Administrator
Administrator
ഗാന്ധിവധം: ആര്‍.എസ്.എസിന് കൈകഴുകാനാവുമോ?
Administrator
Wednesday 3rd August 2011 5:45pm

ഗാന്ധിവധം ആര്‍.എസ്.എസിനുമേല്‍ കെട്ടിവക്കാനുള്ള പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കെ.ടി തോമസിന്റെ പ്രസ്താവന ചര്‍ച്ചയായിരിക്കയാണ്. ഗാന്ധിവധത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ഖോസലെ കമ്മീഷന്‍ ആര്‍.എസ്.എസിന് ഗാന്ധിവധവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെ.ടി തോമസ് കൊച്ചിയില്‍ ആര്‍.എസ്.എസ് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പ്രസ്താവിക്കുകയുണ്ടായി.

ജസ്റ്റിസ് തോമസിന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ ഘാതകരെ വെള്ളപൂശാന്‍ ജസ്റ്റിസ് കെ.ടി. തോമസിനെപ്പോലുള്ളവര്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. മഹാത്മജിയുടെ വധത്തെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമം നീതിനിരാസമാണെന്നും രാജ്യത്തെ ഉന്നത നീതിപീഠത്തിലെ പദവി അലങ്കരിച്ച വ്യക്തി ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ മിതത്വം പാലിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കുകയുണ്ടായി.

ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു, ഗാന്ധിവധം: ആര്‍.എസ്.എസിന് കൈകഴുകാനാകുമോ?

പ്രൊഫ. കെ.എന്‍ പണിക്കര്‍,ചരിത്രകാരന്‍

ഗാന്ധിവധത്തിന് പിന്നില്‍ ആര്‍.എസ്.എസ്.എസിന് പങ്കുണ്ട് എന്നത് വ്യക്തമായി സ്ഥാപിക്കപ്പെട്ടതാണ്. ഹിന്ദുതീവ്രവാദികളുമായി കൂട്ടുകെട്ടുണ്ടായിരുന്നവരാണ് ഗാന്ധി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗോഡ്‌സെ ആര്‍.എസ്.എസ് അംഗമായിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ ഹിന്ദു വര്‍ഗീയ ശക്തികള്‍ക്ക് ഗാന്ധിജിയോടുള്ള സമീപനം ഗോഡ്‌സെയെ സ്വാധീനിച്ചിരുന്നു എന്നത് വ്യക്തമാണ്. ഗാന്ധിജി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ക്കെതിരായിരുന്നു ആര്‍.എസ്.എസ്. ആര്‍.എസ്.എസിന്റെ ഹിന്ദുവര്‍ഗീയതയാണ് ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിക്കുന്നത്.

കേസില്‍ ആര്‍.എസി.എസ് കുറ്റക്കാരല്ല എന്ന് കോടതി പറഞ്ഞിട്ടില്ല. കോടതി പറഞ്ഞത് ഇങ്ങനെയാണ്. സവര്‍ക്കരുടെ പങ്കിനെക്കുറിച്ച് ധാര്‍മ്മികമായി സംശയമുണ്ട്. എന്നാല്‍ ഇതിന് തെളിവുകളില്ലെന്നാണ് കോടതി പറഞ്ഞത്. തെളിവുകളില്ല എന്നതുകൊണ്ട് കുറ്റക്കാരല്ല എന്നര്‍ത്ഥമില്ല.

ആര്‍.എസ്.എസ് ന്യൂനപക്ഷവിരുദ്ധമാണെന്ന പ്രചാരണം തെറ്റാണെന്ന കെ.ടി തോമസിന്റെ പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തുന്നു. ആര്‍.എസ്.എസിന്റെ സ്ഥാപകരിലൊരാള ഗോള്‍വാക്കര്‍ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്, ഇന്ത്യാരാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന്. അവരുടെ പുസ്തകങ്ങളും മറ്റും വായിക്കാത്തതിനാലാവാം തോമസ് ഇങ്ങനെ പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ യാതൊരു അവകാശവുമില്ലെന്ന് സവര്‍ക്കര്‍ അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഊന്നിപ്പറയുന്നുണ്ട്.

എം.വി ദേവന്‍- ചിത്രകാരന്‍

ആര്‍.എസ്.എസിന് പങ്കുണ്ടോ ഇല്ലയോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. സുപ്രീംകോടതി ജഡ്ജിയായിരുന്ന വ്യക്തിയാണ് കെ.ടി തോമസ്. അദ്ദേഹം ഈ കേസിനെക്കുറിച്ചും, ആരോപണത്തെക്കുറിച്ചും നന്നായി അറിയാം. അദ്ദേഹം പറയുന്നത് ആര്‍.എസ്.എസിന് പങ്കില്ലെന്നാണ്. ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല.


കെ.ഇ.എന്‍ കുഞ്ഞഹമ്മദ്-പുരോഗമന കലാസാഹിത്യ സംഘം മുന്‍ പ്രസിഡന്റ്

ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് കൃത്യമായ പങ്കുണ്ട്. എന്നാല്‍ സാങ്കേത ന്യായങ്ങള്‍ നിരത്തി തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ആര്‍.എസ്.എസ് നേതൃത്വം എന്നും പറയാറുള്ളത്. 1948 ജനുവരി 30നാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. അന്ന് പൂനെ,ജയ്പൂര്‍ എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ് മധുരപലഹാര വിതരണം നടത്തി ആഘോഷം നടത്തിയതായി പത്രങ്ങളില്‍ വാര്‍ത്ത വന്നതാണ്.

എന്നാല്‍ അക്കാലത്തൊന്നും ആര്‍.എസ്.എസിന് കൃത്യമായി മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുന്ന രീതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകത്തില്‍ പങ്കെടുത്തവര്‍ സാങ്കേതികമായി ആര്‍.എസ്.എസുകാരല്ലെന്ന് പറയാം. എന്നാല്‍ അവരെല്ലാവരും ആര്‍.എസ്.എസ് മുന്നോട്ട് വെച്ച ആശയത്തിന്റെ വക്താക്കളായിരുന്നുവെന്നത് ചരിത്രസത്യമാണ്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിക്കപ്പെടുകയാണ്.

നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗോള്‍വാര്‍ക്കര്‍ അന്നത്തെ അഭ്യന്തരമന്ത്രി പട്ടേലിന് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിയായി പട്ടേലയച്ച കത്തില്‍ ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനുള്ള പങ്ക് വ്യക്തമായിപ്പറയുന്നുണ്ട്. ഹിന്ദു മു്‌സ ലിം ഐക്യത്തിലൂടെ മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കൂവെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണെന്ന് ആര്‍.എസ്.എസിന്റെ വേദഗ്രന്ഥമായ വിചാരധാരയില്‍ പറയുന്നുണ്ട്. ഇക്കാലക്ക് ഇങ്ങിനെ പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഗാന്ധിജിയെ ഉന്നം വെച്ചാണ് വിചാരധാന ഇക്കാര്യം പറഞ്ഞത്.

താനും സഹോദരനും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നതില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ ജനസംഘം ഇപ്പോള്‍ ഞങ്ങളെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഗാന്ധി വധക്കേസില്‍ തൂക്കിലേറ്റപ്പെട്ട നാഥൂറാം വിനായക് ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ വ്യക്തമാക്കിയിരുന്നു. കേസില്‍ കോടതിയില്‍ വിചാരണക്ക് ഹാജരാകുമ്പോള്‍ ഗോഡ്‌സെ ആര്‍.എസ്.എസ് ശാഖയില്‍ ചൊല്ലാറുണ്ടായിരുന്ന പ്രാര്‍ഥന ചൊല്ലാറുണ്ടായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത്. ഗോഡ്‌സെയെ തള്ളിപ്പറഞ്ഞതുകൊണ്ട് ഗാന്ധിവധത്തില്‍ നിന്ന് ആര്‍.എസ്.എസിനെ കുറ്റവിമുക്തമാക്കാനാവില്ലെന്നതാണ്.


കെ.സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്

ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. വര്‍ഷങ്ങളായി ആര്‍.എസ്.എസ്സിനെതിരെ ഉയരുന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ജസ്റ്റിസിന്റെ പ്രസ്താവനയിലൂടെ വീണ്ടും വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജൂഡീഷ്യറി നടത്തിയ അന്വേഷണത്തില്‍ ആര്‍.എസ.എസിന് പങ്കില്ലെന്ന് വ്യക്തമായതാണ്. ഇതിനെത്തുടര്‍ന്ന് സംഘടനയെ കുറ്റവിമുക്തമാക്കിയതാണ്. അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൊരിടത്തും ആര്‍.എസ്.എസ്സിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. മനപൂര്‍വം ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്.

ഗാന്ധിയെ ഒരിക്കലും രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭാരതത്തിലെ അനേകം മക്കളില്‍ ഒരാളാണ് ഗാന്ധിയുമെന്ന രാജഗോപാലിന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കാനേ കഴിയുകയുള്ളു. ഇതിനെ കോണ്‍ഗ്രസുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അംഗീകരിച്ചു തരില്ല. മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമാണ് ഞങ്ങളുടെ നിലപാടുകള്‍. എന്നാല്‍ ഇതിന്റെ പേരില്‍ ഒരാളെ കൊല്ലാനോ ആക്രമിക്കാനോ ഞങ്ങള്‍ മുതിരുന്നില്ല. അതേസമയം നിലപാടുകള്‍ വ്യക്തമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു എന്നുമാത്രം.

ഹിന്ദുമുസ്ലിം ഐക്യത്തോടെ മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനാവൂവെന്ന് പറയുന്നയാള്‍ രാജ്യദ്രോഹിയാണെന്ന് വിചാരധാരയില്‍ വായിച്ചതായി ഞാനോര്‍ക്കുന്നില്ല. ആ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ഇപ്പോഴും ആ പുസ്തകം എന്റെ കൈവശമുണ്ട്. ഹിന്ദുമുസ്ലിം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് വിചാരധാരയില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല, ആ പുസ്തകത്തിലെ വാക്കുകളെയും വാചകങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യാനും ശ്രമിക്കരുത്. പുസ്തകത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ പ്രത്യേക താല്‍പര്യത്തിനുവേണ്ടി പ്രയോഗിക്കുന്നത് ശരിയല്ല. വിചാരധാരയില്‍ ഏത് സാഹചര്യത്തിലാണ് ഈ വാചകം ഉപയോഗിച്ചതെന്നും ആരോപിക്കുന്നവര്‍ കൃത്യമായി മനസ്സിലാക്കണം.

ഞങ്ങള്‍ ആര്‍.എസ്.എസ്സുകാരായിരുന്നു എന്ന് ഗോപാല്‍ ഗോഡ്‌സെ വെളിപ്പെടുത്തിയതായി അറിയില്ല. ഗാന്ധിയെ വധിച്ചത് ഗോപാല്‍ ഗോഡ്‌സെയുടെ സഹോദരന്‍ നാഥുറാം ഗോഡ്‌സെയാണ്. അന്വേഷണ റിപ്പോര്‍ട്ടിലൊരിടത്തും നാഥുറാം ആര്‍.എസ്.എസ്സുകാരനാണെന്ന് പറയുന്നില്ല. ഗോപാല്‍ ഗോഡ്‌സെയും ഗാന്ധിവധവും തമ്മില്‍ ബന്ധമില്ല. അയാള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്ന് ആരാണ് പറഞ്ഞത്. ഗാന്ധിവധവുമായി ആര്‍.എസ്.എസ്സിന് ബന്ധമില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോടതി സംഘടനയെ കുറ്റവിമുക്തമാക്കിയിട്ടുള്ളതാണ്. വീണ്ടും സംഘടനയ്ക്ക് പങ്കുണ്ടെന്ന് വാദിക്കുന്ന നേതാക്കള്‍ ഞങ്ങളെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നേ ഇതിനെക്കുറിച്ച് പറയാനാവു.


എം. ഗംഗാധരന്‍- ചരിത്രകാരന്‍

ഗാന്ധി വധത്തില്‍ ആര്‍. എസ്. എസിന് പങ്കുണ്ടെന്നതില്‍ യാതൊരു സംശയവും ഇല്ല. ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ അജണ്ടയായിരുന്നു ഗാന്ധി വധം. ഗോഡ്‌സെ അല്ലെങ്കില്‍ മറ്റൊരാള്‍ അത് നടപ്പിലാക്കുമായിരുന്നു.

സാങ്കേതികമായിട്ട് ആര്‍. എസ്. എസിനെ കുറ്റ വിമുക്തമാക്കുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങളെല്ലാം തന്നെ രാഷ്ട്രീയമായ നീക്ക്‌പോക്കുകളും വോട്ട് ലക്ഷ്യമാക്കി ഏതെങ്കിലും വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണ്.

എം.ജി.എസ് നാരായണന്‍-ചരിത്രകാരന്‍

ജസ്റ്റിസ് കെ.ടി തോമസിന്റെ പ്രസ്താവനയെക്കുറിച്ച് എനിക്ക് അഭിപ്രായമൊന്നും പറയാനില്ല. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കാന്‍ സാധിക്കുകയുള്ളു. മാധ്യമങ്ങളില്‍വന്ന വാര്‍ത്തകകളില്‍നിന്നും കൂടുതലായി എനിക്കൊന്നും അറിയില്ല.

എങ്കിലും ജസ്റ്റിസ് കെ.ടി തോമസിനെപ്പോലെ ഉന്നത നീതിപീഠത്തിലിരുന്ന ഒരാള്‍ യാതൊരു കാരണവുമില്ലാതെ ഇത്തരം പ്രസ്താവനകളുമായി മുന്നോട്ടുവരില്ല. കേസിനെക്കുറിച്ചും ജഡ്ജ്‌മെന്റിനെക്കുറിച്ചും വിശദമായി അറിയാവുന്ന ആള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എന്തെങ്കിലും വാസ്തവം കാണും.

Advertisement