ആ കരച്ചില്‍ രംഗം ചെയ്യാന്‍ കലാഭവന്‍ മണിക്ക് എതിര്‍പ്പുണ്ടായിരുന്നു; ഞാന്‍ നിര്‍ബന്ധം പിടിച്ചു: ലാല്‍ ജോസ്
അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ വൈകാരികമായ കരച്ചില്‍ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. കലാഭവന്‍ മണിക്ക് ആ രംഗത്തോട് എതിര്‍പ്പുണ്ടായിരുന്നെന്നും അത്രയും ഓവറായിട്ടുള്ള സീന്‍ ഇപ്പോഴത്തെ സിനിമകളില്‍ ഉണ്ടാകില്ലല്ലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരിയുടെ ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകായിരുന്നു ലാല്‍ ജോസ്.
‘പട്ടാളം എന്ന സിനിമക്കു ശേഷം പത്ത് വര്‍ഷത്തെ ഇടവേളയെടുത്താണ് കലാഭവന്‍ മണി എന്റെ സിനിമയായ അയാളും ഞാനും തമ്മില്‍ അഭിനയിക്കുന്നത്. മണിയുടെ അടുത്തുപോയി കഥയും കഥാപാത്രമെല്ലാം പറഞ്ഞ് ഇഷ്ടപ്പെട്ടത് കൊണ്ടുതന്നെയാണ് അദ്ദേഹം സംസാരിച്ചത്. ആ ഷൂട്ടിങിനിടയില്‍ അദ്ദേഹത്തിന്റെ അമ്മ കുറച്ച് സീരിയസായി ഹോസ്പിറ്റലിലായിരുന്നു. അതുകാരണം മണി ഒന്ന് വീട്ടില്‍ പോയിരുന്നു
അടുത്ത സീന്‍ രാത്രിയിലെ ആ ട്രാഫിക്ക് ബ്ലോക്കില്‍ പൃഥ്വിരാജ് കുടുങ്ങി പോകുന്ന സീനാണ്. അവിടെ മണിയുടെ കഥാപാത്രം എസ്.ഐ പുരുഷോത്തമന്‍ രവി തരകനെ തടയുന്നതും അതുകാരണം അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട വിവാഹം മുടങ്ങി പോവുകയും ചെയ്യുന്നതാണ്.
ആ സീന്‍ ചെയ്യാന്‍ മണി വരുന്നത് കാണുന്നില്ല. ഒരുപാട് വൈകിയാണ് വന്നത്. മാത്രമല്ല അദ്ദേഹത്തിന് എന്തോ ബുദ്ധിമുട്ടുള്ളതു പോലെയുണ്ടായിരുന്നു. അടുത്തതായി എടുക്കേണ്ട സീന്‍ അദ്ദേഹം രവി തരകന്റെ കാലിന്‍ വീണ് കരയുന്നതാണ്.
ആ സീന്‍ അദ്ദേഹത്തിന് കുറച്ച് പ്രശ്‌നമുണ്ടായിരുന്നു. അത്രയും ഓവറായിട്ടുള്ള സീനൊന്നും ഇപ്പോഴതെ സിനിമകളിലുണ്ടാകില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. അത് എന്നോട് പറയുകയും ചെയ്തു.
അദ്ദേഹത്തിന് ആ സീനിനോട് ഒരു എതിര്‍പ്പ് ഉണ്ടായിരുന്നു എന്നത് എനിക്കപ്പോഴാണ് മനസിലാകുന്നത്. ഇപ്പോഴത്തെ സിനിമകളില്‍ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറില്ല, പക്ഷെ ഈ സിനിമയില്‍ ആ സീന്‍ ഉണ്ട് എന്ന് ഞാനും പറഞ്ഞു.
എന്റെ സിനിമയില്‍ എസ്.ഐ പുരുഷോത്തമന്‍ മകളുടെ ജീവനുവേണ്ടി രവി തരകന്റെ കാലില്‍ വീണ് കരയുകയും മാപ്പ് പറയുകയും ചെയ്യും എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോഴാണ് മണി ആ സീന്‍ ചെയ്തത്. ഈ സീന്‍ ആ സിനിമയിലെ ഏറ്റവും നല്ല സീനുകളിലൊന്നായിരുന്നു’, ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Director laljose about kalabhavan mani