റോക്കിയുടെ മിക്ക ഡയലോഗുകളും എഴുതിയത് യഷ് തന്നെ; വെളിപ്പെടുത്തി സംവിധായകന്‍
Film News
റോക്കിയുടെ മിക്ക ഡയലോഗുകളും എഴുതിയത് യഷ് തന്നെ; വെളിപ്പെടുത്തി സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th March 2022, 1:24 pm

‘കെ.ജി.എഫ് ചാപ്റ്റര്‍ 2’ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. 2018ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘കെ.ജി.എഫ് ചാപ്റ്റര്‍ 1’ ഇന്ത്യയാകെ ഹിറ്റായിരുന്നു.

ഒന്നാം ഭാഗത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് അതിലെ ഡയലോഗുകളായിരുന്നു. ചിത്രത്തിലെ നാടകീയത നിറഞ്ഞ എന്നാല്‍ ജനകീയമായ ഡയലോഗുകള്‍ ഇപ്പോഴും ട്രോളുകളിലും മീമുകളിലും കാണാറുണ്ട്. രണ്ടാം ഭാഗത്തിലും ഇത്തരത്തിലുള്ള മാസ് ഡയലോഗുകള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം രണ്ടാം ഭാഗത്തില്‍ റോക്കിയുടെ മിക്ക ഡയലോഗുകളും യഷ് തന്നെയാണ് എഴുതിയിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ വെച്ചാണ് പ്രശാന്ത് ഈ കാര്യം പറഞ്ഞത്.

മാര്‍ച്ച് 27നാണ് കെ.ജി.എഫിന്റെ ട്രെയ്‌ലര്‍ മലയാളം ഉള്‍പ്പെടെയുള്ള അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്തത്. ബെംഗളൂരില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചില്‍ യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍, ശ്രിനിഥി ഷെട്ടി, പൃഥ്വിരാജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് ചടങ്ങിന്റെ അവതാരകനായത്. ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. 2020 ല്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം പലതവണ മാറ്റിവെച്ചിരുന്നു.

കഥയുടെ വിവരണം കൊണ്ടും, ആക്ഷന്‍ സീക്വന്‍സുകള്‍ കൊണ്ടും, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രശംസ നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘കെ.ജി.എഫ് ചാപ്റ്റര്‍ 1’ അന്നത്തെ എല്ലാ ഇന്ത്യന്‍ സിനിമാ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. കെ.ജി.എഫ് ചാപ്റ്റര്‍ 2, ആദ്യ ഭാഗം നേടിയ റെക്കോര്‍ഡുകളെ മറികടക്കുമെന്നാണ് സിനിമാപ്രേമികള്‍ അവകാശപ്പെടുന്നത്.

സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടന്‍, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ എത്തുന്നത്. കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ. രവി ബസ്രൂര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlight: Director Prashant Neil has revealed that most of Rocky’s dialogues are written by Yash himself