നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ദിനേശ് കാര്‍ത്തിക്;'ബാറ്റിംഗ് ഒക്കെ ഒന്ന് ശരിയാക്കിയിട്ട് വരാം'
Ipl 2020
നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ദിനേശ് കാര്‍ത്തിക്;'ബാറ്റിംഗ് ഒക്കെ ഒന്ന് ശരിയാക്കിയിട്ട് വരാം'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th October 2020, 2:58 pm

ന്യൂദല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. ഇയാന്‍ മോര്‍ഗനാണ് ഇനി നൈറ്റ് റൈഡേഴ്‌സിനെ നയിക്കുക. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്നാണ് ദിനേശ് കാര്‍ത്തിക് അറിയിച്ചത്.

ഈ ഐ.പി.എല്‍ സീസണിലെ ദിനേശ് കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഏഴ് മാച്ചുകള്‍ കളിച്ച നൈറ്റ് റൈഡേഴ്‌സ് നാല് കളിയിലാണ് ജയിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ടീം.

ഐ.പി.എല്‍ സീസണ്‍ ആരംഭിച്ച സമയം മുതല്‍ ദിനേശ് കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിനേശ് കാര്‍ത്തികിന്റെ തീരുമാനങ്ങളാണ് പലപ്പോഴും ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നും ജയിക്കുന്നത് എതിര്‍ ടീമിന്റെ കഴിവുകേടുകൊണ്ട് മാത്രമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണവും നടന്നു. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റായ ഇയാന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ദിനേശ് കാര്‍ത്തിക് ഫോമിലല്ലാത്തതും വിമര്‍ശനത്തിന് ഇടയാക്കി.

ഇതിന് പിന്നാലെയാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന പ്രസ്താവനയുമായി ദിനേശ് കാര്‍ത്തിക് വെള്ളിയാഴ്ച രംഗത്തെത്തിയത്.

ദിനേശ് കാര്‍ത്തികിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്നെന്നായിരുന്നു നൈറ്റ് റൈഡേഴ്‌സിന്റെ പ്രതികരണം.

‘ടീമിന് പ്രഥമസ്ഥാനം നല്‍കുന്ന ഡി.കെയെ പോലെയുള്ള നായകന്മാര്‍ ഉണ്ടായത് ഞങ്ങളുടെ ഭാഗ്യമാണ്. ഇപ്പോള്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ വലിയ ധൈര്യം വേണം. അദ്ദേഹത്തിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ ബഹുമാനിക്കുന്നു.’ നൈറ്റ് റൈഡേഴ്‌സ് സി.ഇ.ഒ വെങ്കി മൈസൂര്‍ അറിയിച്ചു.

വൈസ് ക്യാപ്റ്റനായിരുന്ന ഇയാന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തികും മികച്ച രീതില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവരാണെന്നും ഈ റോള്‍ മാറ്റം കൂടുതല്‍ ഗുണകരമാകുമെന്നും നൈറ്റ് റൈഡേഴ്‌സ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dinesh Karthik steps down from KKR Captaincy