കു മുമ്പില്‍ കൈകൂപ്പിനില്‍ക്കുന്ന ഡോക്ടറുടെ ചിത്രം മതവിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ച സുരേന്ദ്രനെ പൊളിച്ചടുക്കി ഡോക്ടര്‍
എഡിറ്റര്‍
Friday 6th October 2017 12:09pm

കോഴിക്കോട്: വാക്‌സിന്‍വിരുദ്ധര്‍ക്കു മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന ഡോക്ടറുടെ ചിത്രം മതവിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ച ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ നടപടിയെ വിമര്‍ശിച്ച് ഡോക്ടര്‍ ജിനേഷ്. മതവും ജാതിയും തിരിക്കാതെ എല്ലാ ജനങ്ങളിലും വാക്‌സിനേഷന്‍ എത്തിക്കുകയെന്നതാണ് ജനാധിപത്യരാജ്യത്തിലെ പൗരന്റെ കടമയെന്നും ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ കെ.സുരേന്ദ്രന്റെ കടമകൂടിയാണിതെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡോക്ടറുടെ വിമര്‍ശനം.

വാക്‌സിന്‍ നല്‍കുന്നത് തടഞ്ഞു എന്ന ഗൗരവമായ വിഷയം ചര്‍ച്ചയില്‍ കൊണ്ടുവരാതെ ചിത്രത്തില്‍ കാണുന്നവരെ മതതീവ്രവാദികളെന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരല്ല വാക്‌സിന്‍ വിരുദ്ധതയുടെ പ്രചാരകരെന്നും എന്‍.പി പ്രസാദ്, മോഹനന്‍, ജേക്കബ് വടക്കന്‍ചേരി, സാജന്‍ സിന്ധു, പി.ജി ഹരി തുടങ്ങിയവരുടെ വാക്‌സിന്‍ വിരുദ്ധ പ്രചരണത്തിന്റെ ഇരകള്‍ മാത്രമാണ് ഇവരെന്നും ഡോക്ടര്‍ തുറന്നുകാട്ടുന്നു.

‘കേരളത്തിലെ വാക്‌സിന്‍ വിരുദ്ധതയുടെ കേന്ദ്ര ബിന്ദുക്കള്‍ ഇവരൊന്നുമല്ല. നിരവധി വാട്ട്‌സ്ആപ്പ് ഓഡിയോ-വീഡിയോ സന്ദേശങ്ങളിലൂടെ വാക്‌സിന്‍ വിരുദ്ധത പടര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്‍. പി. പ്രസാദ്, മോഹനന്‍, ജേക്കബ് വടക്കന്‍ചേരി, സാജന്‍ സിന്ധു, പി. ജി. ഹരി തുടങ്ങിയവരാണ്. ഇവരെ പോലെയുള്ള ആള്‍ക്കാര്‍ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ക്ക് ഇരയാകുന്നവരാണ് മറ്റുള്ളവര്‍. ‘ അദ്ദേഹം വിശദീകരിക്കുന്നു.


Must Read: ‘ധാര്‍മ്മികതയുടെ പേരിലെടുത്ത തീരുമാനമാണ്; അതിന്റെ പേരില്‍ മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കണ്ട’; പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വീഡിയോ


‘മതമോ ജാതിയോ പറയാന്‍ വേണ്ടിയല്ല ഞാന്‍ ഈ പേരുകള്‍ എഴുതിയത്. ഇത്രയും പേരെ കാണാതിരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാന്‍ വേണ്ടി മാത്രമാണ്.’ എന്നും ഡോക്ടര്‍ പറയുന്നു.

കുട്ടികളുടെ ആയുസ്സിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വാക്‌സിനേഷന്‍ യജ്ഞങ്ങളില്‍ പോലും മതവും ജാതിയും കൂട്ടിക്കുഴക്കുന്നത് തികച്ചും മര്യാദകേടാണെന്നും ഡോക്ടര്‍ തുറന്നടിക്കുന്നു. ‘മതവും ജാതിയും തിരിക്കാതെ എല്ലാ ജനങ്ങളിലും വാക്‌സിനേഷന്‍ എത്തിക്കുക എന്നുള്ളതാണ് ജനാധിപത്യരാജ്യത്തിലെ പൗരന്റെ കടമ. അതിനായി വാദിക്കുക എന്നുള്ളതാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ കെ സുരേന്ദ്രന്റെ കടമ കൂടിയാണ് ഇത്.’ എന്നു പറഞ്ഞ ഡോക്ടര്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികളില്‍ നിന്നെങ്കിലും ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കുകയെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു.

മതസ്പര്‍ധ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ പിന്‍വലിച്ച് ശാസ്ത്രത്തോടൊപ്പം സഞ്ചരിച്ച് നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി വാക്‌സിനേഷന്‍ യജ്ഞത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഡോക്ടര്‍ സുരേന്ദ്രനോട് ആവശ്യപ്പെടുന്നു. നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളല്ലേ അവര്‍? മതത്തിനും ജാതിക്കും ദൈവത്തിനും അല്ലല്ലോ പ്രസക്തി, മനുഷ്യജീവനല്ലേ?’ അദ്ദേഹം ചോദിക്കുന്നു.

തിരൂര്‍ ജി.എം യു.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് നടത്തിയ പ്രതിരോധ കുത്തിവെപ്പ് തടയാനെത്തിയ യുവാക്കളോട് ആശുപത്രിയിലെ ഡോക്ടര്‍ കെ. പ്രശാന്ത് അപേക്ഷിക്കുന്ന ചിത്രമാണ് കെ. സുരേന്ദ്രന്റെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ ഉപയോഗിച്ചത്.

‘കേരളത്തില്‍ മതതീവ്രവാദമുണ്ടെന്ന് തെളിയിക്കാന്‍ കോടിയേരിയുടെ വെല്ലുവിളി മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇതെല്ലാം എന്നതുമാത്രമാണ് ഒരാശ്വാസം’ എന്നു പറഞ്ഞുകൊണ്ടായിരുന്നു കെ. സുരേന്ദ്രന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്.

Advertisement