സില്‍ക്ക് സ്മിതയുണ്ടെങ്കില്‍ ഷൂട്ടിനായി പള്ളി വിട്ടുതരില്ലെന്ന് പുരോഹിതന്‍ പറഞ്ഞു; ഞാന്‍ ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: ഭദ്രന്‍
Entertainment news
സില്‍ക്ക് സ്മിതയുണ്ടെങ്കില്‍ ഷൂട്ടിനായി പള്ളി വിട്ടുതരില്ലെന്ന് പുരോഹിതന്‍ പറഞ്ഞു; ഞാന്‍ ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു: ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th November 2022, 3:51 pm

സ്ഫടികം സിനിമയില്‍ സില്‍ക്ക് സ്മിത അഭിനയിക്കുന്നത് കൊണ്ട് ഷൂട്ടിങ്ങിന് പള്ളി വിട്ട് തരില്ലായെന്ന് ഒരു പുരോഹിതന്‍ പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ ഭരതന്‍. സില്‍ക്ക് സ്മിത അഭിനയിച്ചാല്‍ അത് മോശം സിനിമയായിരുക്കുമെന്ന് കരുതിയിട്ടാണ് പുരോഹിതന്‍ അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് സിനിമയുടെ കഥ പറഞ്ഞ് കൊടുത്തിട്ടാണ് ഷൂട്ട് ചെയ്യാന്‍ അച്ഛന്‍ സമ്മതിച്ചത് എന്നും, ഇതൊക്കെ എല്ലാ കാലത്തും ഇങ്ങനെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫടികം സിനിമയുടെ റീ റിലീസിന് മുമ്പ് നടത്തിയ പ്രസ് മീറ്റിലാണ് ഭദ്രന്‍ ഇക്കാര്യം പറഞ്ഞത്.

‘സ്ഫടികം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ക്ക് ഒരു പള്ളി ആവശ്യമായിരുന്നു. അങ്ങനെ ഒരു പള്ളി കണ്ടുപിടിച്ച് അവിടെ ചെന്നു. എന്നാല്‍ പള്ളി തരാന്‍ പറ്റില്ലെന്ന് അവിടത്തെ വികാരി പറഞ്ഞു. അതിന്റെ കാരണം സിനിമയില്‍ സില്‍ക്ക് സ്മിതയുള്ളതായിരുന്നു. എനിക്ക് അത്ഭുതം തോന്നി. ഒരു പുരോഹിതന്‍ എന്നോട് പറയുകയാണ് നമുക്ക് പള്ളിയില്‍ സില്‍ക്ക് സ്മിതയെ കയറ്റാന്‍ പറ്റില്ലെന്ന്.

ശരിക്കും ഇതാണ് നിങ്ങള്‍ ചോദിക്കേണ്ട ചോദ്യം. ഞാന്‍ അച്ഛനോട് ചോദിച്ചു എന്തുകൊണ്ട് പള്ളിയില്‍ സില്‍ക്ക് സ്മിത കയറാന്‍ പാടില്ലായെന്ന്. ഓ അത് വേണ്ട അങ്ങനെ വന്നാല്‍ പള്ളിയില്‍വെച്ച് എന്തെങ്കിലും മോശപ്പെട്ട സീനൊക്കെ എടുക്കും. അത് എങ്ങനെ അച്ഛന് പറയാന്‍ പറ്റുമെന്ന് ഞാന്‍ വീണ്ടും ചോദിച്ചു.

ഒരിക്കലും അച്ഛന് അങ്ങനെ പറയാന്‍ പറ്റില്ല. കാരണം ഈ സിനിമ അങ്ങനത്തെ സിനിമയല്ലെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ അച്ഛനോട് ഞാന്‍ ആ സിനിമയുടെ കഥ ചുരുക്കി പറഞ്ഞു. അപ്പോള്‍ അച്ഛന് ആ കഥ ഇഷ്ടപ്പെട്ടു. ഒടുവില്‍ സമ്മതിക്കുകയും ചെയ്തു. സില്‍ക്ക് സ്മിതക്ക് ഉണ്ടായിരുന്ന ഒരു ഇമേജ് ഉണ്ടല്ലോ, അതുവെച്ചിട്ടാണ് അച്ഛന്‍ സിനിമയെ വിലയിരുത്തിയത്.

എന്നാല്‍ ഞാന്‍ അത് തിരുത്തി കൊടുത്തു. അങ്ങനെയാണ് ആ സിനിമ അവിടെ ഷൂട്ട് ചെയ്തത്. അതൊക്കെ എല്ലാ കാലത്തും അങ്ങനെ തന്നെയുണ്ടാവും,’ ഭദ്രന്‍ പറഞ്ഞു.

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. പ്രേക്ഷക പ്രിയമായ ചിത്രത്തിലെ മോഹന്‍ലാലിന്റെ ‘ആടുതോമ’ എന്ന കഥാപാത്രം ഇപ്പോഴും ആഘോഷിക്കപ്പെടുന്നുണ്ട്. 2023ലാണ് സ്ഫടികം റീ റിലീസ് ചെയ്യുന്നത്. ഒരു ഫേസ്ബുക്ക് പേസ്റ്റിലൂടെ മോഹന്‍ലാലാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്.

content highlight: director bhadran talks about silk smitha