ഫഹദിന് പിന്നാലെ നായ; ഫേസ്ബുക്കിലൂടെ 'ഞാൻ പ്രകാശ'ന്റെ പോസ്റ്റർ പുറത്തുവിട്ട് സത്യൻ അന്തിക്കാട്
malayalam movie
ഫഹദിന് പിന്നാലെ നായ; ഫേസ്ബുക്കിലൂടെ 'ഞാൻ പ്രകാശ'ന്റെ പോസ്റ്റർ പുറത്തുവിട്ട് സത്യൻ അന്തിക്കാട്
ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 3:35 pm

കൊച്ചി: തന്റെ പുതിയ ഫഹദ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് സത്യൻ അന്തിക്കാട്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സത്യൻ അന്തിക്കാട് പോസ്റ്റർ റിലീസ് ചെയ്തത്. ഫഹദിനെ ഒരു നായ ഓടിക്കുന്നതായാണ് പോസ്റ്ററിൽ. “കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശൻ !” എന്നാണ് സംവിധായകൻ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

Also Read ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്തിന്? കോടതിയില്‍ വിശദീകരണവുമായി ഐ.ജി

 

ഫഹദിന്റെ മുഖഭാവവും പിറകിലുള്ള നായയുമായി ആകെമൊത്തം ചിരിപൊട്ടിക്കുന്ന രൂപത്തിലാണ് പോസ്റ്ററിന്റെ ഡിസൈൻ. രസമുള്ളൊരു ഹാസ്യചിത്രവുമായാണ് ഫഹദ് ഫാസിലും സത്യൻ അന്തിക്കാടും വരുന്നത് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

“ഒരു ഇന്ത്യൻ പ്രണയകഥ”യ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഫഹദ് ഫാസിൽ ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിക്കുന്നത്. പതിനാറു വർഷങ്ങൾക്ക് ശേഷം ശ്രീനിവാസൻ അന്തിക്കാടിന് വേണ്ടി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

Also Readശബരിമലയില്‍ എത്തേണ്ട പ്രത്യേകം പരിശീലനം ലഭിച്ചവരോട് സഞ്ചിയില്‍ കരുതാന്‍ പറഞ്ഞ സാധന സാമഗ്രികള്‍ എന്താണ്; ബി.ജെ.പി സര്‍ക്കുലറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതി

ഗസറ്റിൽ കൊടുത്ത പ്രകാശൻ എന്ന പേര് പി.ആർ. ആകാശൻ എന്നാക്കി മാറ്റാൻ ശ്രമിക്കുന്ന ഒരു രസികനായ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തികച്ചും ഗ്രാമീണനായാണ് ചിത്രത്തിൽ ഫഹദിന്റെ ഗെറ്റ്അപ്പ്. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ പ്രത്യേകതയായ ഗ്രാമീണ ഭാവം ഈ സിനിമയിലും നിലനിർത്തിയിട്ടുണ്ട് എന്നാണു വിവരം.

നിഖില വിമലാണ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത്. ഗോപാൽജി എന്ന പേരിൽ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാൻ റഹ്‌മാനാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.