ഫിനിഷറുടെ റോളില്‍ സഞ്ജു ഇറങ്ങണം, അവനത് പല കുറി തെളിയിച്ചതാണ്; ഇന്ത്യന്‍ ടീമില്‍ സഞ്ജു വേണമെന്നാവശ്യപ്പെട്ട് ദിനേഷ് കാര്‍ത്തിക്
Sports News
ഫിനിഷറുടെ റോളില്‍ സഞ്ജു ഇറങ്ങണം, അവനത് പല കുറി തെളിയിച്ചതാണ്; ഇന്ത്യന്‍ ടീമില്‍ സഞ്ജു വേണമെന്നാവശ്യപ്പെട്ട് ദിനേഷ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th November 2022, 5:30 pm

വരാനിരിക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ആറാം നമ്പറില്‍ ഇറക്കണമെന്നാവശ്യപ്പെട്ട് വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്. ആറാം നമ്പറില്‍ സഞ്ജു സാംസണ്‍ കഴിവ് തെളിയിച്ച താരമാണെന്നും ദിനേഷ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നു.

ക്രിക് ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേഷ് കാര്‍ത്തിക് ഇക്കാര്യം പറയുന്നത്.

‘ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് വേണം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ ഇറങ്ങും. നാലാം നമ്പറിലും അഞ്ചാം നമ്പറിലും റിഷബ് പന്തും സൂര്യകുമാര്‍ യാദവും നമുക്കൊപ്പമുണ്ട്. ആറാം നമ്പറില്‍ താന്‍ മികച്ച താരമാണെന്ന് സഞ്ജു സാംസണ്‍ ഇതിനോടകം തന്നെ തെളിയിച്ചതാണ്. ഇതിന് ശേഷം അഞ്ച് ബൗളര്‍മാരും ഉണ്ടാകും.

വാഷിങ്ടണ്‍ സുന്ദറിനും ഷര്‍ദുല്‍ താക്കൂറിനും എന്തായാലും അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ശേഷം മൂന്ന് പേസര്‍മാരെയും ഉള്‍പ്പെടുത്താം,’ ദിനേഷ് കാര്‍ത്തിക് പറയുന്നു.

ഇന്ത്യ സൗത്ത് ആഫ്രിക്ക പരമ്പരയിലാണ് സഞ്ജു സാംസണ്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. പരമ്പരയില്‍ ഇന്ത്യയുടെ വിജയത്തില്‍ സഞ്ജുവിന്റെ പങ്ക് ഏറെ നിര്‍ണായകമായിരുന്നു. മൂന്ന് മത്സരത്തില്‍ നിന്നും 116 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇതിന് പുറമെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലും സഞ്ജുവിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. ബാറ്റിങ്ങില്‍ മാത്രമല്ല, വിക്കറ്റ് കീപ്പിങ്ങിലും തിളങ്ങിയായിരുന്നു സഞ്ജു കരുത്ത് കാട്ടിയത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരക്കുള്ള ടീമിലും താരം ഇടം നേടിയിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. നവംബര്‍ 25ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ ആദ്യ ഏകദിനത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതെയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ തന്റെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടി-20 പരമ്പരക്ക് സ്‌ക്വാഡ് തെരഞ്ഞെടുത്തതിന് സമാനമായി ഏകദിന പരമ്പരയിലും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയാണ് ജാഫര്‍ തന്റെ ഏകദിന ടീമും പ്രഖ്യാപിച്ചിരിക്കുന്നത്.

ധവാന്റെ ഡെപ്യൂട്ടിയായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പറുടെ റോളിലും പന്ത് തന്നെയാണ്.

ഈഡന്‍ പാര്‍ക്കിലെ ബൗണ്ടറികള്‍ ചെറുതായതിനാല്‍ സ്‌ക്വാഡില്‍ ഒരു റിസ്റ്റ് സ്പിന്നറെ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജാഫര്‍ വിശദീകരിക്കുന്നു. ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ കാമിയോ ഇന്നിങ്സുകള്‍ ഗ്രൗണ്ടില്‍ നിര്‍ണായകമാകുമെന്നും താരം പറയുന്നു.

വസീം ജാഫറിന്റെ പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

 

Content Highlight: Dinesh Karthik says Sanju Samson should bat at number 6