എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സി.ബി.ഐ; വിമര്‍ശനവുമായി സുപ്രീം കോടതി
എഡിറ്റര്‍
Thursday 9th November 2017 12:59pm

ന്യൂദല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കില്ലെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. ജിഷ്ണു പ്രണോയ് കേസ് അന്തര്‍സംസ്ഥാന കേസല്ല. അതിനാല്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിശദീകരണം.കേസ് കേരള പോലീസ് അന്വഷിച്ചാല്‍ മതിയെന്ന് സിബിഐ കോടതിയെ അറിയിച്ചു.

എന്നാല്‍ സി.ബി.ഐയുടെ നിലാപാടിനെ കോടതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അന്വേഷണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന് നാലുമാസം സിബിഐ എന്തുചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു.

ഇത്തരം നിലാപാടുകളോട് യോജിക്കാനാവില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കി.

കേസിലെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞതിനെയും കോടതി വിമര്‍ശിച്ചു. ആരാണ് താങ്കളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ച കോടതി അന്വേഷിക്കാനാവില്ലെന്ന നിലപാട് രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

ജിഷ്ണുവിന്റെ അമ്മയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ നിലപാട് അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് ജസ്റ്റിസുമാരായ എന്‍വി രമണ, അമിതാവ റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് കഴിഞ്ഞതവണ വ്യക്തിമാക്കിയിരുന്നു.

അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ലഭിച്ചില്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 15ന് വിജ്ഞാപനം ഇറക്കിയിരുന്നെന്നും ഇത് സിബിഐ അഭിഭാഷകന് രേഖാമൂലം നല്‍കിയിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നവംബര്‍ മൂന്നിന് കേസ് പരിഗണിക്കവെയാണ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ സി.ബി.ഐയുടെ വാദം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

Advertisement