ഇരട്ടവോട്ട് ആരോപണം; കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പട്ടിക പരിശോധിക്കാന്‍ നിര്‍ദേശം
Kerala
ഇരട്ടവോട്ട് ആരോപണം; കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പട്ടിക പരിശോധിക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 1:01 pm

തിരുവനന്തപുരം: ഇരട്ടവോട്ടില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ട വോട്ട് പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

140 മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതിനായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് 25നകം പരിശോധന പൂര്‍ത്തിയാക്കണം.

സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണം. ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കും. ഒന്നിലധികം വോട്ടുള്ളവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചു.

സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടര്‍മാരുടെ വിവരങ്ങള്‍ എറോനെറ്റ് സോഫ്‌റ്റ്വെയറിലെ ലോജിക്കല്‍ എറര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്ത് തലത്തില്‍ തയാറാക്കണം. ഈ പട്ടിക ബി.എല്‍.ഒമാര്‍ക്ക് നല്‍കി ഫീല്‍ഡ്തല പരിശോധന നടത്തി യഥാര്‍ഥ വോട്ടര്‍മാരെ കണ്ടെത്തണം.

വോട്ടര്‍സ്‌ളിപ്പ് വിതരണത്തിനൊപ്പം ഈ പ്രക്രിയ നടത്തിയാല്‍ മതിയാകും. ഇതിനൊപ്പം വോട്ടര്‍മാര്‍ക്ക് യഥാര്‍ഥ എന്‍ട്രി ഉപയോഗിച്ച് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ എന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇത്തരത്തില്‍ ബി.എല്‍.ഒമാര്‍ കണ്ടെത്തുന്ന ആവര്‍ത്തനം അവര്‍ക്കു നല്‍കിയിട്ടുള്ള സമാന വോട്ടര്‍മാരുടെ പട്ടികയില്‍ കൃത്യമായി രേഖപ്പെടുത്തി 30ന് മുമ്പ് വരണാധികാരികള്‍ക്ക് നല്‍കണം. വരണാധികാരികള്‍ ആവര്‍ത്തനമുള്ള പേരുകാരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും.

ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളവരുടെ, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഒഴിച്ചുള്ളത് നശിപ്പിക്കും. ഇരട്ട വോട്ട് തെളിഞ്ഞവരുടെ പട്ടിക രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കൈമാറും. വോട്ട് ചെയ്താല്‍ മഷി ഉണങ്ങും വരെ ബൂത്തില്‍ തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി ചെന്നിത്തല പറഞ്ഞു. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Double Vote Instructions Tikkaram Meena