ഏഴ് കളിയില്‍ അഞ്ച് സെഞ്ച്വറി, 752 റണ്‍സ്, എന്നിട്ടും കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടില്ലെന്ന് ദിനേഷ് കാര്‍ത്തിക്
Sports News
ഏഴ് കളിയില്‍ അഞ്ച് സെഞ്ച്വറി, 752 റണ്‍സ്, എന്നിട്ടും കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടില്ലെന്ന് ദിനേഷ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th January 2025, 10:30 am

വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനമായി മുന്നേറുന്ന സൂപ്പര്‍ താരം കരുണ്‍ നായരിന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന് സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്.

കരുണ്‍ നായര്‍ വളരെ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും എന്നാല്‍ ഇതിനോടകം തന്നെ ഇന്ത്യയുടെ ടീം ഏതാണ്ട് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

 

‘കരുണ്‍ നായര്‍, നിന്റെ പ്രകടനം കാണുന്നത് തന്നെ മനോഹരമാണ്. മായങ്ക് അഗര്‍വാളും മികച്ച ഫോമിലാണ് തുടരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഏകദിന സെറ്റപ്പ് ഏതാണ്ട് തീരുമാനിക്കപ്പെട്ട സമയത്താണ് ഈ പ്രകടനങ്ങളെല്ലാം വരുന്നത് എന്നതാണ് ഇതില്‍ പ്രധാനം. കാര്യമായ മാറ്റങ്ങളൊന്നും നേരത്തെ തീരുമാനിക്കപ്പെട്ട ടീമില്‍ ഉണ്ടായേക്കില്ല.

കരുണ്‍ നായരിനെ ടീമിന്റെ ഭാഗമാക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. ഈ സംഭാഷണത്തിന്റെ ഭാഗമാകാനുള്ള അവകാശം അവന്‍ നേടിയെടുത്തിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ കാര്‍ത്തിക് പറഞ്ഞു.

‘എന്നിരുന്നാലും അവന്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ അവന്‍ ഇതേ ഫോമില്‍ തുടരുകയാണെങ്കില്‍ എന്തുകൊണ്ട് പറ്റില്ല? പേസിനെതിരെയും സ്പിന്നിനെതിരെയും മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യുന്ന ബാറ്റര്‍, അവനൊരു ഗണ്‍ പ്ലെയറാണ്. അവന്റെ നേട്ടങ്ങളില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്’

 

വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റെടുത്ത ഏഴ് ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറിയുള്‍പ്പടെ 752.00 ബാറ്റിങ് ശരാശരിയില്‍ 752 റണ്‍സാണ് താരം നേടിയത്. ഇതുവരെ ഒരിക്കല്‍ മാത്രമാണ് കരുണ്‍ നായര്‍ ഔട്ടായി മടങ്ങിയത്.

ഉത്തര്‍പ്രദേശിന് മാത്രമാണ് ഇത്തവണ വിദര്‍ഭ നായകന്‍ കൂടിയായ താരത്തിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചത്. എന്നാല്‍ പുറത്താകും മുമ്പേ സെഞ്ച്വറി നേടി ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ കരുണ്‍ ശ്രദ്ധിച്ചിരുന്നു.

ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തമിഴ്നാടിനെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 111 റണ്‍സ് താരം അടിച്ചെടുത്തു. ചണ്ഡിഗഡിനെതിരെ പുറത്താകാതെ 163 റണ്‍സ് നേടിയ താരം ഛത്തീസ്ഗഡിനെതിരെ 44* റണ്‍സും ജമ്മു കശ്മീരീനെതിരെ 112* റണ്‍സും സ്വന്തമാക്കി.

രാജസ്ഥാനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 88 പന്ത് നേരിട്ട താരം പുറത്താകാതെ 122 റണ്‍സാണ് കരുണ്‍ നായര്‍ സ്വന്തമാക്കിയത്.

സെമി ഫൈനലില്‍ മഹാരാഷ്ട്രയെ ആയിരുന്നു കരുണ്‍ നായരിനും വിദര്‍ഭയ്ക്കും നേരിടാനുണ്ടായിരുന്നത്. 69 റണ്‍സിന് വിദര്‍ഭ വിജയിച്ച മത്സരത്തില്‍ 200.00 സ്ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 88 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അതേസമയം, ടൂര്‍ണമെന്റില്‍ കലാശപ്പോരാട്ടത്തിനൊരുങ്ങുകയാണ് കരുണ്‍ നായര്‍. വഡോദര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തന്റെ മുന്‍ ടീമായ കര്‍ണാടകയെയാണ് കരുണിന് നേരിടാനുള്ളത്.

 

Content Highlight: Dinesh Karthik says India will not include Karun Nair in ICC Champions Trophy squad