'ഒരു സിനിമ കണ്ട് അത്ഭുതപ്പെട്ടു ഇതെങ്ങനെ ഓടിയെന്നോർത്ത്, സംവിധായകർക്ക് ഐഡന്റിറ്റി ഇല്ല'
Malayalam Cinema
'ഒരു സിനിമ കണ്ട് അത്ഭുതപ്പെട്ടു ഇതെങ്ങനെ ഓടിയെന്നോർത്ത്, സംവിധായകർക്ക് ഐഡന്റിറ്റി ഇല്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 8:43 am

ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന സംവിധായകനാണ് വിജി തമ്പി. എല്ലാത്തരം സിനിമകളും ഒരുപോലെ ചെയ്യാൻ ശ്രമിക്കാറുണ്ട് വിജി തമ്പി. കാലങ്ങൾക്കിപ്പുറം സിനിമ മേഖല ഒരുപാട് മാറിയപ്പോൾ അത് വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ പുതിയ തലമുറയിലെ സിനിമകളിൽ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിജിതമ്പി പറയുന്നത്.

‘ഈയിടെ ഞാനൊരു സിനിമ കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്, ഈ ചിത്രം ഒക്കെ എങ്ങനെയാണ് വിജയിച്ചത് എന്നോർത്ത്. പടത്തിന്റെ പേര് ഞാൻ പറയുന്നില്ല,’ വിജി തമ്പി പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോഴത്തെ എല്ലാ സിനിമകളും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. ഈ തലമുറയിലെ സിനിമയെ വിലയിരുത്തുമ്പോൾ, സിനിമക്കുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടിട്ടുണ്ട്. കാരണം പണ്ടൊക്കെ സിനിമ എന്ന് പറയുമ്പോൾ അച്ചടക്കമുള്ള ഒന്നായിരുന്നു ഞങ്ങൾക്ക്. എല്ലാത്തിനെയും നല്ല സീരിയസ് ആയിട്ടാണ് ഞങ്ങൾ കണ്ടിരുന്നത്. അന്ന് ബന്ധങ്ങൾക്ക് ഒരുപാട് വില കൽപ്പിക്കുമായിരുന്നു. ഇന്നിപ്പോൾ ഒരു ക്യാരവൻ സംസ്കാരമാണുള്ളത്. അതോടെ ഇതെല്ലാം നഷ്ടപെട്ടു. പണ്ടൊക്കെ ഒരു ഷൂട്ടിങ് സമയത്ത് ഒരു ഷോട്ട് കഴിഞ്ഞാൽ ഞങ്ങളെല്ലാവരും കൂടി ഒന്നിച്ചിരുന്ന് ഒരുപാട് സംസാരിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെ ഇല്ലല്ലോ. ഷോട്ട് കഴിഞ്ഞാൽ എല്ലാവരും അവരുടെ വഴിക്ക് പോവും.

പുതിയ കാലത്ത് ഫിലിം ഫീൽഡ് എന്ന് പോലും പറയാൻ കഴിയില്ല കാരണം ഇപ്പോൾ ഫിലിം ക്യാമറകൾ ഇല്ലല്ലോ. പണ്ടൊക്കെ ഫിലിം ഓടാൻ തുടങ്ങുമ്പോൾ അതിന്റെ ശബ്ദം കേട്ടാൽ തന്നെ അഭിനയിക്കുന്നവർ ടെൻഷനാവും. കാരണം ഒരുപാട് ടേക്ക് പോവുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. എന്നാൽ ഇന്ന് ഒരുപാട് ക്യാമറകൾ വെച്ചെല്ലാം എത്ര ടേക്കുകൾ വേണമെങ്കിലും എടുക്കുകയും ഒഴിവാക്കുകയും ചെയ്യാം. അതുകൊണ്ട് ഇത് വളരെ എളുപ്പമായി.

ആളുകൾക്ക് ബന്ധങ്ങളുടെ വിലയും ഇന്ന് നഷ്ടപ്പെട്ടുപോയി. ഒരുപക്ഷേ യുവതലമുറയുടെ പ്രശ്നമായിരിക്കാം. സിനിമയിൽ പണ്ടൊരു പട്ടാള ചിട്ടയായിരുന്നു. ഒരു കറക്റ്റ് ഷെഡ്യൂൾ ഉണ്ടായിരുന്നു. ഇത്ര മണിക്ക് തുടങ്ങിയാൽ ഷൂട്ട് ഒരു സമയമാകുമ്പോൾ തീർക്കണം എന്നെല്ലാം. എന്നാൽ ഇന്ന് ഇക്കാര്യത്തിലൊന്നും ഒരു ചിട്ടയും ഇല്ലല്ലോ. തോന്നിയപോലെ തുടങ്ങും തോന്നിയപോലെ ഷൂട്ട് ചെയ്യും. ഓരോരുത്തർക്ക് ഇഷ്ടമുള്ളപ്പോൾ വരും, അങ്ങനെയൊരു അവസ്ഥയായി മാറി.

ഇന്ന് നൂറ് പടം ഇറങ്ങുമ്പോൾ അതിൽ 90 പടങ്ങളും പരാജയപ്പെട്ടു പോവുകയാണ്. പണ്ടൊക്കെ ഏതു സിനിമ ഇറങ്ങിയാലും ജയിക്കാൻ ഒരു പകുതി സാധ്യതയുണ്ടായിരുന്നു. ഏത് സിനിമയ്ക്കാണെങ്കിലും ഒരു മിനിമം കളക്ഷനും ഉണ്ടാകും. ഇന്നിപ്പോൾ ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രമാണെങ്കിൽ പോലും പടം മോശമാണെങ്കിൽ ആരും കാണാനുണ്ടാവില്ല. പണ്ട് ഒരു അഭിനേതാവിന് മിനിമം ഗ്യാരണ്ടി ഉണ്ടായിരുന്നു. ഇന്നതില്ല.


ഇന്ന് നമ്മൾ ഒരിക്കലും വിചാരിക്കാത്ത സിനിമകളാണ് ഹിറ്റാവുന്നത്. ഈയിടെ ഞാനൊരു സിനിമ കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്, ഈ ചിത്രം ഒക്കെ എങ്ങനെയാണ് വിജയിച്ചത് എന്നോർത്ത്. പടത്തിന്റെ പേര് ഞാൻ പറയുന്നില്ല. സംവിധായകരുടെ പേര് പോലും അറിയാത്ത അവസ്ഥയാണ്.ഇപ്പോൾ എത്രയോ സംവിധായകരാണ് സിനിമ ചെയുന്നത്.

ഇവരുടെയെല്ലാം പേരറിയുന്ന എത്ര പേരുണ്ട്. ലാൽ ജോസ് വരെയുള്ള സംവിധായകരെ ഒരുപക്ഷേ ആളുകൾക്ക് പരിചയമുണ്ടാകും. എന്നാൽ അതിനു ശേഷം വന്നവരിൽ ലിജോ ജോസ് പെല്ലിശേരിയെ പോലെയുള്ള ഒന്നോ രണ്ടോ ആളുകളെ മാത്രമേ ആളുകൾക്ക് അറിയുകയുള്ളൂ. സംവിധായകർക്ക് ഐഡന്റിറ്റിയില്ലാത്ത അവസ്ഥയായി,’വിജി തമ്പി പറയുന്നു.

Content Highlight: Director Viji Thambi Talk About The New Era Of Malayalam Film