'അതൊരു കുടുംബ പാര്‍ട്ടി'; സസ്‌പെന്‍ഷന് പിന്നാലെ സെല്‍വം ചെന്നൈയില്‍, ബി.ജെ.പിയിലേക്ക് തന്നെ?
national news
'അതൊരു കുടുംബ പാര്‍ട്ടി'; സസ്‌പെന്‍ഷന് പിന്നാലെ സെല്‍വം ചെന്നൈയില്‍, ബി.ജെ.പിയിലേക്ക് തന്നെ?
ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2020, 6:29 pm

ചെന്നൈ: ഡി.എം.കെയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ചെന്നൈയിലെ ബി.ജെ.പി ഓഫീസിലെത്തി കു ക സെല്‍വം. മോദിയെ പ്രശംസിച്ച് സംസാരിക്കുകയും ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഡി.എം.കെ സെല്‍വത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സെല്‍വെ ബി.ജെ.പി ഓഫീസിലെത്തിയത്.

ഡി.എം.കെ ഒരു കുടുംബ പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന വിമര്‍ശനവും ചെന്നൈയിലെത്തിയ സെല്‍വം ഉന്നയിച്ചു. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വെച്ചാണ് സെല്‍വം നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ഇദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയുള്ള സെല്‍വത്തിന്റെ ബി.ജെ.പി ഓഫീസ് സന്ദര്‍ശനം ഇക്കാര്യം ശരിവെക്കുകയാണെന്നാണ് സൂചന.

ഡി.എം.കെ ഓഫീസ് സെക്രട്ടറിയും എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമായ കു ക സെല്‍വത്തെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് അറിയിച്ചത്. ഇന്നുതന്നെ സെല്‍വത്തെ ചുമതലകളില്‍നിന്നും ഒഴിവാക്കിയെന്നും സ്റ്റാലില്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

താന്‍ ബി.ജെ.പിയില്‍ ചേരാനല്ല ദല്‍ഹിയില്‍ എത്തിയത്. മറിച്ച് കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്താനാണെന്നുമാണെന്നാണ് സെല്‍വം നേരത്തെ പറഞ്ഞിരുന്നു.

‘ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല. എന്റെ മണ്ഡലത്തിലെ നുങ്കാമ്പക്കം സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകള്‍ അനുവദിക്കാനായി മന്ത്രി പീയുഷ് ഗോയലിനെ കണ്ടു. അയോധ്യയിലെ രാമക്ഷേത്രം പോലെ രാമേശ്വരത്തെ മാറ്റാന്‍ ജെ.പി നദ്ദയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു,’ സെല്‍വം പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെക്കുറിച്ചും അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി മോദിയുടെ പരിശ്രമങ്ങളെയും കു കാ സെല്‍വം പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

തമിഴ്നാട് ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് എല്‍. മുരുകനുമൊത്താണ് സെല്‍വം നദ്ദയുടെ വീട്ടിലേക്ക് പോയത്. ഇതേതുടര്‍ന്നാണ് സെല്‍വം ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു എം.എല്‍.എ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഡി.എം.കെ ആസ്ഥാനത്ത് കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ മുതിര്‍ന്ന ഡി.എം.കെ നേതാവ് വി.പി ദുരൈസാമി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തമിഴ്നാട് അസംബ്ലി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായിരുന്ന ദുരൈസാമി അന്ന് ചെന്നൈയിലുള്ള മുരുകനെ വിളിച്ചിരുന്നതും ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നതും വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ