'ഭംഗിയുള്ള എം.പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്'; മിമി ചക്രബര്‍ത്തിയേയും നുസ്രത്ത് ജഹാനേയും അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ
Bollywood
'ഭംഗിയുള്ള എം.പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്'; മിമി ചക്രബര്‍ത്തിയേയും നുസ്രത്ത് ജഹാനേയും അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th May 2019, 11:29 pm

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട നടിമാരായ മിമി ചക്രബര്‍ത്തിയേയും നുസ്രത്ത് ജഹാനേയും അധിക്ഷേപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ.

‘ഭംഗിയുള്ള എം.പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്’ എന്നാണ് എം.പിമാരെ അധിക്ഷേപിച്ച് രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേരും ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യുന്നതും രാംഗോപാല്‍ വര്‍മ ഷെയര്‍ ചെയ്തിട്ടുണ്ട്.

‘വാഹ് വാഹ് വാഹ്… ബംഗാളില്‍ നിന്നുള്ള പുതിയ എം.പിമാര്‍. മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും.. ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്. ഭംഗിയുള്ള എം.പിമാരെ കാണാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ട്’ എന്നാണ് രാംഗോപാല്‍ വര്‍മ നടിമാരെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തത്.

ഇത്തവണ ലോക്സഭയിലേക്കു ജയിച്ചുകയറിയ വനിതകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടുപേരാണ് മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായ ജദവ്പൂര്‍, ബസീര്‍ഹട്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വന്‍ ലൈംഗികാധിക്ഷേപമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. പൊതുയോഗങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അടക്കം ഇവര്‍ക്കെതിരേ ലൈംഗികച്ചുവ കലര്‍ന്ന പരിഹാസങ്ങളിറങ്ങി.

സംസ്ഥാനത്തു മത്സരിച്ച മറ്റേതൊരു സെലിബ്രിറ്റിയേക്കാളും ക്രൂരമായാണ് ഇരുവര്‍ക്കുമെതിരേ സൈബറാക്രമണം അടക്കം നടന്നത്.

ഇതിനെയൊക്കെ അതിജീവിച്ചാണ് ഇവര്‍ വന്‍ ഭൂരിപക്ഷത്തില്‍ ലോക്സഭയിലെത്തിയത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് ജഹാന്‍. മിമി അഞ്ചാമത്തേയും.

2.95 ലക്ഷം വോട്ടുകള്‍ക്ക് മിമി ജയിച്ചപ്പോള്‍, ജഹാന്റെ വിജയം മൂന്നരലക്ഷം വോട്ടുകള്‍ക്കായിരുന്നു. 1.30 ലക്ഷം വോട്ടുകള്‍ക്കു താഴെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു തൃണമൂലിനിത്.