മോഹന്‍ലാലിനല്ല കുഴപ്പം, അദ്ദേഹത്തിലേക്ക് വരുന്ന കഥകള്‍ക്കാണ്, നൈസര്‍ഗികമായ പ്രതിഭയോടെയാണ് അദ്ദേഹം ജനിച്ചത്: ഭദ്രന്‍
Film News
മോഹന്‍ലാലിനല്ല കുഴപ്പം, അദ്ദേഹത്തിലേക്ക് വരുന്ന കഥകള്‍ക്കാണ്, നൈസര്‍ഗികമായ പ്രതിഭയോടെയാണ് അദ്ദേഹം ജനിച്ചത്: ഭദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th November 2022, 11:17 pm

മോഹന്‍ലാലിലേക്ക് നല്ല കഥകള്‍ കടന്നുചെല്ലാത്തതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നമെന്ന് സംവിധായകന്‍ ഭദ്രന്‍. നല്ല കഥകള്‍ കിട്ടിയാല്‍ അദ്ദേഹം പഴയ മോഹന്‍ലാലാവുമെന്നും തിരിച്ചുവരുമെന്നും ഭദ്രന്‍ പറഞ്ഞു. സ്ഫടികത്തിന്റെ റീറിലീസിനോടനുബന്ധിച്ചുള്ള പ്രസ് മീറ്റിലാണ് ഭദ്രന്റെ പ്രതികരണം.

‘മോഹന്‍ലാല്‍ എന്ന നടനല്ല കുഴപ്പം. മോഹന്‍ലാലിന്റെ കൂടെ കൂടുന്ന കഥകള്‍ക്കാണ് കുഴപ്പം. അദ്ദേഹം ഇന്നും മോഹന്‍ലാല്‍ തന്നെയാണ്. ആ ഒരു പ്രതിഭ, അത് നൈസര്‍ഗികമായി പുള്ളിക്ക് ജനിച്ചപ്പോള്‍ തന്നെ കിട്ടിയതാണ്. അത് ട്യൂണ്‍ ചെയ്ത് എടുത്തതൊന്നുമല്ല. ചെയ്യുമ്പോഴുള്ള ഒരു ഈസ് ഉണ്ടല്ലോ. മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തമായി ലാലിനുള്ള പ്രത്യേകത, കഥ പറയുന്ന സിറ്റുവേഷനില്‍ തന്നെ പുള്ളിയുടെ മനസില്‍ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാവുന്നുണ്ട്. ആ കെമിസ്ട്രി എന്താണെന്ന് പുള്ളിക്ക് പോലും ഡിഫൈന്‍ ചെയ്യാന്‍ കഴിയുന്നുമില്ല. പുള്ളി ആ കെമിസ്ട്രിക്ക് അനുസരിച്ച് അങ്ങനെ ബിഹേവ് ചെയ്യുകയാണ്.

അന്നത്തെ മോഹന്‍ലാല്‍ ഇപ്പോഴുമുണ്ട്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ കടന്നുചെല്ലുന്നില്ലെന്നാണ്. നല്ല കണ്ടന്റ് ഓറിയന്റഡായ കഥകള്‍ കടന്നുചെന്നാല്‍ തീര്‍ച്ചയാവും മോഹന്‍ലാല്‍ പഴയ മോഹന്‍ലാലാവും. കുറെ ശബ്ദവും ബഹളവും ഒച്ചയും അടിയും പിടിയും കാണിക്കുന്നതല്ല സിനിമ. അത് തിരിച്ചറിയണമല്ലോ. കഥയും കൊണ്ടുചെല്ലുന്ന ആളുകളും ഇത് മനസിലാക്കണം.

കഥയില്‍ എവിടെയെങ്കിലും രണ്ടോ മൂന്നോ സാധനങ്ങള്‍ ഹൃദയത്തെ പിഞ്ചണം. അങ്ങനെയുള്ള കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് കണ്ടന്റ് ഓറിയന്റഡായ സിനിമയായി മാറും. അങ്ങനത്തെ സിനിമകള്‍ കടന്നുചെല്ലാത്തത് തന്നെയാണ് കുഴപ്പം. അല്ലാതെ അദ്ദേഹത്തിന് എന്താണ് കുഴപ്പം. അത് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവും. എല്ലാത്തിനും ഒരു സമയമുണ്ടാവുമല്ലോ. അതിനനുസരിച്ച് പുള്ളി മാറും. അതിനനുസരിച്ച് തിരുത്തുകയും ചെയ്യും,’ ഭദ്രന്‍ പറഞ്ഞു.

ഡോള്‍ബി അറ്റ്‌മോസില്‍ 4കെ ദൃശ്യമികവോടെയാണ് സ്ഫടികം വീണ്ടും റിലീസിന് ഒരുങ്ങുന്നത്. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളില്‍ നിര്‍മാണ് ചിലവുമായാണ് സ്ഫടികം ഫോര്‍ കെ പതിപ്പ് എത്തുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത്.

Contentb Highlight: Director Bhadran says that Mohanlal’s current problem is that good stories are not reaching him