ട്രംപിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ; നടപടി കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥനാകാന്‍ മോദി ആവശ്യപ്പെട്ടെന്ന പരാമര്‍ശത്തില്‍
World News
ട്രംപിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ; നടപടി കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥനാകാന്‍ മോദി ആവശ്യപ്പെട്ടെന്ന പരാമര്‍ശത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2019, 11:09 am

 

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന യു.എസ് അവകാശവാദം തള്ളി ഇന്ത്യ. ട്രംപിന്റെ ഈ അവകാശവാദത്തിനെതിരെ ഇന്ത്യ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ പ്രതിഷേധം അറിയിച്ചു.

കശ്മീര്‍ വിഷയം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്‌നമാണ്. അതില്‍ മറ്റൊരാള്‍ മധ്യസ്ഥനാവുന്നതുകൊണ്ട് കാര്യമില്ലയെന്നാണ് ഇന്ത്യയുടെ നിലപാട്. അതുകൊണ്ടുതന്നെ ട്രംപിന്റെ അവകാശവാദം വിദേശകാര്യ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇന്ത്യ ഈ വിഷയം വൈറ്റ് ഹൗസിനെ അറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെ കശ്മീര്‍ തര്‍ക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന് യു.എസ് എല്ലായ്‌പ്പോഴും തിരിച്ചറിയുന്നുണ്ട് എന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരണം നല്‍കിയിരിക്കുകയാണ്.

വാഷിംഗ് ടണ്‍ ഡിസിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടികാഴ്ച്ചക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നെന്നും ട്രംപ് മധ്യസ്ഥത വഹിക്കുന്നതില്‍ ഇമ്രാന്‍ എതിര്‍പ്പില്ലെങ്കില്‍ താന്‍ അത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘കശ്മീര്‍ വിഷയത്തില്‍ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അത് ചെയ്യാം’ ട്രംപ് പറഞ്ഞു.

തന്നെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ താന്‍ അത് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.