ഇത്ര വെറൈറ്റിയായി ഒരു സംവിധായകനും നിര്‍മാതാവിന്റെ അടുത്ത് കഥ പറഞ്ഞു കാണില്ല; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബിബിന്‍ കൃഷ്ണ
Film News
ഇത്ര വെറൈറ്റിയായി ഒരു സംവിധായകനും നിര്‍മാതാവിന്റെ അടുത്ത് കഥ പറഞ്ഞു കാണില്ല; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബിബിന്‍ കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th March 2022, 5:50 pm

അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. സിനിമയുടെ പ്രീവ്യൂയ്ക്ക് പിന്നാലെ ചിത്രത്തിന്റെ റിലീസിനായാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ നിര്‍മാതാവായ റിനീഷിനോട് കഥ പറയാന്‍ ചെന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ബിബിന്‍ കൃഷ്ണ. സംവിധായകര്‍ സാധാരണ ചെയ്യുന്നതുപോലെ ചിത്രത്തിന്റെ കഥ നരേറ്റ് ചെയ്യുകയായിരുന്നില്ല, പകരം മറ്റൊരു രീതിയിലാണ് അദ്ദേഹത്തോട് കഥ പറഞ്ഞതെന്നുമാണ് ബിബിന്‍ പറയുന്നത്.

‘കഥ അദ്ദേഹത്തോട് പറയുന്നതിന് മുമ്പായി വ്യക്തമായ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞിരുന്നു. വളരെ കുറഞ്ഞ ചിലവില്‍ 21 ഗ്രാംസിന്റെ ഒരു ട്രെയ്‌ലര്‍ കട്ട് പോലെ പ്രധാന സീന്‍സ് മാത്രം നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ഷൂട്ട് ചെയ്തു. അതാണ് റിനീഷിനെ കാണിക്കുന്നത്,’ ബിബിന്‍ പറയുന്നു.

സിനിമയില്‍ മുന്‍പരിചയമില്ലാത്ത തന്റെ സിനിമയ്ക്ക് എന്തിന് ഇന്‍വെസ്റ്റ് ചെയ്യണം എന്ന ചോദ്യത്തിനുള്ള തന്റെ ഉത്തരമായിരുന്നു ഇതെന്നും ബിബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ഇതുവരെ ഒന്ന് രണ്ട് ഷോര്‍ട്ട് ഫിലിം ചെയ്തു എന്നല്ലാതെ വേറെ ആരെയെങ്കിലും അസിസ്റ്റ് ചെയ്യുകയോ മറ്റു സിനിമകളില്‍ വര്‍ക്ക് ചെയ്യുകയോ ചെയ്തിട്ടില്ല.

അതുകൊണ്ടുതന്നെ ഏതൊരു പ്രൊഡ്യൂസറും ചിന്തിക്കും എന്തിന് ഞാന്‍ ഈ സിനിമ ചെയ്യണം, എന്തിന് ഞാന്‍ ഇതിനുവേണ്ടി ഇന്‍വെസ്റ്റ് ചെയ്യണം എന്നൊക്കെ.

അതിന് എന്റെ കയ്യില്‍ ഒരു ഉത്തരം വേണം. അങ്ങനെയാണ് അതിലെ പ്രധാന കുറച്ചു സീന്‍സ് നമുക്ക് ഷൂട്ട് ചെയ്യാം എന്നുള്ള ഒരു തീരുമാനത്തിലെത്തുന്നത്,’ സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

മികച്ച പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ വ്യൂ ഷോയ്ക്ക് ലഭിച്ചിരുന്നത്. ചിത്രം മികച്ച ത്രില്ലറാണെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. അടുത്ത കാലത്ത് ഇങ്ങനെയൊരു സസ്പെന്‍സ് ത്രില്ലര്‍ ഇറങ്ങിയിട്ടില്ലെന്നായിരുന്നു പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.

ഭൂരിഭാഗം ആളുകളും ചിത്രത്തിന്റെ ക്ലൈമാക്സ് മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. എന്‍ഗേജിംഗ് ആയ മികച്ച ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസെന്ന് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നു. അവതാരകനും നടനുമായ ജീവ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അഭിനേതാക്കള്‍ പ്രിവ്യൂ ഷോ കാണാന്‍ എത്തിയിരുന്നു.

മാര്‍ച്ച് 18നാണ് 21 ഗ്രാംസ് റിലീസ് ചെയ്യുന്നത്. ഡി.വൈ.എസ്.പി നന്ദകുമാര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നതിന് പിന്നാലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് അടക്കമുള്ളവര്‍ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.

മലയാളത്തിന്റെ പ്രമുഖ താരങ്ങള്‍ക്കൊപ്പം, യുവതാരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും 21 ഗ്രാംസിനുണ്ട്.

ദ ഫ്രണ്ട് റോ പ്രൊഡക്ഷന്റെ ബാനറിലാണ് 21 ഗ്രാംസ് ഒരുങ്ങുന്നത്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്.

ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്.

CONTENT HIGHLIGHT: DIRECTOR BIBIN KRISHNA ABOUT HOW HE NARRATED THE STORY TO THE PRODUCER