Administrator
Administrator
കോണ്‍ഗ്രസ്-ഡി.എം.കെ ബന്ധം തുടരുമോ?
Administrator
Sunday 24th July 2011 9:28am

കോയമ്പത്തൂര്‍: ഡി.എം.കെയുടെ ഇന്നത്തെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ യു.പി.എയുമായി ബന്ധം തുടരണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഡി.എം.കെ മന്ത്രിമാരായ രാജയ്ക്കും, ദയാനിധി മാരനും പകരം കേന്ദ്രമന്ത്രിസഭയില്‍ ഡി.എം.കെ പ്രതിനിധികളെ ഉള്‍പ്പെടുത്താത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് നേതൃത്വം വാക്കുനല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നം അവസാനിച്ചത്. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗം നിര്‍ണായകമാകും.

ചില പ്രമുഖ നേതാക്കള്‍ തന്നെയാണ് യോഗത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. യു.പി.എ സഖ്യകക്ഷിയായിട്ടു കൂടി പാര്‍ട്ടിയെ സഹായിക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസില്‍ സ്വീകരിച്ചില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. 2 ജി സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ മന്ത്രി എ.രാജയും കനിമൊഴി എംപിയും ജയിലില്‍ എത്തിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം വിമര്‍ശനങ്ങളുയര്‍ന്നത്.

ഏഴ് വര്‍ഷമായി കോണ്‍ഗ്രസ്- ഡി.എം.കെ ബന്ധം തുടങ്ങിയിട്ട്. 2ജി സ്‌പെക്ട്രം ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് ഈ ബന്ധത്തില്‍ വിള്ളലുകളുണ്ടായത്. അഴിമതിയില്‍ കുരുങ്ങി ഡി.എം.കെ നേതാവ് എ.രാജയും, എം.പി കനിമൊഴിയും ജയിലിലാതോടെ അഭിപ്രായവ്യത്യാസം ശക്തമാവുകയായിരുന്നു.

അതേസമയം, പാര്‍ട്ടിയിലെ നേതൃമാറ്റം സംബന്ധിച്ച് കാര്യമായ ചര്‍ച്ചകളുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ, പുതിയ കേന്ദ്രമന്ത്രിമാര്‍ എന്നീ കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ചയ്‌ക്കെടുക്കുമെന്നു പ്രചരണമുണ്ടായിരുന്നെങ്കിലും മൂന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ഇത്തരം കാര്യങ്ങള്‍ സ്പര്‍ശിച്ചില്ല.

കോണ്‍ഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 സീറ്റ് നീക്കിവച്ചത് അധികമായി പോയി എന്നും ഡി.എം.കെയുടെ തോല്‍വിക്കു കാരണം ഇതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, യോഗത്തെ അഭിസംബോധന ചെയ്ത പാര്‍ട്ടി പ്രസിഡന്റ് എം.കരുണാനിധിയുടെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ പരാമര്‍ശങ്ങളൊന്നുമുണ്ടായില്ല.

സംസ്ഥാന അധ്യക്ഷന്‍ എം.കരുണാനിധിക്കു പകരം ആരു പിന്‍ഗാമിയാകണമെന്ന കാര്യത്തിലെ അവ്യക്തത തുടരുകയാണ്. മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടി ട്രഷററും കരുണാനിധിയുടെ പുത്രനുമായ എം.കെ.സ്റ്റാലിന്റെ നേതൃത്വം തമിഴ്‌നാടിന് മൊത്തം ഗുണകരമാകുമെന്ന പരാമര്‍ശം അദ്ദേഹത്തിന്റെ അനുയായികളടെ ഭാഗത്തുനിന്നുണ്ടായി. ഇന്നലത്തെ യോഗത്തില്‍ കരുണാനിധിയുടെ മറ്റൊരു മകനും കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി പങ്കെടുത്തു. അദ്ദേഹം പങ്കെടുക്കാനിടയില്ലെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

ഡി.എം.കെയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും അഴിമതിയുടെ പേരില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യം നിയമപരമായി നേരിടാനും പാര്‍ട്ടിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ പൊതുധാരണയുണ്ടായി. ഡി.എം.കെ നേതാക്കള്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന അഭിപ്രായം ഉയര്‍ന്നതും ശ്രദ്ധേയമായി.

Advertisement