ബുദ്ധിമാന്‍ സീതി ഹാജിയുടെ മകന് അടിയന്തര ചികിത്സ വേണം; വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍, മണിക്ക് പിന്തുണയുമായി ജിയോ ബേബിയും
Entertainment news
ബുദ്ധിമാന്‍ സീതി ഹാജിയുടെ മകന് അടിയന്തര ചികിത്സ വേണം; വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍, മണിക്ക് പിന്തുണയുമായി ജിയോ ബേബിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd June 2022, 10:53 am

മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറിനെ വിമര്‍ശിച്ച് സംവിധായകന്‍ അനുരാജ് മനോഹര്‍.

‘വംശീയത മഹാവ്യാധിയാണ്,
ബുദ്ധിമാന്‍ സീതി ഹാജിയുടെ മകന് അടിയന്തര ചികിത്സ വേണം,’ എന്നാണ് അനുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. എം.എം മണിയുടെ ചിത്രം സംവിധായകന്‍ ജിയോ ബേബിയും പങ്കുവെച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പി.കെ. ബഷീറിന്റെ വിവാദ പരാമര്‍ശം.

എം.എം മണിയുടെ ‘കണ്ണും മോറും’ കറുപ്പല്ലേ എന്ന് പറഞ്ഞ പി.കെ. ബഷീര്‍, കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം. മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നുമാണ് അധിക്ഷേപിച്ചത്.

‘കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക്(മുഖ്യമന്ത്രി) പേടി, പര്‍ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. എനിക്കുള്ള പേടി എന്താണെന്നുവെച്ചാല്‍, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് എം.എം. മണി ചെന്നാല്‍ എന്താകും എന്ന് വിചാരിച്ചാണ്. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലെ,’ എന്നായിരുന്നു പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞത്.


പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ബഷീറിന്റെ പരാമര്‍ശം ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷീബ രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പി.കെ. ബഷീര്‍ പറഞ്ഞത് മലപ്പുറത്തെ നാട്ടുഭാഷ ആണന്നാണ് ഷീബ രാമചന്ദ്രന്‍ പറഞ്ഞത്.

‘കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍,’ എന്ന് ഫേസ്ബുക്കില്‍ എഴുതിയാണ് മന്ത്രി വി. ശിവന്‍കുട്ടി എം.എം. മണിക്ക് പന്തുണയറിയിച്ചത്. എം.എം. മണി നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

Content Highlight: Director Anuraj Manohar has criticized Muslim League MLA pk Basheer for insulting mla Mani on the grounds of color