എഡിറ്റര്‍
എഡിറ്റര്‍
ശരീരവളര്‍ച്ച വിവാഹപ്രായത്തിന് മാനദണ്ഡമാക്കണം: മുസ്‌ലീം സംഘടനകള്‍
എഡിറ്റര്‍
Saturday 29th June 2013 11:22am

muslim-marriage

കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിന് വയസ് നിര്‍ണയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ##മുസ്‌ലീം സംഘടനകള്‍.  വിവാഹപ്രായം വൈകുന്നത് പെണ്‍കുട്ടികള്‍ വഴിതെറ്റാന്‍ ഇടയാക്കുമെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ പോലുള്ള രാജ്യത്ത് ##വിവാഹപ്രായം നിര്‍ബന്ധമാക്കുന്നത് ശരിയല്ലെന്നാണ് എസ്.വൈ.എസ്-ഇ.കെ വിഭാഗം , ##ജമാഅത്തെ ഇസ്‌ലാമി, സമസ്ത, ഇസ്ലാഹി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകള്‍ വ്യക്തമാക്കുന്നത്.

Ads By Google

വിവാഹത്തിന് സമയപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ശാരീരിക വളര്‍ച്ചയെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാമെന്നും എസ്.വൈ.എസ്- ഇ.കെ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വിവാഹ പ്രായത്തിന് വയസ് നിര്‍ബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് അഭിപ്രായപ്പെട്ടു.

16 വയസ്സായ സ്ത്രീയും പുരുഷനും തമ്മില്‍ ഉഭകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലാത്ത രാജ്യത്ത് വിവാഹത്തിന് പതിനെട്ട് വയസ് വേണമെന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീക്കും പുരുഷനും ശാരീരികവും മാനസികവുമായി പക്വതയെത്തുന്നതാണ് വിവാഹപ്രയമെന്നും ഇത് പതിനെട്ട് വയസ്സെന്ന് നിജപ്പെടുത്തുന്നത് അംഗീകരിക്കില്ലെന്നും ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

വിവാഹപ്രായത്തിന്റെ കാര്യത്തില്‍ ഇളവ് സ്വാഗതാര്‍ഹമാണെന്നും പെണ്‍കുട്ടികള്‍ വഴിപിഴച്ചു പോകാതിരിക്കാന്‍ പതിനാറ് വയസില്‍ തന്നെ കെട്ടിച്ചുവിടുന്നതാണ് നല്ലതെന്നും അഖിലേന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

രാജ്യത്ത് ആണും പെണ്ണും തമ്മില്‍ സദാചാര വേഴചകള്‍ വ്യാപകമാകുമ്പോള്‍ വിവാഹപ്രായത്തിന്റെ കാര്യത്തില്‍ പുവര്‍വിചിന്തനം ആവശ്യമാണെന്നും ഇത് എല്ലാ വിഭാഗക്കാര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന്റെ ഈ അഭിപ്രായം സമൂഹത്തില്‍ വന്‍ വിമര്‍ശനത്തിന് ഇടയായ സാഹചര്യത്തില്‍ സിറാജ് ദിനപത്രമാണ് വിവിധ നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയതും പ്രസിദ്ധീകരിച്ചതും.

ആദ്യമായിട്ടാണ് ഒരു വിഷയത്തില്‍ എ.പി വിഭാഗം സുന്നികളുടെ നിയന്ത്രണത്തിലുള്ള ഒരു ദിനപത്രം തങ്ങളുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന മറ്റ് മുസ്‌ലീം നേതാക്കളുടെ അഭിപ്രായം വലിയ പ്രധാന്യത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി പുതിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

മുസ്‌ലീം കുട്ടികളുടെ വിവാഹ പ്രായം 16 ആക്കുന്ന സര്‍ക്കുലര്‍ വിവാദത്തിലായതോടെ കോടതി ഇടപെട്ടതോടെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന് ഓര്‍ഡര്‍ തിരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Advertisement