ഹൃദയം റിലീസ് മാറ്റിവെച്ചിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; ജനുവരി 21 ന് തന്നെ തിയേറ്ററിലെത്തുമെന്ന് വിനീത്
Movie Day
ഹൃദയം റിലീസ് മാറ്റിവെച്ചിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; ജനുവരി 21 ന് തന്നെ തിയേറ്ററിലെത്തുമെന്ന് വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th January 2022, 11:24 am

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹൃദയം. ജനുവരി 21 നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ചിത്രം 21ാം തിയതി തന്നെ തിയേറ്ററില്‍ എത്തുമെന്നും അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.

ഹൃദയം ജനുവരി 21 ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തുമെന്നും വിനീത് പറഞ്ഞു. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റെന്നും വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം നാരദന്റെ റിലീസും മാറ്റിയിട്ടുണ്ട്. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നാണ് നാരദന്റെ റിലീസ് മാറ്റിയത്. ജനുവരി 27 നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സമാനമായി നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിന്റെ റിലീസും മാറ്റിയിരുന്നു.

മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ ട്രെയ്ലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്ലറിന് സാമൂഹിക മധ്യമങ്ങളില്‍ ലഭിച്ചത്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. വര്‍ധിച്ച് വരുന്ന കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുന്നതെന്നും എത്രയും പെട്ടെന്ന് ചിത്രം റിലീസിനെത്തിക്കാന്‍ ശ്രമിക്കുമെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 14നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരുന്നത്.

ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് ചിത്രമാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Vineeth Sreenivasan About Hridayam Release