Administrator
Administrator
ജനതയെ വിഷം കൊടുത്തു കൊല്ലുന്ന സര്‍ക്കാര്‍
Administrator
Tuesday 2nd August 2011 4:07pm

ന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയിരിക്കയാണ്. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന കള്ള സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജിയിലാണ് കേന്ദ്രം ഈ വാദം നിരത്തിയിരിക്കുന്നത്.

ജനീവ കണ്‍വെന്‍ഷനും രാജ്യത്തുടനീളവും പ്രത്യേകിച്ചും കേരളത്തിലും നടന്ന ജനകീയ മുന്നേറ്റങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ കണ്ണുതുറപ്പിക്കുമെന്ന് കരുതിയിവര്‍ക്ക് തെറ്റി. മരണത്തിന്റെ വ്യാപാരികള്‍ക്കൊപ്പമാണ് തങ്ങളെന്ന് കേന്ദ്രം ഉറക്കെ പ്രഖ്യാപിക്കുകയാണ്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ഇന്ന് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. ജനതയെ വിഷം കൊടുത്തു കൊല്ലുന്ന സര്‍ക്കാര്‍

ടി.വി രാജേഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി

എന്‍ഡോസള്‍ഫാന് ക്ലീന്‍ ചിറ്റ് നല്‍കുന്ന എതിര്‍സത്യവാങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മാരക കീടനാശിനിയല്ല, അത്തരം പ്രചരണങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയില്ല എന്നൊക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. സര്‍ക്കാര്‍ എന്‍ഡോസള്‍ഫാനെ അംഗീകരിക്കുകയാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല, ഈ സത്യവാങ്മൂലം തയ്യാറാക്കിയ വന്ദന ജെയ്ന്‍ സ്‌റ്റോക്ക് ഹോം കമ്മീഷന്‍ നടക്കുമ്പോള്‍ എന്‍ഡോസള്‍ഫാനുവേണ്ടി മറ്റുരാജ്യങ്ങളില്‍ ക്യാമ്പയിനിംങ് നടത്തിയ ആളാണ്.

ഇതിനു പുറമേ, സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കവും സംശയത്തിനിടയാക്കുന്നതാണ്. ഐ.സി.എം.ആറിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ സത്യവാങ്മൂലം നല്‍കാന്‍ സമയം നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍ ഈ പഠനറിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ധൃതി കാണിക്കുകയായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ഈ നീക്കം ക്രൂരമായ അവഹേളനമാണ്. മനുഷ്യാവകാശ ലംഘനമാണ്. സര്‍ക്കാരിന് വലുത് കീടനാശിനി ലോബികളാണെന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് അവസാനിപ്പിക്കണം. ഡി.വൈ.എഫ്.ഐ ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകും. ഒപ്പം കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഡി.വൈ.എഫ്.ഐ ക്യാമ്പയിനിംങ് നടത്തും.

ഡോ. ജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍

കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര കൃഷി മന്ത്രാലയം കൈക്കൊള്ളുന്ന നിലപാട് ഇപ്പോഴും തുടരുന്നു എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഇവര്‍ ചൂണ്ടിക്കാണിക്കുന്ന മാനദണ്ഡങ്ങള്‍ വാസ്തവവിരുദ്ധങ്ങളാണ്. കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളിലാണ് എന്‍ഡോസള്‍ഫാന്റെ ഉപയോഗം കുറക്കേണ്ടതെന്നായിരുന്നു ഇവരുടെ വാദം.

ഇത്തരം പ്രദേശങ്ങളില്‍ ഈ കീടനാശിനിയുടെ ഉപയോഗം കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതിന്റെ ശാസ്ത്രീയത എന്താണെന്നു മനസ്സിലാവുന്നില്ല. കാര്‍ഷികവൃത്തി കുറഞ്ഞ മേഖലയിലായാലും കൂടിയ മേഖലയിലായാലും എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയാണ് മനുഷ്യന് ഭീഷണി. തികച്ചും അശാസ്ത്രീയവും ജനവിരുദ്ധവുമായിട്ടാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഈ വാദത്തെ കാണാന്‍ കഴിയുക. ജനങ്ങളെക്കാള്‍ വലുത് കീടനാശിനികളാണ് എന്ന് അവര്‍ സ്വയംപ്രഖ്യാപിക്കുന്നതായി ഇതില്‍നിന്നും മനസ്സിലാകുന്നു. കാര്‍ഷികവൃത്തി കുറഞ്ഞ രാജ്യങ്ങളില്‍ ഈ കീടനാശിനി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെങ്കില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത് അതിന്റെ ഗൗരവം എത്രത്തോളമുണ്ടാകുമെന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി മന്ത്രാലയത്തിന് ഇല്ലാതെ പോയി.

ഒരു തരത്തില്‍ പറയുകയാണെങ്കില്‍ 1991 മുതല്‍ കേന്ദ്ര കൃഷി മന്ത്രാലയം ഇതേ നിലപാട് തുടരുകയാണ്. 20 വര്‍ഷമായി അതില്‍മാറ്റം വരുത്താന്‍ ഇവര്‍ തയ്യാറാവുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയാണെങ്കില്‍ അത് 1991 ല്‍ വേണമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഇന്ത്യയില്‍ തുടരണമോ എന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ ഡോ.ബാനര്‍ജി കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. വെള്ളമുള്ള ഭാഗങ്ങളില്‍ അഥവാ ജലാംശം കൂടുതലുള്ള പ്രദേശങ്ങളില്‍ ഈ കീടനാശിനിയുടെ ഉപയോഗം അതിഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഈ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ അതിന്റെ മുഖവിലയ്‌ക്കെടുക്കുകയാണെങ്കില്‍ 91 ല്‍തന്നെ ഈ കീടനാശിനി നിരോധിക്കപ്പെടേണ്ടതായിരുന്നു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കാരണം തളിക്കുന്ന രീതിയേക്കാള്‍ പ്രധാനം അത് കീടനാശിനിയാണെന്നതാണ്. ഇത്രയും ദുരിതം ഒരു ജനത അനുഭവിക്കുന്നതില്‍ മുഖ്യപ്രതി കേന്ദ്ര കൃഷി മന്ത്രാലയമാണ്. കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ ഇക്കാര്യത്തില്‍ കൂട്ടുപ്രതിയാക്കാനേ സാധിക്കുകയുള്ളു. ഗുരുതരമാണെന്നറിഞ്ഞിട്ടും ഇതിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ കേന്ദ്ര കൃഷി മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം അര്‍ഹിക്കുന്ന അവജ്ഞയോടെ കോടതി തള്ളുകയേയുള്ളു.

തീര്‍ത്തും ജനവിരുദ്ധമായിട്ടുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. മറ്റൊന്ന് ഈ വിഷയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത കാര്യമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും ലഭിക്കുന്ന അനുമതിയോടെയാണ് സുപ്രീംകോടതിയിലേക്ക് ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ ആ സ്ഥാപനത്തിലും പ്രധാനമന്ത്രിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഇല്ലാതാവുകയാണ്. ഇന്ത്യയെന്ന രാഷ്ടം കാസര്‍കോട്ടും കര്‍ണ്ണാടകയിലുമുള്ള രണ്ട് വിഭാഗങ്ങളോട് കാണിക്കുന്ന അനാദരവാണ് ഇത് വ്യക്തമാക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ പിന്തുണയുമുണ്ടെന്ന് നമുക്ക് മനസ്സിലാക്കേണ്ടിവരും. ഒരു പക്ഷേ ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ ഈ പരാതിയെങ്കിലും ഒഴിവാക്കാമായിരുന്നു. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പൊതു താല്‍പര്യം സംരക്ഷിക്കേണ്ട പ്രധാനമന്ത്രിയിലുള്ള വിശ്വാസ്യതയാണ് ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. അല്ലെങ്കില്‍ അദ്ദേഹത്തിനുണ്ടെന്ന് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പരാജയമാണ് സംഭവിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന അന്വേഷിക്കുകയും പറയുകയും ചെയ്യേണ്ട കേന്ദ്ര ആരോഗ്യവകുപ്പിന് പകരം കൃഷിമന്ത്രാലയം ഇത്തരത്തിലൊരു നീക്കം നടത്തിയത് കേന്ദ്രസര്‍ക്കാരും കമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് വെളിപ്പെടുത്തുന്നത്.

ഡോ.മുഹമ്മദ് അഷീല്‍, സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സ്വതന്ത്രപ്രതിനിധി

കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി കണ്ണടച്ച് ഇരുട്ടാക്കലാണ്. ഡബ്ല്യു.എച്ച്.ഒ അടക്കം സ്‌റ്റോക്‌ഹോമില്‍ അവരുടെ നിലപാട് വ്യക്തമാക്കയതാണ്. ലോകരാജ്യങ്ങളില്‍ സംശയാടിസ്ഥാനത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതെന്ന വാദം തീര്‍ത്തും തെറ്റാണ്. എന്‍ഡോസള്‍ഫാന്‍ മാനവരാശിയില്‍ വരുത്തുന്ന ദോഷങ്ങള്‍ തെളിയിക്കുന്ന 1505 പഠനങ്ങള്‍ എന്റെ കൈയ്യിലുണ്ട്.

സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ പ്രത്യേകം സത്യാവാങ്ങ് മൂലം നല്‍കിയതാണ്. അത്‌കൊണ്ട് തന്നെ നിലവില്‍ സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക നിരോധനത്തെ ഇത് ബാധിക്കാനിടയില്ല.

മധുരാജ്, സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ മാതൃഭൂമി

കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഏറ്റവും നാണം കെട്ടതാണ്. ജനീവ കണ്‍വെന്‍ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മുഖം നഷ്ടപ്പെടുത്തിയിരുന്നു. അന്ന് കേരളം കൈക്കൊണ്ട നിലപാടാണ് രാജ്യത്തെ കുറച്ചെങ്കിലും മാനക്കേടില്‍ നിന്ന് രക്ഷിച്ചത്. എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് വേണ്ടി തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

സര്‍വ്വ രംഗത്തും അഴിമിതിയില്‍ കുളിച്ച സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. ഈ സര്‍ക്കാറിന്റെ കാലത്ത് ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. പ്രധാനമന്ത്രിവരെ സംശയ നിഴലിലായ സാഹചര്യത്തില്‍ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് എളുപ്പത്തില്‍ തങ്ങളുടെ കാര്യം നേടിയെടുക്കാന്‍ കഴിയും. മരണത്തിന്റെ വ്യാപാരികളില്‍ നിന്ന് കമ്മീഷന്‍ വാങ്ങുന്ന രാഷ്ട്രീയ നേതാക്കളാണ് ഇവിടെയുളളത്. അവരുടെ ഉപജാപത്തിന് ജനം ഇരയാവുകയാണ്.

കാസര്‍ക്കോട്ടെ പ്രശ്‌നം എന്‍ഡോസള്‍ഫാന്‍ കാരണമല്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇന്ത്യ മുഴുവന്‍ ദുരന്തമുണ്ടായാലും ഇവര്‍ ഇങ്ങിനെ തന്നെയേ പറയൂ.

Advertisement