ഇന്ന് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളത്തിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണ്: എസ്.എസ്. രാജമൗലി
Film News
ഇന്ന് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളത്തിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണ്: എസ്.എസ്. രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th December 2022, 10:21 pm

തനിക്ക് ഇപ്പോള്‍ ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളത്തിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണെന്ന് സംവിധായകന്‍ എസ്. എസ്. രാജമൗലി. മലയാളത്തിലാണ് ഏറ്റവും മികച്ച എഴുത്തുകാരുള്ളതെന്നും ഫിലിം കമ്പാനിയനിലെ ഡയറക്ടേഴ്‌സ് ആഡയില്‍ രാജമൗലി പറഞ്ഞു.
നിര്‍മാതാവ് സ്വപ്ന ദത്ത് ചലസാനി, സംവിധായകരായ ഗൗതം വാസുദേവ് മേനോന്‍, ലോകേഷ് കനകരാജ്, നടനും സംവിധായകന്‍മാരുമായ കമല്‍ ഹാസന്‍, പൃഥ്വിരാജ് എന്നിവരും ഡയറക്ടോഴ്‌സ് ആഡയില്‍ പങ്കെടുത്തിരുന്നു.

‘എല്ലാ ഇന്‍ഡസ്ട്രിക്കും അവരവരുടേതായ ഗുണങ്ങളുണ്ടായിരുന്നു. തമിഴിലെ സംവിധായകര്‍ എപ്പോഴും മറ്റ് ഇന്‍ഡസ്ട്രിയിലെ സംവിധായകരേക്കാളും ടെക്നിക്കലി മുന്നിലണ്. പോപ്പുലര്‍ സിനിമയിലാണ് തെലുങ്കിലെ സംവിധായകര്‍ക്ക് കൂടുതല്‍ മികവ്. ഞങ്ങള്‍ക്ക് പ്രേക്ഷകരുമായി കുറച്ചുകൂടി കണക്ഷനുണ്ട്. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാം. മലയാളം സിനിമയിലാണ് ഏറ്റവും മികച്ച എഴുത്തുകാരുള്ളത്. ഇന്ന് എനിക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് മലയാളത്തിലെ എഴുത്തുകാരോടും അഭിനേതാക്കളോടുമാണ്,’ രാജമൗലി പറഞ്ഞു.

അഭിമുഖത്തിലെ ഈ 10 സെക്കന്റുകള്‍ കേരളത്തില്‍ വൈറലാകുമെന്നായിരുന്നു ഇതിനോടുള്ള പൃഥ്വിരാജിന്റെ പ്രതികരണം. രാജമൗലിയുടെ പ്രതികരണത്തിന് പിന്നാലെ മലയാള സിനിമയെ പറ്റി കമല്‍ ഹാസനും സംസാരിച്ചു.

‘ഞാന്‍ മലയാളം സിനിമയുടെ ആരാധകനാണ്. മലയാളം സിനിമയിലാണ് ഞാന്‍ ട്രെയ്ന്‍ ചെയ്യപ്പെട്ടത്. പക്ഷേ മലയാള സിനിമയില്‍ ഒരു ഡാര്‍ക്ക് പിരിയഡുണ്ടായിരുന്നു. ആ പിരിയഡ് ഒരു നാണക്കേടാണ്. എന്റെ മലയാളം സിനിമക്ക് എന്താണ് സംഭവിച്ചത്, അത് എവിടേക്കാണ് പോവുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. അവര്‍ക്ക് തമിഴ് സിനിമയോടും തെലുങ്ക് സിനിമയോടും മത്സരിക്കണമായിരുന്നു. അതിലൂടെ അവരുടെ പ്രതാപമാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ മനോഹരമായ സിനിമകള്‍ സംഭവിക്കുന്നുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു.

രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണമെന്നാണ് ഡയറക്ടേഴ്‌സ് ആഡയില്‍ പൃഥ്വിരാജ് പറഞ്ഞത്. ‘വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ള ധൈര്യവും വിശ്വാസവും നല്‍കുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Director Rajamouli says that if he is jealous of anyone now, it is Malayalam writers and actors