ആ ദയനീയ പരാജയത്തിന് ശേഷം ബാഴ്സയിൽ ഇനിയാര്? കൊമാന്റെ സാധ്യതകൾ ഉറപ്പിക്കാമോ?
Sports
ആ ദയനീയ പരാജയത്തിന് ശേഷം ബാഴ്സയിൽ ഇനിയാര്? കൊമാന്റെ സാധ്യതകൾ ഉറപ്പിക്കാമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th August 2020, 2:07 pm

ബാഴ്സലോണ: ചാമ്പ്യൻസ് ലീ​ഗിൽ ബയേൺ മ്യൂണിക്കുമായുള്ള ക്വാർട്ടർ ഫൈനലിൽ 8- 2 ന് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്സലോണയുടെ പരിശീലകൻ ക്വികി സെറ്റിയനെ പുറത്താക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ ടീമിന്റെ അടുത്ത പരിശീലകൻ ആരാണെന്ന ചർച്ചകൾ മുറുകുകയാണ്.

കൂടുതൽ സാധ്യത നെതർലന്റ് ടീമിന്റെ മാനേജരായ റോണാൾഡ് കോമെനിനാണെന്നാണ് സൂചന. 1989നും 1995നുമിടയിൽ കൊമെൻ കാറ്റലൻ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. മുൻ ടോട്ടനാം മാനേജരായ മൗറീഷ്യോ പൊച്ചറ്റീനോയ്ക്കും സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. അദ്ദേഹവുമായും ക്ലബ്ബ് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വലിയ വിഭാ​ഗം ബാഴ്സ ഫാൻസിന് പൊച്ചറ്റീനോ പുതിയ കോച്ചാവുന്നതിൽ താത്പര്യമില്ല എന്നത് അദ്ദേഹത്തിന് തടസമായേക്കാം. ബാഴ്സയുടെയും സ്പെയിനിന്റെയും മുൻതാരം സാവി ഹെർണാണ്ടസിന്റെ പേരും പട്ടികയിൽ ഉണ്ടായിരുന്നു.

 

61കാരനായ സെറ്റിയനെ ഈ വർഷം ജനുവരി 13നാണ് ബാർസയുടെ പരിശീലകനായി നിയമിച്ചത്. 25 മാച്ചുകൾക്ക് മാത്രമാണ് സെറ്റിയൻ പരിശീലനം നൽകിയത്. വരും ദിവസങ്ങളിൽ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന് ബാർസ അറിയിച്ചു. ലാലി​ഗയിലും തുടർന്ന് ചാമ്പ്യൻസ് ലീ​ഗിലും നേരിട്ട തോൽവികൾക്ക് ശേഷം ബാഴ്സലോണ ടീം നേതൃനിരയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.