ജവാന്‍ ഓസ്‌കാറിനയക്കണം, ഞാന്‍ ഷാരൂഖ് സാറിനോട് സംസാരിക്കാന്‍ പോവുകയാണ്: അറ്റ്‌ലി
Film News
ജവാന്‍ ഓസ്‌കാറിനയക്കണം, ഞാന്‍ ഷാരൂഖ് സാറിനോട് സംസാരിക്കാന്‍ പോവുകയാണ്: അറ്റ്‌ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th September 2023, 8:02 am

ജവാന്‍ ഓസ്‌കാര്‍ വേദിയിലേക്കെത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ അറ്റ്‌ലി. എല്ലാം ശരിയാവുകയാണെങ്കില്‍ അത് സംഭവിക്കുമെന്നും ഇതിനെ പറ്റി ഷാരൂഖ് ഖാനോട് സംസാരിക്കുമെന്നും അറ്റ്‌ലി പറഞ്ഞു. ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജവാന്‍ തീര്‍ച്ചയായും ഓസ്‌കാറില്‍ മത്സരിക്കണം. ഞാന്‍ അതിനെ പറ്റി ഷാരൂഖ് ഖാനോട് സംസാരിക്കാന്‍ പോവുകയാണ്. എല്ലാം ശരിയായി വരികയാണെങ്കില്‍ ജവാന്‍ ഓസ്‌കാറിന് പോകണം. സിനിമയില്‍ ജോലി ചെയ്യുന്ന എല്ലാവരും, എല്ലാ സംവിധായകരുടേയും എല്ലാ ടെക്‌നീഷ്യന്മാരുടേയും കണ്ണ് ഗോള്‍ഡന്‍ ഗ്ലോബിലേക്കും ഓസ്‌കാറിലേക്കും ദേശീയ അവാര്‍ഡിലേക്കുമാണ്.

അതുകൊണ്ട് തീര്‍ച്ചയായും ജവാന്‍ ഓസ്‌കാറിനയക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നമുക്ക് നോക്കാം. ഷാരൂഖ് സാര്‍ ഈ ഇന്റര്‍വ്യൂ കാണുകയും വായിക്കുകയും ചെയ്യുമെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഈ സിനിമ ഓസ്‌കാറിനായി കൊണ്ടുപോകണമെന്നും പറയും,’ അറ്റ്‌ലി പറഞ്ഞു.

അതേസമയം 859 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ഇതുവരെ ജവാന്‍ നേടിയത്. 11 ദിവസം കൊണ്ടാണ് ഇത്രയും കളക്ഷന്‍ ജവാന്‍ നേടിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ ഇത്ര വലിയ തുക കളക്ഷനായി നേടുന്ന ഇന്ത്യന്‍ സിനിമ എന്ന റെക്കോഡും ജവാന്‍ സ്വന്തമാക്കി.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചത്. നയന്‍താര നായികയായ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, വിദ്ധി ദോശ, ലെഹര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

Content Highlight: Director Atlee wants to bring Jawaan to Oscar stage