അടുത്ത സിനിമ പ്രണവിനൊപ്പമല്ല, ഭാവിയില്‍ ആഗ്രഹിക്കുന്നു: ഫേസ്ബുക്ക് പോസ്റ്റുമായി മാത്തുക്കുട്ടി സേവ്യര്‍
Film News
അടുത്ത സിനിമ പ്രണവിനൊപ്പമല്ല, ഭാവിയില്‍ ആഗ്രഹിക്കുന്നു: ഫേസ്ബുക്ക് പോസ്റ്റുമായി മാത്തുക്കുട്ടി സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd July 2022, 3:21 pm

തന്റെ അടുത്ത ചിത്രം പ്രണവ് മോഹന്‍ലാലിനൊപ്പമല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍. എന്നാല്‍ അദ്ദേഹത്തിനൊപ്പം ഭാവിയില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മാത്തുക്കുട്ടി പറഞ്ഞു.

മാത്തുക്കുട്ടിയുടെ അടുത്ത ചിത്രം പ്രണവിനൊപ്പമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

 

‘എന്റെ അടുത്ത സിനിമ പ്രണവ് മോഹന്‍ലാലിനൊപ്പമല്ല എന്ന് വ്യക്തമാക്കാനാണ് ഈ പോസ്റ്റ്. ഭാവിയില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. എന്നാല്‍ എന്റെ അടുത്ത പ്രോജക്ട് പ്രണവിനൊപ്പമല്ല. ആ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി,’ മാത്തുക്കുട്ടി കുറിച്ചു.

ഹെലന്‍ എന്ന മാത്തുക്കുട്ടിയുടെ ആദ്യചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും മാത്തുക്കുട്ടിക്ക് ലഭിച്ചു. 2019ല്‍ പുറത്ത് വന്ന ചിത്രത്തില്‍ അന്ന ബെന്നായിരുന്നു നായിക.

 

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ഹൃദയമാണ് ഒടുവില്‍ റിലീസ് ചെയ്ത പ്രണവിന്റെ ചിത്രം. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തില്‍ നായികമാര്‍.

Content Highlight: Director Mathukutty Xavier clarified that his next film is not with Pranav Mohanlal