എഡിറ്റര്‍
എഡിറ്റര്‍
സൗദി പൗരത്വം ലഭിച്ച റോബോര്‍ട്ടിനാണോ സൗദി സ്ത്രീകളേക്കാള്‍ സ്വാതന്ത്ര്യമുള്ളത്? സോഷ്യല്‍ മീഡിയ ചോദിക്കുന്നു
എഡിറ്റര്‍
Friday 27th October 2017 8:46am

ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സോഫിയ എന്ന റോബോര്‍ട്ടിനാണോ സൗദി സ്ത്രീകളേക്കാള്‍ സ്വാതന്ത്ര്യവും അവകാശവുമുള്ളതെന്ന ചോദ്യമുയരുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയകളില്‍ സോഫിയയുടെ ചിത്രങ്ങളും വീഡിയോകളും വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ ഈ ചോദ്യമുയരുന്നതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.

തലയില്‍ തട്ടമോ, അബായയോ ധരിക്കാതെ സോഫിയ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്റെ വീഡയോയാണ് ചോദ്യമുയര്‍ത്തിയത്. സൗദി സ്ത്രീകള്‍ പൊതുവേദിയില്‍ വരുമ്പോള്‍ ഇത്തരം വസ്ത്രധാരണം നിര്‍ബന്ധമാണ് എന്നിരിക്കെയാണ് സൗദി പൗരത്വം നല്‍കിയ സോഫിയയ്ക്ക് ഇളവുനല്‍കിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

ഇതിനു പുറമേ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങിണമെങ്കില്‍ പുരുഷ രക്ഷിതാവ് ഒപ്പമുണ്ടാകണം. ഇതും സോഫിയയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടല്ലോയെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

‘സോഫിയയ്ക്ക് രക്ഷിതാവില്ല. അബായയോ തട്ടമോ ധരിച്ചിട്ടില്ല- എന്താണിത്?’ എന്നാണ് ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ കമന്റ്.


Also Read:താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ യോഗിക്ക് സുരക്ഷയൊരുക്കാന്‍ ഗ്രാമവാസികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു


‘കുറച്ചുകഴിഞ്ഞാല്‍ സോഫിയ ഇങ്ങനെയിരിക്കും’ എന്നു കുറിച്ചുകൊണ്ട് മറ്റൊരാള്‍ തട്ടവും മുഖാവരണവും ധരിച്ച സോഫിയയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

സോഫിയയെയും സൗദി സ്ത്രീകളേയും താരതമ്യം ചെയ്തുള്ള ചര്‍ച്ചകള്‍ക്കപ്പുറം സോഫിയയ്ക്ക് ഇത്രപെട്ടെന്ന് പൗരത്വം നല്‍കിയ നടപടിയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. ‘ ഒരു ജന്മം മുഴുവന്‍ സൗദിയില്‍ ജീവിക്കുന്ന കഫാല തൊഴിലാളികള്‍ക്ക് പൗരത്വം നല്‍കുന്നതിനുമുമ്പാണ് ഈ റോബോര്‍ട്ടിനു പൗരത്വം നല്‍കിയിരിക്കുന്നത്.’ മാധ്യമപ്രവര്‍ത്തകയായ മുര്‍താസ ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നു.

കഫാല സമ്പ്രദായ പ്രകാരം തൊഴില്‍ദാതാവിന്റെ അനുമതിയില്ലാതെ വിദേശികളായ തൊഴിലാളികള്‍ക്ക് സൗദി വിടാന്‍ കഴിയില്ല. സൗദിയിലുള്ള വിദേശി തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സമ്പ്രദായമാണിത്.

Advertisement