Administrator
Administrator
യു.ഡി.എഫ് മദ്യനയം കേരളത്തെ രക്ഷിക്കുമോ?
Administrator
Wednesday 27th July 2011 5:40pm

ഒരു സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും മദ്യ നയം അവരുടെ സാംസ്‌കാരിക സാമൂഹിക നിലവാരത്തിനെ ആശ്രയിച്ചാണിരിക്കുന്നത്. അയഥാര്‍ത്ഥമായ ലോകമാണ് ലഹരി മനുഷ്യന് നല്‍കുന്നത്. സമൂഹത്തിന്റെ ക്രിയാശേഷിയെയും സാമ്പത്തിക ഭദ്രതയെയും മദ്യം തകര്‍ത്തുകളയുന്നു. വ്യക്തി,കുടുംബ,സമൂഹ ജീവിതത്തിന്റെ ആത്യന്തികമായ സന്തോഷത്തെ കെടുത്തിക്കളയുന്നതാണ് മദ്യമെന്ന കാര്യത്തില്‍ മദ്യപാനികള്‍ക്ക് പോലും തര്‍ക്കമുണ്ടാവുകയില്ല.

മദ്യപാനം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വേറെയാണ്. എന്നാല്‍ ഇതെല്ലാം ബോധ്യമുണ്ടായിട്ടും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കേരളീയര്‍ മത്സരിച്ച് മദ്യം കുടിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. മദ്യപിച്ച് ലക്കുകെട്ട ജനതയെ വിളിച്ചുണര്‍ത്തേണ്ട സര്‍ക്കാര്‍ പക്ഷെ അവര്‍ കുടിക്കുന്ന മദ്യത്തിന്റെ നികുതിയായി ലഭിക്കുന്ന പണം കണ്ട് കണ്ണ് മഞ്ഞളിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു, യു.ഡി.എഫ് മദ്യനയം കേരളത്തെ രക്ഷിക്കുമോ?

ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍-മദ്യവിരുദ്ധ സമിതി സംസ്ഥാന നേതാവ്

യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശദീകരിക്കാം: ‘അല്‍പം ആശ്വാസകരം. തീരെ അഭിമാനകരമല്ല’. മദ്യത്തില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാടിനെ രക്ഷിക്കാന്‍ തീരെ പര്യാപ്തമല്ല ഈ മദ്യനയം. കാരണം സര്‍ക്കാരിന് മദ്യനിരോധനത്തില്‍ ആത്മാര്‍ത്ഥമായ താല്‍പര്യമുണ്ടെങ്കില്‍ മദ്യശാലകള്‍ക്ക് അംഗീകാരം നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കുകയാണ് വേണ്ടത്. ‘മദ്യനിരോധനത്തിലേക്കുള്ള ചുവട്’ എന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ആവേശം കൊള്ളുന്ന മദ്യനയത്തിന്റെ പിന്നാമ്പുറം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

ബാറിന്റെ പ്രവര്‍ത്തനസമയം കുറച്ചു എന്നതുകൊണ്ട് പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. നിയമലംഘനം പതിവായ നമ്മുടെ നാട്ടില്‍ സമയം നോക്കി ബാറുകള്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഇതിനെതിരെ ഒരു അധികാരിയും നീങ്ങില്ലെന്ന് മാത്രമല്ല രാഷ്ട്രീയ പിന്തുണയും അധികാര പിന്തുണയും ഇവര്‍ക്കുണ്ടാകുകയും ചെയ്യും.

മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഒരു മദ്യശാലയിലും ജനന തീയതി രേഖപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് കാണിക്കണമെന്ന് നിര്‍ബന്ധമില്ല. ഒരാള്‍ക്ക് സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ് കുറച്ചത് നല്ലതാണ്. അതേസമയം കൃത്യമായ പരിശോധന നടത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു നാടല്ല കേരളമെന്നത് ഇതിന്റെ പ്രായോഗികതയില്‍ സംശയമുണര്‍ത്തുന്നു. നമ്മുടെ എക്‌സൈസ് നിയമങ്ങളില്‍ മദ്യനിരോധനത്തിലേക്ക് നയിക്കുന്ന നിരവധി വകുപ്പുകളുണ്ടെങ്കിലും അധികൃതര്‍ നടപടികളെടുക്കാറില്ല.

കോടതി ഇടപെട്ടാല്‍ ബാറുകള്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍വാദം ചതിയാണ്. സര്‍ക്കാരിന്റെയും ജനങ്ങളുടെയും പ്രതിനിധിയായി കോടതിയില്‍ വാദിക്കേണ്ട സര്‍ക്കാര്‍ അഭിഭാഷകന്‍ മൗനംകൊണ്ട് ബാറുടമകളെ സഹായിക്കുന്ന സമീപനം സ്വീകരിക്കും. സ്റ്റാറുകളുടെ എണ്ണം കൂട്ടുന്ന കാര്യത്തെക്കുറിച്ചും മദ്യനയത്തില്‍ പറയുന്നുണ്ട്. സ്റ്റാറുകളുടെ എണ്ണം കൂട്ടുന്നതിനു പകരം സ്റ്റാറുകള്‍തന്നെ എടുത്തുകളയുകയാണ് വേണ്ടത്. ബാറുകള്‍ക്ക് ആരാധനാലയങ്ങളുമായുള്ള ദൂരപരിധിയെക്കുറിച്ച് മദ്യനയത്തില്‍ പരാമര്‍ശിച്ചിട്ടില്ല. യു.ഡി.എഫ് ചീഫ് വിപ്പാണെന്ന കാര്യംപോലും ഓര്‍ക്കാതെ അബ്കാരി ഏജന്റെന്നപോലെ ബാര്‍ഹോട്ടലുകള്‍ക്കുവേണ്ടി വാദിച്ച പി.സി ജോര്‍ജിനോടുള്ള തങ്ങളുടെ നിലപാട് െ്രെകസ്തവ സഭാനേതാക്കള്‍ വ്യക്തമാക്കണം.

മദ്യനയത്തെക്കുറിച്ച് പറയുമ്പോള്‍ വിസ്മരിക്കാനാകാത്തത് യു.ഡി.എഫ് നേതാക്കളുടെ വാഗ്ദാനങ്ങളാണ്. മദ്യശാലകള്‍ക്കുള്ള അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്കു തിരിച്ചുനല്‍കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ മദ്യനയത്തില്‍ ഇതേക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ഇത്തരമൊരധികാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ഈ നയം കുറച്ചുകൂടി ജനപക്ഷമാകുമായിരുന്നു. ജനപക്ഷത്ത് നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പ്രലോഭനങ്ങളെ അതിജയിക്കാനുള്ള ആര്‍ജവം സര്‍ക്കാരിനുണ്ടാകണം. എങ്കിലും ആശയപരമായി മദ്യത്തെ പിന്തുണയ്ക്കുന്നില്ലെന്നതുകൊണ്ടുതന്നെ യു.ഡി.എഫിലും പ്രത്യേകിച്ചും മുസ്ലിംലീഗിലും തന്നെയാണ് പ്രതീക്ഷ.

വി.എം സുധീരന്‍- കോണ്‍ഗ്രസ് നേതാവ്
യു.ഡി.എഫ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ചില ആവശ്യങ്ങള്‍ മദ്യനയത്തില്‍ ഉള്‍പ്പെടുത്താത്തത് പ്രതീക്ഷയുടെ നിറം കെടുത്തി. മദ്യനയത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ട്.

കുറച്ചുകൂടി ക്രിയാത്മക കാര്യങ്ങള്‍ മദ്യനയത്തില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കണം. മദ്യനയത്തില്‍ മാറ്റംവരുത്തണമെന്ന് സര്‍ക്കാരിനോടും പാര്‍ട്ടിനേതൃത്വത്തോടും ആവശ്യപ്പെടും.


വെള്ളാപ്പള്ളി നടേശന്‍-എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ്

സര്‍ക്കാറിന്റെ പുതിയ മദ്യ നയം കൊള്ളാം. എന്നാല്‍ മദ്യത്തെ നിരോധിച്ചതുകൊണ്ട് ലോകത്തൊരിടത്തും മദ്യപാനം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. മദ്യവര്‍ജ്ജനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചാരണപരിപാടികളാണ് വേണ്ടത്. എല്ലാ ലഹരി പദാര്‍ത്ഥങ്ങളും ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ആശയപ്രചാരണം നടത്തണം.

പുതിയ മദ്യ നയത്തോട് യോജിപ്പുകളും വിയോജിപ്പുകളുമുണ്ട്. ഒരാള്‍ക്ക് ഇത്രയും അധികം മദ്യം കൈവശം വെക്കാന്‍ അവകാശം നല്‍കേണ്ടതില്ല. എന്നാല്‍ ബാറുകള്‍ക്ക് ദൂരപരിധി നിശ്ചയിച്ചതും ബാാറുകള്‍ അനുവദിക്കുന്നതിന് നിയന്ത്രണം വെച്ചതും അഭിനന്ദനാര്‍ഹമാണ്.

കഴിഞ്ഞ സര്‍ക്കാര്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് കൊടുക്കുകയാണ് ചെയ്തത്. ഈ നയം തൊഴിലാളികളുടെ താല്‍പര്യത്തിന് വിരുദ്ധമാണ്. സഹകരണ സംഘങ്ങള്‍ ഒരിക്കലും തൊഴിലാളികളുടെ താല്‍പര്യത്തിന് ഗുണകരമായി പ്രവര്‍ത്തിച്ചിട്ടില്ല. സഹകരണ സംഘങ്ങള്‍ ഗ്രാറ്റിവിറ്റി ഇനത്തില്‍ നല്‍കേണ്ട ലക്ഷങ്ങളുടെ കുടിശ്ശിക എഴുതിത്തള്ളുകയാണ് ചെയ്തത്.

എന്നാല്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ഷാപ്പ് അനുവദിക്കാനുള്ള പുതിയ സര്‍ക്കാര്‍ തീരുമാനം തൊഴിലാളികളുടെ താല്‍പര്യത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കും.

ഫാദര്‍ ആന്റണി ജെയിംസ്(കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

പുതിയ സര്‍ക്കാരിന്റെ മദ്യനയത്തില്‍ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനുള്ള യാതൊരു നീക്കങ്ങളുമില്ല. മദ്യം ഘട്ടം ഘട്ടമായി നിരോധിക്കുമെന്നാണ് യു.ഡി.എഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇതിന്റെ മുന്നോടിയായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മദ്യനയത്തെ കാണാന്‍ കഴിയില്ല.

പുറമേ നിന്ന് നോക്കുമ്പോള്‍ ഒരുപാട് നിയന്ത്രണങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് തോന്നും. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇതെല്ലാം വെറും പുകമറകള്‍ മാത്രമാണെന്ന് മനസിലാക്കാം. പുതുതായി ബാറുകള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം വരുത്തും, മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി കൂട്ടുക തുടങ്ങിയവയാണ് മേന്‍മയായി എടുത്തുകാട്ടുന്ന പ്രഖ്യാപനങ്ങള്‍. എന്നാല്‍ 2012 മാര്‍ച്ച് വരെ മാത്രമെ ത്രിസ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കൂ എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലാവധി 2016ല്‍ അവസാനിക്കും. സ്വാഭാവികമായും അതിനുശേഷം വരുന്നത് പുതിയ സര്‍ക്കാരായിരിക്കും. അവര്‍ ഇതുവരെ സ്വീകരിച്ച് നടപടികള്‍ നമ്മള്‍ കണ്ടതാണ്. അതിനാല്‍ പിന്നീട് മദ്യലോബിക്ക് അനുകൂലനമായ നീക്കം നടക്കും.

മറ്റൊരു കാര്യം പറയാനുള്ളത് കേരളത്തിലെ 10 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സമീപപ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ്. ഇവിടെങ്ങളിലെത്തി ആര്‍ക്കും മദ്യം സുലഭമായി വാങ്ങാം. ഇതുകൊണ്ടൊക്കെയാണ് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനുള്ള നടപടികളൊന്നുമില്ലെന്ന് പറഞ്ഞത്. പിന്നെ പ്രായപരിധി കുറയ്ക്കാനുള്ള തീരുമാനത്തിന്റെ കാര്യത്തിലാണെങ്കില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവന്റെ ജനനസര്‍ട്ടിഫിക്കറ്റ് നോക്കിയല്ലല്ലോ അയാള്‍ക്ക് മദ്യം നല്‍കുന്നത്.

ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റംവരുത്തിയതും ഗുണകരമാകുമെന്ന് തോന്നുന്നില്ല. മറ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സമയപരിധിയില്‍ കൊണ്ടുവരികയാണ് വേണ്ടത്. വൈകുന്നേരമാണ് ഏറ്റവും കൂടുതല്‍ പേര്‍ മദ്യം വാങ്ങാനെത്തുക. അഞ്ച് മണിവരെയോ, ഏഴ് മണിവരെയോ ആക്കി പ്രവര്‍ത്തനസയമം ചുരുക്കുകയാണ് വേണ്ടത്.

സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കുകയാണ് വേണ്ടത്. പക്ഷെ ഈ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോള്‍ സര്‍ക്കാര്‍ പല ന്യായങ്ങളും പറഞ്ഞ് ഒഴിയും. തൊഴില്‍ നഷ്ടം, മുഖ്യവരുമാനം, വ്യാജന്‍ പ്രചരിക്കും, ടൂറിസത്തില്‍ നിന്നുള്ള വരുമാനം കുറയും തുടങ്ങിയ കാരണങ്ങളാണ് മദ്യനിരോധനം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ടൂറിസത്തിന്റെ കാര്യം തന്നെയെടുക്കാം. ഏത് ടൂറിസ്റ്റാണ് മദ്യപിക്കാനായി മാത്രം നാടുകാണാനെത്തുന്നത്. ഇതിനേക്കാള്‍ നല്ല മദ്യം കിട്ടുന്ന സ്ഥലങ്ങളില്‍ നിന്നെത്തുന്നവരാണ് കേരളം സന്ദര്‍ശിക്കുന്ന മിക്ക വിദേശികളും.

പിന്നെ മദ്യത്തില്‍ നിന്നു കിട്ടുന്നവരുമാനത്തിന്റെ ഇരട്ടി മദ്യപിച്ചവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാരണം ചിലവാക്കേണ്ടിവരുന്നുണ്ടെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടിയേരി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനു പുറമെ മദ്യനിരോധനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പകുതി തുക കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. വ്യാജന്‍ പ്രചരിക്കുമെന്ന ന്യായീകരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും, നിസ്സഹായാവസ്ഥയുമാണ് കാണിക്കുന്നത്. വ്യാജ മദ്യവില്‍പ്പന നടത്തുന്നവരെ തടയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് അവര്‍ സമ്മതിക്കുന്നതിന് തുല്യമാണിത്. തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്.


എന്‍.എല്‍ ബാലകൃഷ്ണന്‍- ഫോറം ഫോര്‍ ബെറ്റര്‍ സ്പിരിറ്റ് സംസ്ഥാന പ്രസിഡന്റ്

സര്‍ക്കാരിന്റെ പുതിയ മദ്യനയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകുകയും ചെയ്യരുത് എന്ന നിലപാടാണ് മദ്യത്തിന്റെ കാര്യത്തില്‍ എല്ലാവരും സ്വീകരിച്ചിട്ടുള്ളത്. പുതിയ നയത്തിന്റെ കാര്യത്തില്‍ തന്നെ പറയാം. മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 21 വയസാക്കി മാറ്റിയിട്ടുണ്ട്. ഇത കൊണ്ട് ഒരാള്‍ക്കും ഒരുഗുണവും ഉണ്ടാവാന്‍ പോകുന്നില്ല. പതിനഞ്ചുവയസുകാരന് കുടിക്കണമെന്ന് തോന്നിയാല്‍ 21 വയസുകാരനെ പറഞ്ഞയച്ച് വാങ്ങിപ്പിക്കും.

അബ്കാരികളെയും മദ്യരാജാക്കന്‍മാരെയും സഹായിക്കുന്ന നയം മാത്രമാണിത്. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും അവരെല്ലാം ശ്രമിക്കുന്നത് ഇത്തരക്കാരെ സംരക്ഷിച്ചുനിര്‍ത്താനാണ്. ഈ മദ്യനയത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കുക കേരളത്തിലെ സാധാരണക്കാരാണ്. അവര്‍ക്ക് വീട്ട് ചിലവിന് 500രൂപ ലഭിച്ചിരുന്നെങ്കില്‍ അത് 250ആയി കുറയും. കുടിക്കുന്നവര്‍ എന്ത് കഷ്ടം സഹിച്ചാണെങ്കിലും കുടിക്കും. ബാറുകള്‍ തമ്മിലുള്ള അകലം കൂട്ടിയെങ്കില്‍ ഓട്ടോ വിളിച്ച് പോയി മദ്യം വാങ്ങും.

കേരളത്തിലെ കുടുംബങ്ങളെ മദ്യം ബാധിക്കാന്‍ കാരണം എ.കെ ആന്റണിയാണ്. വീട്ടമ്മമാരുടെ കണ്ണീരൊപ്പാന്‍ വേണ്ടി ചാരായ നിരോധനം നടത്തിയ ആന്റണി വീട്ടമ്മമാരെ കണ്ണീര് കുടിപ്പിക്കുകയാണ് ചെയ്തത്. അവരുടെ കണ്ണീരില്‍ അത്ര വേദനയുണ്ടെങ്കില്‍ മദ്യം നിരോധിക്കുകയാണ് വേണ്ടത്. അതിന് ധൈര്യമുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ടെങ്കില്‍ അവര്‍ മിടുക്ക് കാണിക്ക്. അല്ലാതെ പാവപ്പെട്ടവനില്‍ നിന്ന് മാക്‌സിമം ഊറ്റിയെടുത്ത് അബ്കാരികളെ സഹായിക്കുകയല്ല വേണ്ടത്.

സര്‍ക്കാര്‍ ചാരായം പുനസ്്ഥാപിക്കണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. സാധാരണക്കാരന് കുറഞ്ഞചിലവ് ചാരായം ലഭ്യമാക്കുകയും വേണം. കേരളത്തിലെ ഒട്ടുമിക്കയാളുകളും മദ്യപിക്കുന്നവരാണ്. മദ്യം നിരോധിക്കണമെന്ന് വാദിക്കുന്നവര്‍ വരെ ഒളിഞ്ഞിരുന്ന് മദ്യപിക്കുന്നവരാണ്. പിന്നെ ഞങ്ങളെപ്പോലുള്ളയാളുകള്‍ എല്ലാം തുറന്നുപറന്നുവെന്നേയുള്ളൂ.

Advertisement