ദൃശ്യം വേണോ വേണ്ടയോ എന്ന സംശയത്തില്‍ മീന നിന്നപ്പോള്‍ 'ഞാന്‍ സംസാരിക്കാടാ' എന്നാണ് മമ്മൂക്ക പറഞ്ഞത്: ജീത്തു ജോസഫ്
Film News
ദൃശ്യം വേണോ വേണ്ടയോ എന്ന സംശയത്തില്‍ മീന നിന്നപ്പോള്‍ 'ഞാന്‍ സംസാരിക്കാടാ' എന്നാണ് മമ്മൂക്ക പറഞ്ഞത്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th November 2023, 2:34 pm

മമ്മൂട്ടിയെ പറ്റി സംസാരിക്കുന്ന സംവിധായകന്‍ ജീത്തു ജോസഫിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. ദൃശ്യത്തിലേക്ക് വരണോ വേണ്ടയോ എന്ന സംശയത്തില്‍ മീന നില്‍ക്കുമ്പോള്‍ അവരോട് സംസാരിക്കാന്‍ മമ്മൂട്ടി തയാറായെന്ന് ജീത്തു പറഞ്ഞു. എവിടെ വെച്ച് കണ്ടാലും വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്നും ഒപ്പം പടം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ജീത്തു പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ദൃശ്യത്തിനായി മീനയെ കാണാന്‍ ഞാന്‍ ചെന്നപ്പോള്‍ അവിടെ മമ്മൂക്ക ഉണ്ടായിരുന്നു. മീന വേണോ വേണ്ടയോ എന്നാലോചിച്ച് നിന്നപ്പോള്‍ ‘ഞാന്‍ പറയാടാ’ എന്നാണ് മമ്മൂക്ക പറഞ്ഞത്. വളരെ ബഹുമാനത്തോടെയാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്.

കാര്യം അദ്ദേഹത്തോട് ഞാന്‍ രണ്ടുമൂന്ന് പടത്തിന്റെ കഥ പറഞ്ഞിട്ടും നടന്നില്ല. അദ്ദേഹത്തിനൊപ്പം ഒരു പടം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അത് അദ്ദേഹത്തിനും അറിയാം. ഞാന്‍ മെസേജ് അയച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹത്തോട് ഭയങ്കര ഇഷ്ടവും സ്‌നേഹവുമാണ്. എവിടെ വെച്ച് കണ്ടാലും എന്താടാ എന്ന് ചോദിക്കും.

കൊവിഡിന് മുമ്പ് റാമിന്റെ ലൊക്കേഷന്‍ നോക്കാന്‍ പോയപ്പോള്‍ അവിടെ മമ്മൂക്കയുടെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. കഥയൊക്കെ മമ്മൂക്ക ചോദിച്ചു. ഞാന്‍ കഥ പറഞ്ഞു. ഇന്റര്‍നാഷണല്‍ ആണല്ലേ എന്നാണ് മമ്മൂക്ക പറഞ്ഞത്. ഭയങ്കര കൗതുകവും ആകാംക്ഷയും സ്‌നേഹവുമൊക്കെയുള്ള ആളാണ്. പുറമേ പരുക്കനായി തോന്നുമെങ്കിലും ആള് ഒരു പാവമാണ്,’ ജീത്തു പറഞ്ഞു.

നേരാണ് ഇനി റിലീസിനൊരുങ്ങുന്ന ജീത്തു ജോസഫ് ചിത്രം. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഡിസംബര്‍ ഇരുപത്തിയൊന്നിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. പ്രിയാമണി നായികയാവുന്ന ചിത്രത്തില്‍ സിദ്ദീഖ്, ജഗദീഷ്, അനശ്വര രാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യു വര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, രമാദേവി, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Director Jeethu Joseph’s video talking about Mammootty is gaining attention