നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി; ഡില്ലി തിരിച്ചുവരും; കൈദിക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍
new movie
നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി; ഡില്ലി തിരിച്ചുവരും; കൈദിക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2019, 1:06 pm

ചെന്നൈ: കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായ കൈദിയുടെ രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് നല്‍കി സംവിധായകന്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥയായിട്ടാണ് കൈദി അവതരിപ്പിച്ചതെങ്കിലും രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിച്ചിരിക്കുന്നത്.

പത്ത് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായ വ്യക്തിയായിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ മലയാളി താരം നരേനും കാര്‍ത്തിക്കൊപ്പം തുല്യ പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്.

ഹരീഷ് പേരടി, രമണ, ദീന, ജോര്‍ജ് മറിയം,ഹരീഷ് ഉത്തമന്‍, അംസദ്, അര്‍ജ്ജുന്‍ ദാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നായികയോ ഗാനങ്ങളോ ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്ന സിനിമ മികച്ച അനുഭവമാണ് തിയേറ്ററില്‍ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

സാം സി.എസ്. ആണ് സംഗീത സംവിധാനം. ഫിലോമിന്‍ രാജാ എഡിറ്റിംഗും സത്യന്‍ സൂര്യന്‍ ക്യാമറയും കൈകാര്യം ചെയ്ത െൈകദി നിര്‍മ്മിച്ചിരിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റേയും വിവേകാനന്ദ പിക്ചേഴ്സിന്റേയും ബാനറില്‍ എസ്. ആര്‍. പ്രകാശ് ബാബു, എസ്. ആര്‍. പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ്.

വിജയെ നായകനാക്കിയാണ് ലോകേഷ് അടുത്ത ചിത്രം ഒരുക്കുന്നത്. വിജയ് സേതുപതി, ആന്റണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ് ഇപ്പോള്‍.