പാര്‍ട്ടികള്‍ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നു കിടക്കുന്നു; തമിഴ്‌നാട്ടില്‍ സഖ്യ സന്നദ്ധത അറിയിച്ച് നരേന്ദ്ര മോദി
national news
പാര്‍ട്ടികള്‍ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നു കിടക്കുന്നു; തമിഴ്‌നാട്ടില്‍ സഖ്യ സന്നദ്ധത അറിയിച്ച് നരേന്ദ്ര മോദി
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 9:15 pm

ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ ബി.ജെ.പി സഖ്യമുണ്ടാക്കുമെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടില്‍ സഖ്യത്തിന് സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ബി.ജെ.പിയുടെ വാതിലുകള്‍ മറ്റു പാര്‍ട്ടികള്‍ക്കായി തുറന്നു വെച്ചിരിക്കുകയാണെന്നായിരുന്നു മോദിയുടെ മറുപടി.

“ഞങ്ങള്‍ ഞങ്ങളുടെ പഴയ സുഹൃത്തുക്കളെ ഓര്‍ക്കുന്നു, മാത്രമല്ല ഞങ്ങളുടെ വാതിലുകള്‍ മറ്റ് പാര്‍ട്ടികള്‍ക്കായി തുറന്നു കിടക്കും”- ബി.ജെ.പി അണികളുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിനിടെ മോദി പറഞ്ഞു.

ഡി.എം.കെയുമായോ, എ.ഐ.എ.ഡി.എം.കെയുമായോ, രജനീകാന്തിന്റെ പാര്‍ട്ടിയുമായോ ബി.ജെ.പി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Also Read കൈരളി ക്യാമറ പെഴ്‌സണ്‍ ഷാജിലയെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയകരമായ സഖ്യകക്ഷി രാഷ്ട്രീയം നടപ്പില്‍ വരുത്തിയത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ആണെന്നും, അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ഒരു പ്രവണതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ഡി.എം.ഡി.കെ, പി.എം.കെ, എം.ഡി.എം.കെ എന്നീ ചെറു പാര്‍ട്ടികളുമായി ബി.ജെ.പി സഖ്യം ചേര്‍ന്നിരുന്നു. എന്നാല്‍ മത്സരിച്ച 39 സീറ്റുകളിലും പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിക്കും പി.എം.കെയ്ക്കും ഒരോ സീറ്റുകള്‍ മാത്രമായിരുന്നു അന്ന് നേടാന്‍ കഴിഞ്ഞിരുന്നത്. ഇതിനു പിന്നാലെ സഖ്യം പിരിച്ചുവിടുകയും ചെയ്തിരുന്നു.

Also Read രാഷ്ട്രീയ സംവാദങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിസാരവത്കരിക്കുന്നത് വേദനാജനകമാണ്; രാഹുല്‍ ഗാന്ധിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശനത്തിനെതിരെ മെഹ്ബൂബ മുഫ്തി

നേരത്തെ എ.എന്‍.ഐയുമായുള്ള അഭിമുഖത്തിലും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സഖ്യ ചര്‍ച്ചകള്‍ക്ക് ബി.ജെ.പി തയ്യാറാണെന്ന് മോദി അറിയിച്ചിരുന്നു. രജനീകാന്തിന്റെ പാര്‍ട്ടിയുമായോ കമലഹാസന്റെ പാര്‍ട്ടിയുമായോ ബി.ജെ.പി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിന്,”ഞങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളോടൊപ്പം വരാന്‍ താല്‍പര്യമുള്ളവരെ ഞങ്ങളോടൊപ്പം കൂട്ടാന്‍ തയ്യാറാണ്. പ്രാദേശികമായി ഞങ്ങളുടെ അടിത്തറ ശക്തമാക്കും”- എന്നായിരുന്നു മോദിയുടെ മറുപടി.