ഡിസേബിള്‍ഡ് കുട്ടികളെ പറ്റിയുള്ള മാസ് ഡയലോഗ് കേട്ടപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയതെന്ന് ആരോ പറഞ്ഞത് ഓര്‍മ വന്നു: ഫാത്തിമ അസ്‌ല
Film News
ഡിസേബിള്‍ഡ് കുട്ടികളെ പറ്റിയുള്ള മാസ് ഡയലോഗ് കേട്ടപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയതെന്ന് ആരോ പറഞ്ഞത് ഓര്‍മ വന്നു: ഫാത്തിമ അസ്‌ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th July 2022, 12:26 pm

പൃഥ്വിരാജ് ചിത്രം കടുവയിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗില്‍ പ്രതികരണവുമായി ഡോക്ടര്‍ ഫാത്തിമ അസ്‌ല. നമ്മള്‍ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് എന്ന് അര്‍ഥം വരുന്ന മാസ് ഡയലോഗ് കേട്ടപ്പോള്‍ സങ്കടം തോന്നിയെന്നും ഉമ്മച്ചിയോ അപ്പയോ അല്ലെങ്കില്‍ അവരെ പോലുള്ള ഏതെങ്കിലും മാതാപിതാക്കള്‍ ഇത് പോലുള്ള കുത്ത് വാക്കുകള്‍ കേട്ടിട്ടുണ്ടാവുമോ എന്ന് ഓര്‍ത്ത് പേടി തോന്നിയെന്നും ഫാത്തിമ പറഞ്ഞു.

സഹതാപവും മുറിവേല്‍പ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണെന്നും ഫേസ്ബുക്കില്‍ ഫാത്തിമ കുറിച്ചു.

‘ഇന്നലെ തന്നെ കടുവ കണ്ടിരുന്നു.. ഫിറു ടിക്കറ്റ് എടുക്കാന്‍ ഓടി പോയപ്പോള്‍ തിയേറ്ററിലേക്ക് ഉള്ള സ്റ്റെപ് നോക്കി കുറേ നേരം ഇരുന്നു.. സ്റ്റെപ്പുകള്‍ ഉണ്ടാക്കുന്നതിനും റാമ്പ് ഉണ്ടാക്കുന്നതിനും ഒരേ പൈസ ആയിരിക്കോ, ഇച്ചിരി പൈസ കൂടിയാലും റാമ്പ് ഉണ്ടെങ്കില്‍ എനിക്കും ആരുടെയും സഹായം ഇല്ലാതെ കയറായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ച്, കണ്ണ് നിറച്ചാണ് സിനിമ കാണാന്‍ കയറിയത്.

 

‘അപ്പൊ ദേ.. ആദ്യം തന്നെ ‘നമ്മള്‍ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് disabled കുട്ടികള്‍ ജനിക്കുന്നത് ‘എന്ന് അര്‍ഥം വരുന്ന മാസ് ഡയലോഗ്. ആള്‍ക്കാര്‍ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാവോ ചിന്തിച്ചു വെച്ചിട്ടുണ്ടാവുക എന്നോര്‍ത്തപ്പോ പിന്നെയും സങ്കടം തോന്നി.

പണ്ട് ഒരാള്‍ ‘കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് ‘എന്ന് പറഞ്ഞത് ഓര്‍മ വന്നു. ഉമ്മച്ചിയോ അപ്പയോ അല്ലെങ്കില്‍ അവരെ പോലുള്ള ഏതെങ്കിലും parents ഇത് പോലുള്ള കുത്ത് വാക്കുകള്‍ കേട്ടിട്ടുണ്ടാവുമോ എന്ന് ഓര്‍ത്ത് പേടി തോന്നി. Disabled friendly ആയ, സഹതാപവും മുറിവേല്‍പ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണ്.. അല്ലേ..

‘സിനിമയാണ്, അങ്ങനെ കണ്ടാല്‍ മതി ‘ എന്നൊക്കെ എനിക്കും അറിയാം, പക്ഷെ ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, തേച്ചാലും മായ്ച്ചാലും പോവാത്ത ഇന്നലകള്‍, വേദനകള്‍ കണ്ണിന്റെ മുന്നിലേക്ക് വരും.. നമ്മളാരുമല്ലന്ന തോന്നലുണ്ടാക്കും.. അതോണ്ട് മാത്രം ഇത് ഇവിടെ എഴുതിയിടുന്നു,’ ഫാത്തിമ കുറിച്ചു.

 

അതേസമയം കടുവയിലെ നായകനായ കുരിച്ച്യന്റെ ഡയലോഗ് വിവാദമാവുകയാണ്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടി പിതാവ് ചെയ്ത തിന്മയുടെ ഫലമാണ് എന്ന രീതിയിലുള്ള ഡയലോഗാണ് പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നത്. ഡയലോഗിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

Content Highlight: Dr. Fatima Asla reacts to dialogue about children with Down syndrome in Prithviraj film kaduva