അലന്‍സിയര്‍ തെറ്റു തിരിച്ചറിഞ്ഞതില്‍ സന്തോഷം; അലന്‍സിയറിന്റെ് പരസ്യ മാപ്പ് സ്വീകരിക്കുന്നു: ദിവ്യ ഗോപിനാഥ്
MeToo
അലന്‍സിയര്‍ തെറ്റു തിരിച്ചറിഞ്ഞതില്‍ സന്തോഷം; അലന്‍സിയറിന്റെ് പരസ്യ മാപ്പ് സ്വീകരിക്കുന്നു: ദിവ്യ ഗോപിനാഥ്
ന്യൂസ് ഡെസ്‌ക്
Wednesday, 20th February 2019, 3:12 pm

കൊച്ചി: തന്നോട് മോശമായി പെരുമാറിയതിന് നടന്‍ അലന്‍സിയര്‍ പരസ്യമായി മാപ്പു ചോദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യാ ഗോപിനാഥ്. അലന്‍സിയറിന്റെ ക്ഷമാപണത്തെ വിശ്വാസത്തിലെടുക്കാന്‍ താന്‍ ശ്രമിക്കുന്നതായും വിവാദത്തില്‍ തന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും ദിവ്യ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കും ജസ്റ്റിസ് ഹേമാ കമ്മീഷനും ദിവ്യ നന്ദി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ക്ഷമാപണം ആത്മാര്‍ത്ഥമാണെന്ന് ഞാന്‍ കരുതുന്നു. ചെയ്ത തെറ്റിന്റെ ഗൗരവം അദ്ദേഹം തിരിച്ചറിഞ്ഞെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ അത് സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ടു പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

അലന്‍സിയര്‍ തന്നോട് സ്വകാര്യമായി മാപ്പു പറഞ്ഞിരുന്നതായും എന്നാല്‍ അതിനു ശേഷവും അലന്‍സിയര്‍ മറ്റു സ്ത്രീകളോട് സമാനമായ രീതിയില്‍ പെരുമാറിയതിനാലാണ് പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടതെന്ന് ദിവ്യ പറഞ്ഞതായി ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഒരാഴ്ച മുമ്പ് താന്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ കണ്ട് സംസാരിച്ചതായും, അദ്ദേഹം അലന്‍സിയറിനോട് സംസാരിക്കാമെന്ന് സമ്മതിച്ചിരുന്നെന്നും ദിവ്യ പറയുന്നു. എന്നാല്‍ തന്നെ എ.എം.എം.എയില്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് അലന്‍സിയര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ പരസ്യമായി മാപ്പു ചോദിച്ചത്.

ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിവ്യക്ക് അലന്‍സിയറില്‍ നിന്ന് മോശമായ അനുഭവം നേരിടേണ്ടി വന്നത്. പേരു വെളിപ്പെടുത്താതെ ബ്ലോഗിലൂടെയായിരുന്നു ദിവ്യ അലന്‍സിയറിനെതിരെ രംഗത്തെത്തിയത്.