പഞ്ചായത്തുമായി നിരന്തര തര്‍ക്കം; ഒടുവില്‍ പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കി റസാഖിന്റെ ആത്മഹത്യ
Kerala News
പഞ്ചായത്തുമായി നിരന്തര തര്‍ക്കം; ഒടുവില്‍ പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കി റസാഖിന്റെ ആത്മഹത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 1:14 pm

മലപ്പുറം: മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറി തൂങ്ങി മരിച്ചു. റസാഖ് പയമ്പ്രോട്ടിനെയാണ് പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

വീടിനടുത്തായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തിനെതിരെ ഏറെക്കാലമായി റസാഖ് സമരത്തിലായിരുന്നു. വിഷയം പരിഹരിക്കാന്‍ നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല.

തുടര്‍ന്നാണ് ഈ പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കിയിട്ട് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. സി.പി.ഐ.എം നേതാവുകൂടിയായ റസാഖ് പയമ്പ്രോട്ട് ഏതാനും മാസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി കടുത്ത ഭിന്നതയിലായിരുന്നു.

നേരത്തെ പുളിക്കല്‍ പഞ്ചായത്തിലേക്ക് സി.പി.ഐ.എം ടിക്കറ്റിലും അദ്ദേഹം മത്സരിച്ചിരുന്നു. തന്റെ വീടും പുരയിടവും ഇ.എം.എസ് അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയിട്ടുമുണ്ട്. തിരക്കഥാകൃത്ത് ടി എ. റസാഖിന്റെ ഭാര്യ സഹോദരനാണ് റസാഖ് പയമ്പ്രോട്ട്. ഷീബയാണ് ഭാര്യ.

റസാഖിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഓഫീസിന് മുന്നില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

റസാഖിന്റെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റാണെന്ന് ആരോപിച്ച് സഹോദരന്‍ ജമാല്‍ പയമ്പ്രോട്ടും രംഗത്തെത്തി. പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റില്ലെന്നും ഇദ്ദേഹം പറഞ്ഞതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് പഞ്ചായത്ത് ഓഫീസിനുള്ളില്‍ റസാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുളിക്കല്‍ പഞ്ചായത്തിനെതിരെയുള്ള നിരവധി പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസവും ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ അടക്കമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

‘ദിവസങ്ങള്‍ക്കു ശേഷമാണ് എഫ്.ബിയില്‍ വരുന്നത്. ഇതോടൊപ്പം ചേര്‍ത്തത് എല്ലാം സ്വയം സംസാരിക്കുന്ന രേഖകളാണ്. ഓരോ കാലത്തും സീസണ്‍ നോക്കി മാഫിയാ സംഘങ്ങള്‍ രംഗപ്രവേശം ചെയ്യും.

എല്ലാ മാഫിയ സംഘങ്ങള്‍ക്കും സഹായം ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമാണ്. മണ്ണ് മാഫിയ, മണല്‍ മാഫിയ, ക്വാറി മാഫിയ, വനം മാഫിയ തുടങ്ങിയവ ഉദാഹരണം. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത ‘സാംസ്‌കാരിക’ കേരളത്തില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം ഒരു വിഷയമാണ്.

ഈ സീസണ്‍ മനസ്സിലാക്കിയാണ് പ്ലാസ്റ്റിക് മാലിന്യ മാഫിയ പുളിക്കല്‍ പഞ്ചായത്തിലും പിടിമുറുക്കിയിരിക്കുന്നത്. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന എം.എസ്.എം.ഇയെ പ്ലാസ്റ്റിക് മാലിന്യ മാഫിയ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 2020 മുതല്‍ പുളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് 14/272ല്‍ നടക്കുന്ന സംരംഭം.

എം.എസ്.എം.ഇയില്‍ പി.സി.ബി അനുവദിച്ചത് പ്രതിദിനം 100 കിലോഗ്രാം സംഭരണവും സംസ്‌കരണവുമാണ്. കാരണം ജനവാസ മേഖലയാണത്. എന്നാല്‍ അവിടെ നടക്കുന്നതോ? എം.എസ്.എം.ഇയുടെ പേരില്‍ പ്രതിമാസം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്. ഇതിന്റെ പങ്കുപറ്റാന്‍ ഉദ്യോഗസ്ഥരും. അവസരമൊരുക്കുന്നത് പുളിക്കല്‍ തദ്ദേശ ഭരണ സ്ഥാപനവും. ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടത് ഈ പ്രദേശത്തുകാരും. ഇതേ കുറിക്കാനുള്ളൂ. ബാക്കി ഈ രേഖകളും ചിത്രങ്ങളും സ്വയം സംസാരിക്കും,’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.

content highlight: Dispute with village panchayat; Razak finally hanged himself with his complaints tied around his neck