വിനീതല്ലാതെ മറ്റാര് ഹൃദയം സംവിധാനം ചെയ്താലും അരുണിന് കുട്ടിയുണ്ടാകുന്നിടത്ത് സിനിമ നിര്‍ത്തും: ബി. ഉണ്ണികൃഷ്ണന്‍
Film News
വിനീതല്ലാതെ മറ്റാര് ഹൃദയം സംവിധാനം ചെയ്താലും അരുണിന് കുട്ടിയുണ്ടാകുന്നിടത്ത് സിനിമ നിര്‍ത്തും: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th March 2022, 11:59 am

വിനീത് ശ്രീനിവാസനെ പോലെ പ്രേക്ഷകനെ കൃത്യമായിട്ട് മനസിലാക്കി സിനിമ പുറത്തിറക്കുന്നവര്‍ വളരെ കുറച്ചേ ഉള്ളൂവെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. വിനീതിന്റെ സിനിമകളെല്ലാം വന്‍വിജയങ്ങളാണെന്നും ആ സ്ഥാനത്ത് വേറെ ഏതെങ്കിലും സംവിധായകരാണെങ്കില്‍ സിനിമ എഡിറ്റ് ചെയ്ത് കുറക്കാന്‍ നോക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിനോടായിരുന്നു അദ്ദേഹം വിനീതിനെ പറ്റി പറഞ്ഞത്.

‘വിനീത് ബ്രില്യന്റാണ്. സ്‌പെഷ്യല്‍ ആയിട്ടുള്ള വ്യക്തിയാണ്. അവന്റെ എല്ലാ സിനിമകളും വന്‍വിജയമാണ്. വിനീതിനെ പോലെ പ്രേക്ഷകനെ കൃത്യമായിട്ട് മനസിലാക്കി സിനിമ പുറത്തിറക്കുന്നവര്‍ വളരെ കുറച്ചേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. വിനീതിന്റെ സ്ഥാനത്ത് വേറൊരു സംവിധായകനാണെങ്കില്‍ സിനിമ എഡിറ്റ് ചെയ്യാന്‍ നോക്കും.

ഞങ്ങളില്‍ പല സംവിധായകരും പ്രണവിന്റെ കഥാപാത്രത്തിന് കുട്ടി ഉണ്ടായി ദര്‍ശനയെ വിളിച്ച സീന്‍ കഴിയുമ്പോള്‍ സിനിമ തീര്‍ന്നു എന്ന് പറഞ്ഞു. എന്നാല്‍ ദര്‍ശനയുടെ കല്യാണത്തിലേക്ക് സിനിമ നീളുകയാണ് ചെയ്യുന്നത്. അതുകഴിഞ്ഞ് അയാള്‍ കാമ്പസിലേക്ക് തിരിച്ചുപോവുന്നുണ്ട്. പലരും അവിടെ കട്ട് ചെയ്യാന്‍ നോക്കും. പക്ഷേ ഇത് വര്‍ക്ക് ചെയ്യുമെന്നുള്ളത് വിനീതിന് അറിയാമായിരുന്നു,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘വിനീതിന് കീഴില്‍ വര്‍ക്ക് ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളെ ഹാന്‍ഡില്‍ ചെയ്യുന്നത്, സിനിമയിലെ സംഗീതം, എല്ലാത്തിനെ പറ്റിയും കൃത്യമായ ധാരണയുണ്ട്. പിന്നെ എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമാണ് വിനീതിനെ.

അനിയനെ പോലെ കൂടെകൊണ്ടുനടക്കാന്‍ ഇഷ്ടമുള്ള ഒരാളാണ്. വിനീത് ഇനിയും വിജയകരമായ സിനിമകള്‍ ഉണ്ടാക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: director b unnikrishnan says there are very few people like Vineeth Sreenivasan who understand the audience accurately