'ഞങ്ങളുടെ ലൈംഗികതയ്ക്ക് വിലപേശരുത്; കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനെന്തിനാണ് ശമ്പളം'? കമല്‍ഹാസനോട് കങ്കണ റണൗത്ത്
national news
'ഞങ്ങളുടെ ലൈംഗികതയ്ക്ക് വിലപേശരുത്; കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനെന്തിനാണ് ശമ്പളം'? കമല്‍ഹാസനോട് കങ്കണ റണൗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 7:11 pm

മുംബൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായി കമല്‍ഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്.

ദൈവത്തിന്റെ സൃഷ്ടിയായ വീടിന്റെ നാഥയെ വെറും ഒരു ജീവനക്കാരി മാത്രമായി തരംതാഴ്ത്തുകയാണ് ഈ പരാമര്‍ശത്തിലൂടെയെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘പ്രണയത്തിന്റെ ഭാഗമായ ഞങ്ങളുടെ ലൈംഗികതയ്ക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതില്‍ വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള ഞങ്ങളുടെ അവകാശത്തിന് നിങ്ങള്‍ വില നിശ്ചയിക്കരുത്. എല്ലാം വെറും വ്യാപാരമായി മാത്രം കാണരുത്. പൂര്‍ണ്ണമായി നിങ്ങളുടെ പ്രണയിനിയ്ക്ക് കീഴടങ്ങുക. അവള്‍ക്ക് നിങ്ങളെയാണ് വേണ്ടത്. അല്ലാതെ പണവും ബിസിനസും ശമ്പളവുമല്ല’, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കമല്‍ഹാസന്റെ ഈ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തിയിരുന്നു. വീട്ടമ്മമാര്‍ക്ക് പ്രതിമാസ വേതനം നല്‍കുന്ന പദ്ധതിയെ അദ്ദേഹം സ്വാഗതം ചെയ്തു. ഇതിനുപിന്നാലെയാണ് വിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയത്.

2020 ഡിസംബര്‍ 21നാണ് തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന വാഗ്ദാനവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയത്.

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും സാങ്കേതിക സഹായത്തോടെ ഭരണനിര്‍വഹണം എളുപ്പത്തില്‍ നടത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Kangana Ranuat Slams Kamalhasan