തലയും ദളപതിയും ഫാന്‍ ഫൈറ്റുകള്‍ ആസ്വദിക്കുന്നവരാണ്; സംവിധായകന്‍ ബാല
Entertainment news
തലയും ദളപതിയും ഫാന്‍ ഫൈറ്റുകള്‍ ആസ്വദിക്കുന്നവരാണ്; സംവിധായകന്‍ ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th December 2022, 11:58 am

 

വിജയ്,അജിത്ത് എന്നീ താരങ്ങള്‍ ഫാന്‍ ഫൈറ്റുകളില്‍ നേരിട്ട് ഇടപെടാറില്ലെങ്കിലും, അത്തരം തര്‍ക്കങ്ങള്‍ ആസ്വദിക്കുന്നവരാണെന്ന് തമിഴ് സംവിധായകന്‍ ബാല. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘വിജയ്, അജിത് എന്നീ താരങ്ങള്‍ നേരിട്ട് മത്സരത്തില്‍ ഇടപെടാറില്ല. എന്നാല്‍ ഉറപ്പായും അവരുടെ ചുറ്റിനും നില്‍ക്കുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വിജയ്ക്ക് ഒരു ആരാധക കൂട്ടമുണ്ട്. ഉറപ്പായും അജിത്തിനും അത്തരത്തിലൊരു ആരാധക പിന്തുണയുണ്ട്.

അതുകൊണ്ട് തന്നെ വിജയ് പുതിയൊരു സിനിമയുമായി വരുമ്പോള്‍ നമ്മളും അങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആഗ്രഹം അവര്‍ക്ക് ഉണ്ടാകും. തിരിച്ചും അങ്ങനെ തന്നെയാണ് അടുത്ത കൂട്ടരും പെരുമാറുന്നത്. എന്നാല്‍ ഇതല്ല യഥാര്‍ത്ഥ പ്രശ്‌നം.

ഈ നടക്കുന്ന മത്സരങ്ങളും തര്‍ക്കങ്ങളുമൊക്കെ വിജയും അജിത്തും മാറി നിന്ന് ആസ്വാദിക്കുന്നു എന്നതാണ്. ഇത് സത്യം തന്നെയാണ്, ഒരു മാറ്റവുമില്ല. അല്ലെങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കു. ഒരാള്‍ തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയാല്‍ പിന്നാലെ തന്നെ മറ്റേയാളും ഇറക്കുന്നു.

ഒരു പക്ഷെ താരങ്ങള്‍ മനപൂര്‍വം ചെയ്യുന്നതായിരിക്കില്ല. എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവര്‍ രണ്ടുപേരും നന്നായി രസിക്കുന്നുണ്ട്. അതാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തെളിയിക്കുന്നത്. ഇത് പണ്ട് മുതലേ തന്നെയുണ്ട്. എന്നാല്‍ ഇപ്പോഴാണ് കൂടുതല്‍ തെളിഞ്ഞ് കാണുന്നത്.നമ്മള്‍ കണ്ടല്ലോ രണ്ടുപേരുടെയും പടങ്ങള്‍ ഒരു ദിവസം റിലീസാകാന്‍ പോകുന്നത്,’ ബാല പറഞ്ഞു.

തെന്നിന്ത്യയില്‍ വളരെ ആരാധക പിന്തുണയുള്ള രണ്ട് താരങ്ങളാണ് അജിത്തും വിജയും. ഇരുവരുടെയും അടുത്ത ചിത്രങ്ങളായ തുണിവും വാരിസും ഒരേ സമയമാണ് തിയേറ്ററിലെത്തുക എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് തമിഴ്‌നാട്ടില്‍ തുണിവിന്റെ വിതരണവും വാരിസിന്റെ അവതരണവും ഏറ്റെടുത്തിരിക്കുന്നത്.

2014ലാണ് ഇതിനുമുമ്പ് തിയേറ്ററില്‍ വിജയ്-അജിത് ചിത്രങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയത്. ജില്ലയും വീരവുമായിരുന്നു അന്ന് മത്സരിച്ച ചിത്രങ്ങള്‍. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം വാരിസില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന തുണിവില്‍ . മഞ്ജു വാര്യരാണ് നായിക.

 

 

content highlight: director bala talking about vijay and ajith