മന്ത്രി പറഞ്ഞിട്ടും പത്തൊന്‍പതാം നൂറ്റാണ്ട് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കാത്തതിന് കാരണം രഞ്ജിത്തിന്റെ വാശി: വിനയന്‍
Entertainment
മന്ത്രി പറഞ്ഞിട്ടും പത്തൊന്‍പതാം നൂറ്റാണ്ട് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കാത്തതിന് കാരണം രഞ്ജിത്തിന്റെ വാശി: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd December 2022, 7:07 pm

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിനയന്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദേശിച്ചിട്ടും തന്റെ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കാഞ്ഞത് ഐ.എഫ്.എഫ്.കെ ചെയര്‍മാന്‍ കൂടിയായ രഞ്ജിത്തിന്റെ വാശിയാണെന്ന് വിനയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തന്റെ സിനിമ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കാത്തതിനെ കുറിച്ച് മറ്റൊരു വേദിയില്‍ പറഞ്ഞതിന്റെ വിശദീകരണമായാണ് വിനയന്‍ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘സംവിധായകനും AIYF ന്റെ സംസ്ഥാന പ്രസിഡന്റുമായ ആയ ശ്രീ എന്‍. അരുണ്‍ പത്തൊന്‍പതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്കു നന്ദി.

എന്റെ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിനെ വ്യക്തി പരമായി വിമര്‍ശിക്കുകയല്ല ഞാന്‍ ചെയ്തത്. അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ബഹു: സാംസ്‌കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന സിനിമ IFFK യിലെ ഡെലിഗേറ്റ്‌സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാന്‍ ബൈലോ അനുവദിക്കുന്നില്ല എന്ന ചെയര്‍മാന്റെ വാശിയേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

ആലപ്പുഴയിലെ ഒരു യോഗത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു:മന്ത്രി ശ്രീ വി.എന്‍. വാസവന്‍ പറഞ്ഞത്, ഔദ്യോഗിക വിഭാഗത്തില്‍ ഇല്ലെങ്കില്‍ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മണ്‍മറഞ്ഞ നവോത്ഥാന നായകന്‍ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്നനിലയിലും കലാ മൂല്യത്തിലും ടെക്‌നിക്കലായും മികച്ച രീതിയില്‍ എടുത്ത സിനിമ എന്ന നിലയിലും IFFK യില്‍ ഒരു പ്രത്യേക പ്രദര്‍ശനം നടത്താന്‍ വേണ്ടതുചെയ്യും എന്നാണ്. അദ്ദേഹം ആ നിര്‍ദേശം മുന്നോട്ടു വെച്ചു എന്നും പറഞ്ഞു.

പക്ഷേ അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാന്‍ ചെയര്‍മാന്‍ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാന്‍ പറഞ്ഞത്. ഇത്തരം അനൗദ്യോഗിക പ്രദര്‍ശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളു എന്നാണ് എന്റെ അറിവ്.

ശ്രീ രഞ്ജിത്തിന്റെ ‘പലേരിമാണിക്യം’ അന്തരിച്ച ടി.പി. രാജീവന്‍ എന്ന പ്രമുഖ സാഹിത്യകാരന്റെ ട്രിബ്യുട്ടായി കാണിച്ചതു പ്രശംസനീയം തന്നെ. അതു പോലെ തന്നെ ചരിത്രത്തിന്റെ ഏടുകള്‍ തമസ്‌കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപോലെ വേണമെങ്കില്‍ കാണിക്കാമായിരുന്നു.

പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകള്‍ പാടിപുകഴ്ത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്, വിനയനെ തമസ്‌കരിക്കാനും, സിനിമ ചെയ്യിക്കാതിരിക്കാനും ഒക്കെ മുന്‍കൈ എടുത്ത മനസുകള്‍ക്ക് മാറ്റമുണ്ടായി എന്ന എന്റെ ചിന്തകള്‍ വൃഥാവിലാവുകയാണോ എന്നു ഞാന്‍ ഭയക്കുന്നു,’ വിനയന്‍ കുറിച്ചു.

Content Highlight: Director Vinayan made serious allegations against iffk chairman Renjith