എഡിറ്റര്‍
എഡിറ്റര്‍
ആരോപണങ്ങള്‍ക്ക് മറുപടിയുമായി വധേര ഫേസ്ബുക്കില്‍
എഡിറ്റര്‍
Sunday 7th October 2012 12:00am

ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര വിശദീകരണവുമായി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിശദീകരണവുമായി വധേര എത്തിയിരിക്കുന്നത്.

തന്നെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് നന്ദിയുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ തനിക്കറിയാമെന്നുമാണ് വധേര ഫേസ്ബുക്കില്‍ കുറിച്ചത്.

Ads By Google

കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‌രിവാള്‍-പ്രശാന്ത് ഭൂഷണ്‍ സംഘം വധേരക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ഇന്ത്യന്‍ ഭീമന്‍ ഡി.എല്‍.എഫുമായി കൂട്ടുചേര്‍ന്ന് വധേര രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ചുളുവിലയ്ക്ക് പ്ലോട്ടുകള്‍ വാങ്ങി മറിച്ചുവിറ്റുവെന്നാണ് ആരോപണം.

ഈ കച്ചവടത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് മുന്നൂറുകോടിയാണെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു. വിപണിയിലെ തറവിലയിലും താഴ്ന്ന നിരക്കിലായിരുന്നു വസ്തു തിരിമറി.

റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനസര്‍ക്കാറുകള്‍ അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കി സഹായിച്ചെന്നും കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എന്നാല്‍ രാഷ്ട്രീയത്തിലില്ലാത്ത റോബര്‍ട്ട് വധേരയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി വ്യക്തമാക്കി. സോണിയ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസും വധേരയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ  പ്രതിരോധിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഡി.എല്‍.എഫും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉപാധികളില്ലാതെ വധേരക്ക് പണം നല്‍കിയിട്ടില്ലെന്നും വധേരയുമായുള്ള എല്ലാ ഇടപാടുകളും സുതാര്യമാണെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വധേരയ്ക്ക് ഫ്‌ളാറ്റുകളോ മറ്റ് സ്വത്തുക്കളോ നല്‍കിയിട്ടില്ലെന്നും കമ്പനിയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

Advertisement