കൃത്യമായി പ്രതിഫലം ലഭിച്ചു, ഇത്തരം വിഷയങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ടെന്ന് അനൂപ് പന്തളം; പോസ്റ്റിന് കമന്റുമായി മിഥുന്‍ രമേശ്
Film News
കൃത്യമായി പ്രതിഫലം ലഭിച്ചു, ഇത്തരം വിഷയങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ടെന്ന് അനൂപ് പന്തളം; പോസ്റ്റിന് കമന്റുമായി മിഥുന്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th December 2022, 8:05 am

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്കോ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കോ നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍ പ്രതിഫലമൊന്നും നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അനൂപ് പന്തളം. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമ എഴുതി സംവിധാനം ചെയ്ത തനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായെന്നും മറ്റു ടെക്നീഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായാണ് തന്റെ അറിവെന്നും അനൂപ് പന്തളം പറഞ്ഞു.

ബാലയെ സിനിമയിലേക്ക് റെക്കമെന്‍ഡ് ചെയ്തത് ഉണ്ണി മുകുന്ദനാണെന്നും സിനിമ വിജയം നേടിയ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരം വിഷയങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അനൂപ് പറഞ്ഞു.

‘നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നീഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായി ആണ് എന്റെ അറിവ്.

അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്‍ഡ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയ്യുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിച്ചതിലും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലുമാണ് ഞങ്ങള്‍. ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്,’ എന്നാണ് അനൂപ് പന്തളം കുറിച്ചത്.

അനൂപിന്റെ പോസ്റ്റിന് ചിത്രത്തിലൊരു കഥാപാത്രത്തെ അവതരിപ്പിച്ച മിഥുന്‍ രമേശും കമന്റ് ചെയ്തിട്ടുണ്ട്. ‘നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഇത് ഒരു ആവശ്യമില്ലാത്ത വിവാദമായി പോയി,’ എന്നാണ് മിഥുന്‍ രമേശ് കമന്റ് ചെയ്തത്.

പ്രതിഫലം നല്‍കാതെ സിനിമയുടെ നിര്‍മാതാവ് കൂടിയായ ഉണ്ണിമുകുന്ദന്‍ കബളിപ്പിച്ചുവെന്നാണ് ബാലയുടെ ആരോപണം. അമ്മ സംഘടനയുടെ പ്രതിനിധിയായ ഇടവേള ബാബുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പരാതിപ്പെടാനാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എവിടെയും പരാതിപ്പെടാന്‍ താന്‍ തയ്യാറല്ലെന്നും ഇത് സ്വയം മനുഷ്യന്‍ തിരിച്ചറിയേണ്ട വസ്തുതയാണെന്നും ബാല പറയുന്നു. പ്രതിഫലം കിട്ടിയില്ല എന്ന പരാതിയുള്ള ക്യാമറാമാന്‍ എല്‍ദോ ഐസക്കിനെ ഫോണില്‍ വിളിച്ച് സംസാരിപ്പിച്ചുകൊണ്ടായിരുന്നു ബാല പ്രതികരിച്ചത്.

 

തനിക്കും പ്രതിഫലം നല്‍കിയിട്ടില്ല എങ്കിലും താന്‍ അത് കാര്യമാക്കുന്നില്ല. എന്നാല്‍ പാവപ്പെട്ട ടെക്നിഷ്യന്‍മാര്‍ക്ക് പ്രതിഫലം നല്‍കാത്തത് വളരെ മോശം രീതിയാണ്. പടം വലിയ വിജയമായി നല്ല രീതിയില്‍ വിറ്റഴിച്ചു. നല്ല കച്ചവടം നടന്നിട്ട് ബാക്കി എല്ലാവരേയും മണ്ടന്മാരാക്കുകയായിരുന്നു. സിനിമ വിജയിച്ചപ്പോള്‍ ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം പണം ചെലവാക്കി കാര്‍ വാങ്ങുകയാണ് ഉണ്ണി ചെയ്തത്. സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും ബാല പറഞ്ഞു.

Content Highlight: Director Anoop Pandalam responded to actor Bala’s allegation on unni mukundan