നിനക്ക് വേറെ പണിയൊന്നുമില്ലെ എന്നായിരുന്നു ചോദ്യം, ഞാനും പുത്തഞ്ചേരിയും വിട്ടില്ല; മമ്മൂട്ടിയെ കൊണ്ട് പാട്ട് പാടിച്ച കഥ പറഞ്ഞ് വി.എം. വിനു
Entertainment news
നിനക്ക് വേറെ പണിയൊന്നുമില്ലെ എന്നായിരുന്നു ചോദ്യം, ഞാനും പുത്തഞ്ചേരിയും വിട്ടില്ല; മമ്മൂട്ടിയെ കൊണ്ട് പാട്ട് പാടിച്ച കഥ പറഞ്ഞ് വി.എം. വിനു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st September 2021, 6:12 pm

കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകരില്‍ ഒരാളാണ് വി.എം. വിനു. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍ തുടങ്ങി നിരവധി മികച്ച സിനിമകള്‍ വി.എം. വിനു സംവിധാനം ചെയ്തിരുന്നു.

മറ്റൊരു പ്രത്യേകത കൂടി വി.എം. വിനുവിനുണ്ട്. നടന്‍ മമ്മൂട്ടിയെ കൊണ്ട് ആദ്യമായി ഒരു മുഴുനീള പാട്ട് സിനിമയില്‍ പാടിച്ചത് വി.എം. വിനുവാണ്. വിനു സംവിധാനം ചെയ്ത പല്ലാവൂര്‍ ദേവനാരായണന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മമ്മൂട്ടി സിനിമയില്‍ മുഴുനീള പാട്ട് പാടിയത്.

ഗിരീഷ് പുത്തഞ്ചേരിയായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയത്. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയെ കൊണ്ട് പാടിച്ച കഥ പറയുകയാണ് വി.എം. വിനു. തന്റെ യൂട്യൂബ് ചാനലിലെ പ്രതിവാരപരിപാടിയായ ഫ്ളാഷ്‌കട്ട്സിലൂടെയാണ് വി.എം. വിനു ഇക്കാര്യം പറഞ്ഞത്.

പല്ലാവൂര്‍ ദേവനാരായണന്റെ ഗാനങ്ങളുടെ കംമ്പോസിങ്ങിനിടെ സംഗീത സംവിധായകനായ രവീന്ദ്രന്‍ മാസ്റ്ററോട് തനിക്ക് ചിത്രത്തിലെ നായകനായ മമ്മൂട്ടി ഒരു പാട്ട് പാടണമെന്ന് ആഗ്രഹമുണ്ടെന്നും ഇതിനായി ഒരു പാട്ട് ഒരുക്കണമെന്നും ആഗ്രഹം പറഞ്ഞെന്നുമാണ് വിനു പറയുന്നത്.

പാടിയാല്‍ നല്ലതാണ് പക്ഷേ അയാള്‍ അതിന് സമ്മതിക്കുമോ എന്നായിരുന്നു രവീന്ദ്രന്‍ മാസ്റ്ററും ഗിരീഷ് പുത്തഞ്ചേരിയും തന്നോട് ചോദിച്ചത്. പക്ഷേ ഇത് തന്റെ ഒരു വലിയ ആഗ്രഹമാണെന്ന് പറഞ്ഞെന്നും വി.എം. വിനു പറഞ്ഞു.

തുടര്‍ന്ന് അന്ന് ചെന്നൈയില്‍ താമസമാക്കിയ മമ്മൂട്ടിയെ പോയി കണ്ടു. പക്ഷേ ഇത് ഒരിക്കലും നടക്കില്ല, നിനക്ക് വേറെ പണിയൊന്നുമില്ലെ എന്നായിരുന്നു മമ്മൂട്ടി ചോദിച്ചതെന്നും അദ്ദേഹം ഓര്‍ക്കുന്നു.

എന്നാല്‍ താനും പുത്തഞ്ചേരിയും വിട്ടില്ല, ഒടുവില്‍ നിര്‍ബന്ധം പിടിച്ചാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പൊലിയോ പൊലി എന്ന ഗാനം പാടിയത്. രണ്ട് ദിവസം കൊണ്ടാണ് മമ്മൂട്ടി ഈ ഗാനം പാടിയത്. രവീന്ദ്രന്‍ മാസ്റ്ററെ കൊണ്ട് മമ്മൂക്ക തന്നെ മാറ്റി മാറ്റി എടുപ്പിക്കുകയായിരുന്നെന്നും വി.എം. വിനു പറയുന്നു.

ആ ചിത്രത്തില്‍ ആ ഗാനം മാത്രമാണ് ഹിറ്റായത്. മമ്മൂക്ക പാടിയ പാട്ടായത് കൊണ്ടായിരിക്കാം ഇതെന്നും അദ്ദേഹം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director VM Vinu tells the story of actor Mammootty Pallavur Devanarayanan singing a song in the movie