പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല; ആവശ്യങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കണമെന്ന് പ്രളയബാധിതരോട് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍
national news
പരാതിപ്പെടുന്നതില്‍ അര്‍ത്ഥമില്ല; ആവശ്യങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കണമെന്ന് പ്രളയബാധിതരോട് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍
ന്യൂസ് ഡെസ്‌ക്
Monday, 12th August 2019, 7:04 pm

മുംബൈ: പ്രളയബാധിതര്‍ സര്‍ക്കാരിനോട് പരാതി പറയേണ്ടതില്ല മറിച്ച് ആവശ്യങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കണമെന്ന്മഹാരാഷ്ട്ര റവന്യൂ മന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദ്രകാന്ത് പാട്ടീല്‍. ഞായാറാഴ്ച കോലാപ്പൂരിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചശേഷം ഒരു കൂട്ടം പ്രളയബാധിതര്‍ പരാതി പറയുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജനങ്ങളോട് നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കാമെന്നും പറഞ്ഞതിന് പിന്നാലെയാണ് പരാതിക്കാരന് നേരെ മന്ത്രി ദേഷ്യപ്പെട്ടത്.

‘ഷിറോലിയില്‍ നിന്നുള്ള റോഡ് ഗതാഗതം ആരംഭിച്ച് കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഈ സമയത്ത് അത് നിങ്ങളുടെ ആവശ്യമാണെന്ന് എനിക്ക് മനസിലാകും. പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് നിങ്ങള്‍ എല്ലാ കാര്യങ്ങളും അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. നിങ്ങള്‍ ക്ഷമയുള്ളവരായിരിക്കണം. സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്കൊപ്പമാണ്. എന്നാല്‍ പരാതി പറയുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് നിങ്ങള്‍ മനസിലാക്കണം. ഉദ്യോഗസ്ഥരെല്ലാം 24 മണിക്കൂറും ഉറക്കമൊഴിഞ്ഞ് അശ്രാന്തമായി പ്രവര്‍ത്തിക്കുന്നു, എന്നിട്ടും നിങ്ങള്‍ അവര്‍ക്കെതിരെ പരാതിപ്പെടണോ? എന്നായിരുന്നു ബി.ജെ.പി എം.പിയുടെ മറുപടി.

ജനങ്ങളോട് മിണ്ടാതിരിക്കാനും മന്ത്രി പറഞ്ഞു. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോലാപ്പൂര്‍, സാംഗ്ലി എന്നീ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ആയിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഞായറാഴ്ച ചീഫ് സെക്രട്ടറി, പുനരധിവാസ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ വകുപ്പ്, മന്ത്രാലയ കണ്‍ട്രോള്‍ റൂമിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിശദമായ അവലോകന യോഗം ചേര്‍ന്നിരുന്നു.

യോഗത്തിന് ഒരു ദിവസം മുമ്പ്, ഫഡ്നാവിസ് കോലാപ്പൂരിലും സാംഗ്ലിയിലും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫ്, സംസ്ഥാന ദുരന്ത നിവാരണ സേന, കരസേന, നാവികസേന, ടെറിട്ടോറിയല്‍ ആര്‍മി എന്നിവയുടെ 85 ടീമുകളെ വിന്യസിച്ചിട്ടുണ്ട്.